ന്യൂഡല്‍ഹി: റഷ്യന്‍ സൈന്യത്തില്‍ ജോലി ചെയ്യുന്ന ഇന്ത്യന്‍ പൗരന്മാരെ എത്രയും വേഗം തിരിച്ചയക്കണമെന്ന ആവശ്യം ആവര്‍ത്തിച്ച് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം. വ്യാജ തൊഴില്‍ വാഗ്ദാനത്തില്‍ അകപ്പെട്ട് റഷ്യന്‍ സേനയുടെ ഭാഗമായി തൃശൂര്‍ കുട്ടനല്ലൂര്‍ സ്വദേശി ബിനില്‍ ബാബുവിന്റെ മരണത്തെ തുടര്‍ന്നാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് റണ്‍ധീര്‍ ജെയ്‌സ്വാള്‍ പ്രസ്താവന ഇറക്കിയത്.
32കാരനായ ബിനില്‍ കൊല്ലപ്പെട്ടതായും ഒപ്പം പ്രവര്‍ത്തിച്ചു വന്നിരുന്ന ബന്ധുവും തൃശൂര്‍ സ്വദേശിയുമായ 27കാരന്‍ ജയിന്‍ കുര്യന്‍ പരിക്കേറ്റ് മോസ്‌കോയില്‍ ആശുപത്രിയില്‍ ചികിത്സയിലാണെന്നും ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു.
മരിച്ചയാളുടെ കുടുംബത്തെ അഗാധമായ അനുശോചനം അറിയിക്കുന്നതായി വിദേശകാര്യ മന്ത്രാലയം പറഞ്ഞു. മോസ്‌കോയിലെ ഇന്ത്യന്‍ എംബസി കുടുംബങ്ങളുമായി ബന്ധപ്പെടുകയും സാധ്യമായ എല്ലാ സഹായങ്ങളും നല്‍കുകയും ചെയ്തു വരികയാണെന്നും മൃതദേഹം ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി റഷ്യന്‍ അധികൃതരുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുകയാണെന്നും പരിക്കേറ്റ വ്യക്തിയെ നേരത്തെ ഡിസ്ചാര്‍ജ് ചെയ്യാനും ഇന്ത്യയിലേക്ക് തിരിച്ചയയ്ക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.
വിഷയം മോസ്‌കോയിലെ റഷ്യന്‍ അധികാരികളോടും ന്യൂഡല്‍ഹിയിലെ റഷ്യന്‍ എംബസിയോടും ശക്തമായി ഉന്നയിച്ചിട്ടുണ്ട്. ശേഷിക്കുന്ന ഇന്ത്യന്‍ പൗരന്മാരെ തിരിച്ചയയ്ക്കണമെന്ന ആവശ്യവും വീണ്ടും ഉന്നയിച്ചുവെന്നും അധികൃതര്‍ പറഞ്ഞു.