താരിഫ് തടഞ്ഞ കോടതി വിധിക്കു പിന്നാലെ ഉണര്‍വ് പ്രകടമാക്കി ഓഹരി വിപണി

താരിഫ് തടഞ്ഞ കോടതി വിധിക്കു പിന്നാലെ ഉണര്‍വ് പ്രകടമാക്കി ഓഹരി വിപണി


വാഷിംഗ്ടണ്‍: യു എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് നടപ്പാക്കിയ താരിഫുകള്‍ സുപ്രിം കോടതി റദ്ദാക്കിയതിനെ തുടര്‍ന്ന് വെള്ളിയാഴ്ച വാള്‍ സ്ട്രീറ്റില്‍ ഓഹരി വിപണി കുതിച്ചു. കോണ്‍ഗ്രസിന്റെ വ്യക്തമായ അനുമതിയില്ലാതെ താരിഫ് ചുമത്തിയത് അധികാരപരിധി ലംഘിച്ചതാണെന്ന് കോടതി 6- 3 ഭൂരിപക്ഷത്തോടെയാമ് വിധിച്ചത്. 

സുപ്രിം കോടതി വിധി വന്നതിന് പിന്നാലെ ഡോ ജോണ്‍സ് ഇന്‍ഡസ്ട്രിയല്‍ ശരാശരി 207.03 പോയിന്റ് ഉയര്‍ന്ന് 49602.19 ആയി. 

എസ് ആ്ന്റ് പി 500 33.44 പോയിന്റ് (0.52 ശതമാനം) നേട്ടത്തോടെ 6,895.33 ആയി. നാസ്ഡാക് കോംപോസൈറ്റ് 153.93 പോയിന്റ് (0.68 ശതമാനം) ഉയര്‍ന്ന് 22,836.66 ആയി.

താരിഫ് ബാധിത കമ്പനികളായ നൈക്, അബര്‍ക്രോംബി ആന്റ് ഫിച്ച് ഉള്‍പ്പെടെ ഗതാഗത മേഖലയിലെ ഓഹരികള്‍ ശ്രദ്ധേയമായി ഉയര്‍ന്നു. യൂറോപ്യന്‍ വാഹന കമ്പനികളുടെ ഓഹരികളും ദക്ഷിണ കൊറിയ മുതല്‍ ഇന്ത്യ വരെയുള്ള വിപണികളില്‍ ലിസ്റ്റ് ചെയ്ത യു എസ് ഓഹരികളും നേട്ടം രേഖപ്പെടുത്തി.

യു എസ് ട്രഷറി ബോണ്ടുകളുടെ യീല്‍ഡുകള്‍ വിവിധ കാലാവധികളില്‍ ഉയര്‍ന്നു. വീടുവായ്പ പലിശ നിരക്കുകളുമായി അടുത്ത ബന്ധമുള്ള 10 വര്‍ഷ ബോണ്ട് യീല്‍ഡ് 4.096 ശതമാനമായി.  30 വര്‍ഷ ട്രഷറി യീല്‍ഡ് 4.74 ശതാനമായി ഉയര്‍ന്നു.

യു എസ് ഡോളര്‍, ബ്രിട്ടീഷ് പൗണ്ട്, യൂറോ, ജാപ്പനീസ് യെന്‍ എന്നിവയ്ക്കെതിരെ ശക്തിപ്പെട്ടു. കോടതി വിധിയെ നിക്ഷേപകര്‍ അനുകൂലമായി സ്വീകരിച്ചതിന്റെ സൂചനയാണിത്.

2025 ഏപ്രില്‍ 2ന് ലിബറേഷന്‍ ഡേയില്‍ ട്രംപ് 10 ശതമാനം അടിസ്ഥാന താരിഫ് എല്ലാ ഇറക്കുമതികള്‍ക്കും പ്രഖ്യാപിച്ചിരുന്നു. ചില രാജ്യങ്ങള്‍ക്ക് 15 ശതമാനം മുതല്‍ 50 ശതമാനം വരെ അധിക തീരുവയും ചുമത്തിയിരുന്നു. പിന്നീട് ചിലത് കുറച്ചെങ്കിലും ആയിരക്കണക്കിന് കമ്പനികള്‍ ഈ താരിഫുകള്‍ക്കെതിരെ കോടതിയെ സമീപിക്കുകയും ഇതിനകം അടച്ച തീരുവകള്‍ തിരികെ ലഭിക്കണമെന്നാവശ്യപ്പെടുകയും ചെയ്തിരുന്നു.

സുപ്രിം കോടതി വിധിയോടെ ആഗോള വ്യാപാര രംഗത്ത് വലിയ ആശ്വാസമാണ് ഉണ്ടായിരിക്കുന്നത്.