ട്രംപിന്റെ തീരുവയ്ക്ക് തിരിച്ചടി; സുപ്രീംകോടതിയിൽ നിയമ പോരാട്ടത്തിന് മുഖമായി നീൽ കത്യാൽ

ട്രംപിന്റെ തീരുവയ്ക്ക് തിരിച്ചടി; സുപ്രീംകോടതിയിൽ നിയമ പോരാട്ടത്തിന് മുഖമായി നീൽ കത്യാൽ


വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ച വ്യാപകമായ ആഗോള തീരുവകൾക്ക് സുപ്രീംകോടതി തിരിച്ചടി നൽകിയതിന് പിന്നാലെ, നിയമ പോരാട്ടത്തിന് നേതൃത്വം നൽകിയ ഇന്ത്യൻ വംശജനായ അഭിഭാഷകൻ നീൽ കത്യാൽ ശ്രദ്ധാകേന്ദ്രമാകുന്നു.

ഫെബ്രുവരി 20ന് വെള്ളിയാഴ്ച നൽകിയ വിധിയിൽ, ട്രംപ് ഭരണകൂടം ഉപയോഗിച്ചിരുന്ന 1977ലെ അന്താരാഷ്ട്ര അടിയന്തര സാമ്പത്തികാധികാര നിയമ( International Emergency Economic Powers Act ) പ്രകാരമുള്ള തീരുവാധികാരത്തെ യുഎസ് സുപ്രീംകോടതി  ചോദ്യം ചെയ്തു. ട്രംപിന്റെ രണ്ടാം കാലയളവിൽ ഉണ്ടായ പ്രധാന തിരിച്ചടികളിലൊന്നായാണ് ഈ വിധിയെ വിലയിരുത്തുന്നത്.

'പ്രസിഡൻസിയെ കുറിച്ചുള്ള കേസ്, ഒരു വ്യക്തിക്കെതിരെയുള്ളത് അല്ല'

വ്യാപാര കുറവും ഫെന്റനിൽ പ്രതിസന്ധിയും ദേശീയ അടിയന്തരാവസ്ഥയായി കണക്കാക്കി തീരുവ ഏർപ്പെടുത്തിയതാണെന്നാണ് ട്രംപ് ഭരണകൂടം വാദിച്ചത്. എന്നാൽ, കോൺഗ്രസ് അംഗീകാരം കൂടാതെ നികുതി ചുമത്തുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് കത്യാൽ സുപ്രീംകോടതിയിൽ വാദിച്ചു.

'ഞങ്ങൾ ആവശ്യപ്പെട്ടതെല്ലാം സുപ്രീംകോടതി നൽകി. ഇത് ഒരാൾക്കെതിരായ കേസ് അല്ല; അധികാര വിഭജനത്തെ കുറിച്ചുള്ളതാണ്,' വിധിക്ക് ശേഷം കത്യാൽ പ്രതികരിച്ചു. 'അമേരിക്കയിൽ നികുതി ചുമത്താനുള്ള അധികാരം കോൺഗ്രസിനാണ്. പ്രസിഡന്റ് ശക്തനായിരിക്കാം, പക്ഷേ ഭരണഘടന അതിലും ശക്തമാണ്,' എന്നും അദ്ദേഹം പറഞ്ഞു.

ആരാണ് നീൽ കത്യാൽ?

ഷിക്കാഗോയിൽ ഇന്ത്യൻ കുടിയേറ്റ മാതാപിതാക്കൾക്ക് ജനിച്ച കത്യാൽ, അമേരിക്കയിലെ പ്രധാന ഭരണഘടനാ കേസുകളിൽ സജീവമായ അഭിഭാഷകനാണ്.  ഡാർട്ട് മൗത്ത് കോളെജ് , യോൽ ലോ കൊഴെജ് എന്നിവിടങ്ങളിൽ  പഠനം പൂർത്തിയാക്കിയ അദ്ദേഹം, സുപ്രീംകോടതി ജഡ്ജിയായ സ്റ്റീഫൻ ബ്രെയറിന്റെ ക്ലർക്കായും പ്രവർത്തിച്ചിട്ടുണ്ട്.

2010ൽ പ്രസിഡന്റ് ബരാക് ഒബാമ അദ്ദേഹത്തെ അമേരിക്കയുടെ ആക്ടിങ് സോളിസിറ്റർ ജനറലായി നിയമിച്ചിരുന്നു. ഫെഡറൽ സർക്കാരിന്റെ പ്രധാന അഭിഭാഷകനെന്ന നിലയിൽ 50ത്തിലധികം കേസുകളിൽ സുപ്രീംകോടതിയിൽ വാദിച്ചിട്ടുള്ള അദ്ദേഹം, രാജ്യത്തെ പ്രമുഖ അപ്പീൽ അഭിഭാഷകരിൽ ഒരാളായാണ് പരിഗണിക്കപ്പെടുന്നത്.

ഇപ്പോൾ  മിൽബാങ്ക് എൽഎൽപി എന്ന നിയമ സ്ഥാപനത്തിലെ പങ്കാളിയും ജോർജ് ടൗൺ യൂണിവേഴ്‌സിറ്റി നിയമ പഠന കേന്ദ്രത്തിലെ പ്രൊഫസറുമാണ്. വോട്ട് അവകാശ നിയമം സംരക്ഷിക്കുന്ന കേസുകളും 2017ൽ ട്രംപ് യാത്രാ നിരോധനം ഏർപ്പെടുത്തിയതിനെ ചോദ്യം ചെയ്ത കേസുകളും ഉൾപ്പെടെ നിരവധി പ്രധാന നിയമ പോരാട്ടങ്ങളിൽ അദ്ദേഹം പങ്കെടുത്തു. കൂടാതെ, ജോർജ് ഫ്‌ലോയ്ഡ് കേസിൽ മിന്നസോട്ടയിൽ പ്രത്യേക പ്രോസിക്യൂട്ടറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

സുപ്രീംകോടതി വിധിയോടെ ട്രംപ് ഭരണകൂടത്തിന്റെ വ്യാപാര നയങ്ങൾക്ക് വലിയ തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്. അതേസമയം, അധികാര വിഭജനത്തെ കുറിച്ചുള്ള ഭരണഘടനാ ചർച്ചകൾ അമേരിക്കൻ രാഷ്ട്രീയത്തിൽ വീണ്ടും ശക്തമാകുകയാണ്.