സുപ്രീംകോടതി വിധിക്കെതിരെ ട്രംപും വാൻസും; 'വിദേശ സ്വാധീനം' ആരോപിച്ച് കടുത്ത വിമർശനം

സുപ്രീംകോടതി വിധിക്കെതിരെ ട്രംപും വാൻസും; 'വിദേശ സ്വാധീനം' ആരോപിച്ച് കടുത്ത വിമർശനം


വാഷിംഗ്ടൺ: യുഎസ് പ്രസിഡന്റുമാരുടെ പ്രത്യേക അവകാശമായി കോൺഗ്രസ് അനുവദിച്ചിരുന്ന ഇറക്കുമതി തീരുവ നിർണായാധികാരം പരിമിതപ്പെടുത്തിയ സുപ്രീംകോടതി നടപടിക്കെതിരെ കടുത്ത വിമർശനവുമായി പ്രസിഡന്റ് ഡോണൾഡ് ട്രംപും വൈസ് പ്രസിഡന്റ് ജെ.ഡി വാൻസും. 

പ്രസിഡന്റുമാർക്ക് ഇറക്കുമതികളെ 'നിയന്ത്രിക്കാൻ' കോൺഗ്രസ് അധികാരം നൽകിയിരുന്നെങ്കിലും, അതിനെ അടിസ്ഥാനപ്പെടുത്തി തീരുവ ചുമത്താൻ സാധിക്കില്ലെന്ന നിലപാടാണ്  അമേരിക്കൻ സുപ്രീംകോടതി സ്വീകരിച്ചതെന്നാണ് ഭരണകൂടത്തിന്റെ ആരോപണം. ഈ വിധി അമേരിക്കൻ വ്യവസായങ്ങളെയും വിതരണ ശൃംഖലയെയും സംരക്ഷിക്കുന്ന ഭരണകൂട നടപടികൾക്ക് തിരിച്ചടിയാകുമെന്ന് വൈസ് പ്രസിഡന്റ് ജെ. ഡി. വാൻസ് പറഞ്ഞു. കോടതി ഉത്തരവ് 'നിയമലംഘനത്തിന് തുല്യം' ആണെന്നും അദ്ദേഹം വിമർശിച്ചു.

സുപ്രീംകോടതി 'വിദേശ താൽപര്യങ്ങളുടെ സ്വാധീനത്തിൽപ്പെട്ടിരിക്കുന്നു' എന്ന ഗുരുതര ആരോപണം വെള്ളിയാഴ്ച വൈറ്റ് ഹൗസിൽ നടത്തിയ വാർത്താസമ്മേളനത്തിൽ പ്രസിഡന്റ് ട്രംപ് ഉന്നയിച്ചു. ചിലർക്ക് കോടതിയിൽ അനാവശ്യ സ്വാധീനം ഉണ്ടെന്നും, അത് ഭയത്തിലൂടെയോ സൗഹൃദത്തിലൂടെയോ ആണോ എന്നറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

തീരുവയ്‌ക്കെതിരെ വോട്ട് ചെയ്ത ജഡ്ജിമാർ ഭരണഘടനയോടുള്ള വിശ്വസ്തത പുലർത്തുന്നില്ലെന്നും 'അമേരിക്കയോട് കൂറോ സ്‌നേഹമോ ഇല്ലാത്തവർ ' ആണെന്നും ട്രംപ് വിമർശിച്ചു. എന്നാൽ, കോടതിയിൽ വിദേശ സ്വാധീനം ഉണ്ടെന്നതിന് തെളിവുണ്ടോ എന്ന ചോദ്യത്തിന് അദ്ദേഹം വ്യക്തമായ മറുപടി നൽകിയില്ല.

അതേസമയം, പ്രസിഡന്റിന് മറ്റ് നിയമപരമായ തീരുവാധികാരങ്ങൾ നിലവിലുണ്ടെന്നും, അമേരിക്കൻ തൊഴിലാളികളുടെ താൽപര്യം സംരക്ഷിക്കാൻ അവ ഉപയോഗിക്കുമെന്നും ട്രംപ് വ്യക്തമാക്കി. ആവശ്യമായാൽ ചില രാജ്യങ്ങളോട് പൂർണ വ്യാപാരനിരോധനം (എംബാർഗോ) വരെ പ്രഖ്യാപിക്കാൻ തനിക്ക് അധികാരമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ട്രംപിന്റെയും വാൻസിന്റെയും പ്രതികരണങ്ങളോടെ സുപ്രീംകോടതി വിധിയെ തുടർന്ന് അമേരിക്കയിലെ വ്യാപാരനയവുമായി ബന്ധപ്പെട്ട ഉയർന്ന രാഷ്ട്രീയ വിവാദം കൂടുതൽ രൂക്ഷമാകുകയാണ്.