അത്യാധുനിക സാങ്കേതിക വിദ്യയുമായി ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പ് ഗാലക്‌സ്‌ഐയുടെ 'ദൃഷ്ടി' വിക്ഷേപിച്ചു

അത്യാധുനിക സാങ്കേതിക വിദ്യയുമായി ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പ് ഗാലക്‌സ്‌ഐയുടെ 'ദൃഷ്ടി' വിക്ഷേപിച്ചു


കാലിഫോര്‍ണിയ: ബെംഗളൂരു ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പ് ഗാലക്‌സ്‌ഐ വികസിപ്പിച്ച 'ദൃഷ്ടി' ഭൂനിരീക്ഷണ ഉപഗ്രഹം വിജയകരമായി വിക്ഷേപിച്ചു. സ്‌പേസ് എക്‌സിന്റെ ഫാല്‍ക്കണ്‍ 9 റോക്കറ്റിലൂടെയാണ് കാലിഫോര്‍ണിയയില്‍ നിന്ന് ഉപഗ്രഹം ഉയര്‍ത്തിയത്. ലോകത്തിലെ ആദ്യ 'ഓപ്‌റ്റോഎസ്എആര്‍' ഉപഗ്രഹമാണിത് എന്ന് കമ്പനി അവകാശപ്പെട്ടു.

190 കിലോഗ്രാം ഭാരമുള്ള 'മിഷന്‍ ദൃഷ്ടി' ഇന്ത്യയില്‍ സ്വകാര്യമായി വികസിപ്പിച്ച ഏറ്റവും വലിയ ഭൂനിരീക്ഷണ ഉപഗ്രഹമാണെന്ന് കമ്പനി വ്യക്തമാക്കി. ഇലക്ട്രോ ഒപ്റ്റിക്കല്‍ സംവിധാനവും സിന്തറ്റിക് അപ്രചര്‍ റഡാര്‍ (എസ് എ ആര്‍)  സാങ്കേതികവിദ്യയും ഒരേ പ്ലാറ്റ്ഫോമില്‍ സംയോജിപ്പിച്ച ലോകത്തിലെ ആദ്യ ഉപഗ്രഹമാണിത്. ഇതിലൂടെ പകലും രാത്രിയും എല്ലാ കാലാവസ്ഥയിലും ഉയര്‍ന്ന നിലവാരത്തിലുള്ള ചിത്രങ്ങള്‍ ലഭ്യമാക്കാന്‍ സാധിക്കും.

സാധാരണ ഓപ്റ്റിക്കല്‍ ഉപഗ്രഹങ്ങള്‍ക്ക് മേഘാവരണം, ഇരുട്ട് തുടങ്ങിയ സാഹചര്യങ്ങളില്‍ പരിമിതികളുണ്ടെങ്കിലും എസ് എ ആര്‍ ഉപഗ്രഹങ്ങള്‍ക്ക് ഏത് കാലാവസ്ഥയിലും പ്രവര്‍ത്തിക്കാന്‍ കഴിയും. എന്നാല്‍ എസ് എ ആര്‍ ചിത്രങ്ങള്‍ വ്യാഖ്യാനിക്കാന്‍ ബുദ്ധിമുട്ടാണ്. ഈ രണ്ട് സംവിധാനങ്ങളെയും സിങ്ക്ഫ്യൂസ്ഡ് ഓപ്‌റ്റോഎസ്എആര്‍ സാങ്കേതിക വിദ്യയിലൂടെ ഏകോപിപ്പിച്ചതിനാല്‍ ദൃഷ്ടിക്ക് കൂടുതല്‍ വ്യക്തവും ഉപയോഗപ്രദവുമായ ചിത്രങ്ങള്‍ നല്‍കാന്‍ കഴിയും.

സുരക്ഷാ നിരീക്ഷണം, അതിര്‍ത്തി സംരക്ഷണം, ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍, കാര്‍ഷിക മേഖല, അടിസ്ഥാന സൗകര്യ വികസനം, ഇന്‍ഷുറന്‍സ് വിലയിരുത്തല്‍ തുടങ്ങി നിരവധി മേഖലകളില്‍ ഉപഗ്രഹം സഹായകരമാകും.

