കൊച്ചി: ഉഷാ ജോസഫുകുട്ടിയുടെ വയറ്റിൽ കുടുങ്ങിയ നിലയിൽ കണ്ടെത്തിയ കത്രിക നീക്കംചെയ്യുന്നതിനുള്ള ശസ്ത്രക്രിയ വിജയകരമായി പൂർത്തിയായി. ശനിയാഴ്ച ഉച്ചയോടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു ശസ്ത്രക്രിയ. പുറത്തെടുത്ത കത്രിക തുടർന്ന് അമ്പലപ്പുഴ ഡിവൈഎസ്പിക്ക് കൈമാറി.
സംഭവം വിവാദമായതും കേസ് രജിസ്റ്റർ ചെയ്തതുമനുസരിച്ച് രണ്ട് സർക്കാർ ഡോക്ടർമാരുടെ സാന്നിധ്യത്തിലായിരുന്നു ശസ്ത്രക്രിയ നടന്നത്. കളമശ്ശേരി ഗവ. മെഡിക്കൽ കോളജിലെ ഡോക്ടർമാരും നടപടിക്കിടെ ഒപ്പമുണ്ടായിരുന്നു. ശസ്ത്രക്രിയയിൽ ഉപയോഗിക്കുന്ന നീളം കൂടിയ, അറ്റം വളഞ്ഞ ആർട്ടറി ഫോഴ്‌സെപ്‌സ് വിഭാഗത്തിലുള്ള കത്രികയാണ് വയറ്റിൽ കണ്ടെത്തിയത്. ഇത് കേസിലെ തൊണ്ടിമുതലായതിനാൽ അന്വേഷണ ഉദ്യോഗസ്ഥർക്കു കൈമാറുകയായിരുന്നു.
ആലപ്പുഴ വണ്ടാനം ഗവ. മെഡിക്കൽ കോളജിൽ 2021 മേയ് 10ന് ഗർഭാശയം നീക്കംചെയ്യുന്ന ശസ്ത്രക്രിയയ്ക്ക് വിധേയയായ പുന്നപ്ര സ്വദേശിനിയായ 51കാരി ഉഷയ്ക്ക് പിന്നീട് നിരന്തരമായ വയറുവേദന അനുഭവപ്പെട്ടു. മൂത്രത്തിൽ രക്തസാന്നിധ്യവും ശ്രദ്ധയിൽപ്പെട്ടതോടെ വിവിധ പരിശോധനകൾ നടത്തിയെങ്കിലും കാരണം കണ്ടെത്താനായില്ല.
ഒടുവിൽ, ആലപ്പുഴയിലെ യൂറോളജി വിദഗ്ധന്റെ നിർദേശപ്രകാരം എടുത്ത എക്‌സ്‌റേ പരിശോധനയിലാണ് വയറ്റിൽ കത്രികയുള്ളതായി വ്യക്തമായത്. തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി. വിവരം പുറത്തുപറയരുതെന്ന നിർദേശം ചില ഡോക്ടർമാർ നൽകിയെന്നാരോപിച്ച് ബന്ധുക്കൾ രംഗത്തെത്തി.
സംഭവവുമായി ബന്ധപ്പെട്ട് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയ ഗൈനക്കോളജി വിഭാഗത്തിലെ അസോസിയേറ്റ് പ്രൊഫസർ ഡോ. ജെ. ഷാഹിദയെയും നഴ്‌സ് പി.എസ്. ധന്യയെയും മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ സസ്‌പെൻഡ് ചെയ്തു. 2021ലെ ശസ്ത്രക്രിയയിൽ ഒമ്പത് അംഗസംഘമാണ് പങ്കെടുത്തിരുന്നത്. സീനിയർ റസിഡന്റ്, പി.ജി ഡോക്ടർ, അനസ്‌തേഷ്യ വിഭാഗത്തിലെ മൂന്ന് ഡോക്ടർമാർ, മൂന്ന് നഴ്‌സുമാർ എന്നിവരും സംഘത്തിലുണ്ടായിരുന്നു. ശസ്ത്രക്രിയയ്ക്ക് മുമ്പും ശേഷവും ഉപകരണങ്ങൾ മുഴുവനായും പരിശോധിച്ചതായി ചികിത്സാരേഖകളിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
ഉഷയുടെ വയറ്റിൽ കുടുങ്ങിയ കത്രിക അഞ്ചുവർഷത്തിന് ശേഷം പുറത്തെടുത്തു; ശസ്ത്രക്രിയ വിജയകരം
