ന്യൂഡല്‍ഹി: പാകിസ്താന്റെ അതിര്‍ത്തി കടന്നുള്ള ഭീകരവാദം തുടരുന്ന സാഹചര്യത്തില്‍ സിന്ധു ജല കരാര്‍ മരവിപ്പിച്ച നിലയില്‍ തുടരുമെന്ന് ഇന്ത്യ വീണ്ടും വ്യക്തമാക്കി. ന്യൂഡല്‍ഹിയില്‍ വെള്ളിയാഴ്ച നടന്ന പ്രതിവാര മാധ്യമ സമ്മേളനത്തില്‍ വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ ആണ് ഇന്ത്യയുടെ നിലപാട് ആവര്‍ത്തിച്ചത്.
സിന്ധു ജല കരാറുമായി ബന്ധപ്പെട്ട് ഇന്ത്യയുടെ നിലപാടില്‍ മാറ്റമില്ല. പാകിസ്താന്‍ അതിര്‍ത്തി കടന്നുള്ള ഭീകരവാദത്തിന് തുടര്‍ച്ചയായി പിന്തുണ നല്‍കുന്നതിനാലാണ് കരാര്‍ മരവിപ്പിച്ചിരിക്കുന്നതെന്നും പാകിസ്താന്‍ ഭീകരവാദത്തിനുള്ള പിന്തുണ വിശ്വസനീയമായും ശാശ്വതമായും അവസാനിപ്പിക്കണമെന്നും ജയ്സ്വാള്‍ പറഞ്ഞു.
പാകിസ്താന്‍ പീപ്പിള്‍സ് പാര്‍ട്ടി (പി പി പി) അധ്യക്ഷന്‍ ബിലാവല്‍ ഭൂട്ടോ സര്‍ദാരി സിന്ധു നദി ചര്‍ച്ചാ വിഷയമല്ലെന്നും പാകിസ്താന്റെ ജലാവകാശങ്ങളില്‍ വിട്ടുവീഴ്ചയുണ്ടാകില്ലെന്നും പ്രസ്താവിച്ചതിന് പിന്നാലെയാണ് ഇന്ത്യയുടെ പ്രതികരണം.
ജലാവകാശങ്ങള്‍ ദുര്‍ബലപ്പെടുത്താനുള്ള ഏതൊരു ശ്രമത്തിനും രാജ്യം ഒന്നടങ്കം മറുപടി നല്‍കുമെന്നും പാകിസ്താന്‍ ജനതയുടെ അടിസ്ഥാന അവകാശങ്ങളില്‍ വിട്ടുവീഴ്ച ചെയ്യില്ലെന്നും ബിലാവല്‍ ഭൂട്ടോ പറഞ്ഞിരുന്നു.
ഇതിന് മുമ്പ് പാകിസ്താന്‍ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഇഷാഖ് ദാര്‍ സിന്ധു ജല കരാര്‍ മരവിപ്പിച്ച നില തുടരുകയാണെങ്കില്‍ ഗുരുതര പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു. കരാര്‍ പ്രകാരം പാകിസ്താന് ലഭിക്കേണ്ട ജലവിഹിതം തടയാനുള്ള ഏതൊരു ശ്രമവും ജലത്തെ ആയുധമാക്കുന്നതിന് തുല്യമാണെന്നും അത് മേഖലയിലെ സമാധാനത്തിനും സുരക്ഷയ്ക്കും തിരിച്ചടിയാകുമെന്നും അദ്ദേഹം ആരോപിച്ചിരുന്നു.
2025 ഏപ്രിലില്‍ ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തില്‍ 26 പേര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് ഇന്ത്യ സിന്ധു ജല കരാര്‍ മരവിപ്പിച്ചത്. പാകിസ്താന്‍ അതിര്‍ത്തി കടന്നുള്ള ഭീകരവാദത്തിനുള്ള പിന്തുണ അവസാനിപ്പിക്കുന്നതുവരെ തീരുമാനം തുടരുമെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.
പാകിസ്താനിലെ ഏകദേശം 1.6 കോടി ഹെക്ടര്‍ കാര്‍ഷിക ഭൂമിയുടെ 80 ശതമാനവും സിന്ധു നദീതട ജലസ്രോതസിനെ ആശ്രയിച്ചാണ് കൃഷി നടത്തുന്നത്. രാജ്യത്തെ ആകെ ജല ഉപഭോഗത്തിന്റെ 93 ശതമാനവും ഈ നദീതട വ്യവസ്ഥയിലൂടെയാണ് ലഭിക്കുന്നത്.