ഉപഗ്രഹത്തില്‍ എന്‍വിഡിയയുടെ ജെറ്റ്‌സണ്‍ ഒറിന്‍ പ്ലാറ്റ്ഫോം ഉപയോഗിച്ച ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പ്രോസസ്സിംഗും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഭൂമിയിലേക്ക് വന്‍തോതില്‍ ഡാറ്റ അയയ്ക്കുന്നതിന് പകരം ഉപഗ്രഹത്തില്‍ തന്നെ ഭാഗികമായി വിശകലനം നടക്കുന്നതിനാല്‍ സമയ ലാഭം സാധ്യമാകും.

ഏകദേശം 1.5 മീറ്റര്‍ റെസല്യൂഷനില്‍ ചിത്രങ്ങള്‍ നല്‍കാന്‍ കഴിയുന്ന ദൃഷ്ടി ലോകത്തിലെ മികച്ച ഉപഗ്രഹങ്ങളുമായി മത്സരിക്കാന്‍ ലക്ഷ്യമിടുന്നു. നിലവിലുള്ള പല ഇന്ത്യന്‍ എസ് എ ആര്‍ ഉപഗ്രഹങ്ങളുടെയും 5 മീറ്റര്‍ റെസല്യൂഷനുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇത് കൂടുതല്‍ വ്യക്തത നല്‍കുന്നു. ഏകദേശം ഫ്രിഡ്ജിന്റെ വലുപ്പമുള്ള ഉപഗ്രഹത്തില്‍ 3.5 മീറ്റര്‍ നീളമുള്ള ആന്റിനയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

മുന്‍പ് ഡ്രോണ്‍, സെസ്ന വിമാനങ്ങള്‍, ഉയര്‍ന്ന ഉയരത്തിലുള്ള പ്ലാറ്റ്ഫോമുകള്‍ എന്നിവ ഉപയോഗിച്ച് ഏകദേശം 500 പരീക്ഷണ പറക്കലുകള്‍ നടത്തി സാങ്കേതിക വിദ്യ പരിശോധന നടത്തിയതായി കമ്പനി അറിയിച്ചു. ഐ എസ് ആര്‍ ഒയുടെ പി എസ് എല്‍ വി ദൗത്യത്തിലൂടെയും പരീക്ഷണങ്ങള്‍ നടത്തിയിരുന്നു.

അടുത്ത നാല് വര്‍ഷത്തിനുള്ളില്‍ 8 മുതല്‍ 12 വരെ ഉപഗ്രഹങ്ങള്‍ ഉള്‍ക്കൊള്ളുന്ന ശൃംഖല വികസിപ്പിക്കാനാണ് ഗാലക്‌സ്‌ഐയുടെ പദ്ധതി. കൂടുതല്‍ വ്യക്തതയുള്ള ചിത്രങ്ങള്‍ നല്‍കുന്ന പുതിയ പതിപ്പുകളും ലക്ഷ്യമിടുന്നു.

ഐ ഐ ടി മദ്രാസില്‍ ഇന്‍ക്യൂബേറ്റ് ചെയ്ത ഗാലക്‌സ്‌ഐ ഇന്ത്യയുടെ കാലാവസ്ഥാ സാഹചര്യങ്ങള്‍പ്രത്യേകിച്ച് മേഘാവരണം കൂടുതലുള്ള ട്രോപ്പിക്കല്‍ സ്വഭാവംമുന്നില്‍ കണ്ടാണ് ദൃഷ്ടി വികസിപ്പിച്ചതെന്ന് കമ്പനി വ്യക്തമാക്കി. ലോകത്ത് മുമ്പ് പരീക്ഷിക്കാത്ത സാങ്കേതിക വിദ്യയാണിതെന്നും ഭാവിയില്‍ ആഗോള നിലവാരമാകാമെന്നും കമ്പനി സി ഇ ഒ വ്യക്തമാക്കി.