ഇസ്രായേലുമായി പ്രതിരോധ സഹകരണത്തിന് പുതിയ അധ്യായം; ആന്റിബാലിസ്റ്റിക് മിസൈൽ പ്രതിരോധത്തിൽ ഇന്ത്യയുടെ നീക്കം

ഇസ്രായേലുമായി പ്രതിരോധ സഹകരണത്തിന് പുതിയ അധ്യായം; ആന്റിബാലിസ്റ്റിക് മിസൈൽ പ്രതിരോധത്തിൽ ഇന്ത്യയുടെ നീക്കം


ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ഇസ്രായേൽ സന്ദർശനത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യ-ഇസ്രായേൽ പ്രതിരോധ സഹകരണം പുതിയ ഉയരങ്ങളിലേക്ക് നീങ്ങുന്നു. ഫെബ്രുവരി 25-26 തീയതികളിലായി നടക്കുന്ന രണ്ടുദിവസത്തെ സന്ദർശനത്തിന് മുന്നോടിയായി, ആന്റിബാലിസ്റ്റിക് മിസൈൽ പ്രതിരോധ സംവിധാനം, ഹൈടെക് ലേസർ ആയുധങ്ങൾ, ദീർഘദൂര മിസൈലുകൾ, ഡ്രോണുകൾ എന്നിവയുടെ സംയുക്ത വികസന സാധ്യതകൾ ഇന്ത്യ പരിശോധിക്കുകയാണ്.

സുരക്ഷാ സഹകരണത്തെ കുറിച്ചുള്ള ധാരണാപത്രത്തിൽ ഇരു രാജ്യങ്ങളും ഒപ്പുവെക്കുമെന്നാണ് സൂചന. എന്നാൽ പ്രത്യേക പ്രതിരോധ കരാറുകൾ ഈ സന്ദർശനത്തിൽ ഒപ്പിടില്ല. ഇതിനകം തന്നെ ഏകദേശം 10 ബില്യൺ ഡോളർ വിലമതിക്കുന്ന പ്രതിരോധ സഹകരണം ഇരു രാജ്യങ്ങൾക്കുമിടയിൽ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.

പ്രതിരോധ സെക്രട്ടറി ആർ.കെ. സിംഗ് കഴിഞ്ഞ നവംബറിൽ നടത്തിയ ഇസ്രായേൽ സന്ദർശനത്തിനിടെ വികസിത പ്രതിരോധ സഹകരണത്തിന് അടിസ്ഥാനം ഒരുക്കിയിരുന്നു. അതിന്റെ തുടർച്ചയായാണ് ആന്റിബാലിസ്റ്റിക് മിസൈൽ പ്രതിരോധത്തിൽ സംയുക്ത പ്രവർത്തനം ചർച്ചയാകുന്നത്. പ്രധാനമന്ത്രി പ്രഖ്യാപിച്ച 'മിഷൻ സുദർശൻ' പദ്ധതിയുടെ ഭാഗമായാണ് ഈ നീക്കം. രാജ്യത്തിന്റെ അന്തർഭാഗങ്ങളെ ശത്രുരാജ്യങ്ങളുടെ ദീർഘദൂര മിസൈലുകളിൽനിന്ന് സംരക്ഷിക്കുക എന്നതാണ് ലക്ഷ്യം.

ആന്റിബാലിസ്റ്റിക് മിസൈൽ രംഗത്ത് ഇസ്രായേൽ മുൻനിര രാജ്യമാണ്. ദീർഘദൂര 'ആരോ', മധ്യദൂര 'ഡേവിഡ് സ്ലിംഗ്', ഹ്രസ്വദൂര 'അയേൺ ഡോം' എന്നീ സംവിധാനങ്ങൾ ഇതിനുദാഹരണമാണ്. കഴിഞ്ഞ ജൂണിൽ ഇറാനിൽനിന്ന് വന്ന ബാലിസ്റ്റിക് മിസൈലുകളുടെ ഭൂരിഭാഗവും തടഞ്ഞുവെന്ന അവകാശവാദവും ഇസ്രായേൽ നടത്തിയിട്ടുണ്ട്.

ഇതോടൊപ്പം, ശത്രുരാജ്യങ്ങളുടെ വ്യോമ പ്രതിരോധ വലയത്തിന് പുറത്തുനിന്ന് തന്നെ ആക്രമണം നടത്താൻ കഴിയുന്ന ദീർഘദൂര മിസൈലുകളും ലൊയിറ്ററിംഗ് അമ്മ്യൂണിഷനും ഇന്ത്യ സ്വന്തമാക്കാൻ ആലോചിക്കുന്നു. 'ഓപ്പറേഷൻ സിന്ദൂർ' സമയത്ത് ഇന്ത്യ ഉയോഗിച്ച റാംപേജ് മിസൈൽ, ഹാർപ്പി, ഹാരോപ് തുടങ്ങിയ സംവിധാനങ്ങൾ ശ്രദ്ധേയമായിരുന്നു. ഈ വിഭാഗത്തിൽ 'സ്‌പൈസ് 1000', 'എയർ ലോര', 'ഐസ് ബ്രേക്കർ' മിസൈൽ സംവിധാനങ്ങൾ ഉൾപ്പെടെയുള്ള ആയുധങ്ങൾ ഇന്ത്യ പരിഗണിക്കുന്നുണ്ട്.

നാവികസേനയ്ക്ക് വേണ്ടി വിപുലമായ ദൂരപരിധിയുള്ള ബാരാക് സർഫേസ് ടുഎയർ മിസൈൽ സംവിധാനവും ഇന്ത്യ പരിശോധിക്കുന്നു. ശത്രുവിന്റെ വ്യോമമിസൈൽ ആക്രമണങ്ങളിൽനിന്ന് യുദ്ധക്കപ്പലുകളെ സംരക്ഷിക്കുകയാണ് ലക്ഷ്യം.

ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി പ്രധാനമന്ത്രി മോഡിക്ക് അടുത്ത ബന്ധമുണ്ട്. ഭീകരവിരുദ്ധ നിലപാടുകളിൽ ഇരു രാജ്യങ്ങളും ഏകകണ്ഠമായ നിലപാടാണ് സ്വീകരിക്കുന്നത്. പ്രതിരോധം മാത്രമല്ല, ശാസ്ത്രസാങ്കേതികം, കൃഷി, കുടിവെള്ളം, ക്വാണ്ടം കമ്പ്യൂട്ടിംഗ് തുടങ്ങിയ മേഖലകളിലും ചർച്ചകൾ നടക്കും.

ഇന്ത്യ-ഇസ്രായേൽ ബന്ധം കൂടുതൽ ശക്തിപ്പെടുന്ന സന്ദർശനമായി ഇത് വിലയിരുത്തപ്പെടുന്നു.