ബ്രിജ് ഭൂഷണെതിരെ ലൈംഗികാരോപണം ഉന്നയിച്ചവരിലൊരാള്‍ താനെന്ന വിനേഷ് ഫോഗട്ട്

ബ്രിജ് ഭൂഷണെതിരെ ലൈംഗികാരോപണം ഉന്നയിച്ചവരിലൊരാള്‍ താനെന്ന വിനേഷ് ഫോഗട്ട്


ന്യൂഡല്‍ഹി: ഗുസ്തി ഫെഡറേഷന്‍ മുന്‍ അധ്യക്ഷന്‍ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരേ ലൈംഗികാരോപണം ഉന്നയിച്ച ആറ് വനിതാ ഗുസ്തി താരങ്ങളില്‍ ഒരാള്‍ താന്‍ തന്നെയാണെന്ന് വെളിപ്പെടുത്തി വിനേഷ് ഫോഗട്ട്. ഗോദയിലേക്കുള്ള തിരിച്ചുവരവിനിടെയാണ് വിനേഷ് ഫോഗട്ട് എക്‌സ് പ്ലാറ്റ്‌ഫോമില്‍ പങ്കുവെച്ച വീഡിയോ സന്ദേശത്തില്‍ ഇക്കാര്യം പറഞ്ഞത്. 

സുപ്രിം കോടതി നിര്‍ദേശപ്രകാരം ഇരകളുടെ പേരുവിവരങ്ങള്‍ പുറത്തുവിടാന്‍ പാടില്ലാത്തതാണെങ്കിലും ചില സാഹചര്യങ്ങള്‍ കാരണം തനിക്ക് ഇക്കാര്യം പറയേണ്ടി വരുന്നുവെന്നും കേസ് കോടതിയുടെ പരിഗണനയിലിരിക്കെ സംസാരിക്കണമെന്നു കരുതിയതല്ലെങ്കിലും പരാതി നല്‍കിയ ആറ് പേരില്‍ ഒരാള്‍ താന്‍ തന്നെയാണെന്നും മൊഴിയെടുപ്പ് ഇപ്പോഴും തുടരുകയാണെന്നും വിനേഷ് ഫോഗട്ട് പറഞ്ഞു. 

മെയ് 10 മുതല്‍ 12 വരെ ഉത്തര്‍പ്രദേശിലെ ഗോണ്ടയില്‍ നടക്കുന്ന നാഷണല്‍ ഓപ്പണ്‍ റാങ്കിങ് ടൂര്‍ണമെന്റില്‍ വിനേഷ് ഫോഗട്ട് മത്സരിക്കാനിരിക്കുകയാണ്. എന്നാല്‍, ബ്രിജ് ഭൂഷന്റെ സ്വാധീന മേഖലയായ ഗോണ്ടയില്‍ മത്സരിക്കുന്നതില്‍ സുരക്ഷാ ഭീഷണിയും മാനസിക സമ്മര്‍ദവുമുണ്ടെന്നും അവര്‍ പറഞ്ഞു. 

ബ്രിജ് ഭൂഷന്റെ തട്ടകത്തില്‍ പോയി മത്സരിക്കുമ്പോള്‍ അവിടെയുള്ള ഓരോ വ്യക്തിയും ബ്രിജ് ഭൂഷനെ പ്രതിനിധീകരിക്കുന്നവരായിരിക്കുമെന്നും അത്തരമൊരു സാഹചര്യത്തില്‍ മാനസിക സമ്മര്‍ദമില്ലാതെ പൂര്‍ണമായ പ്രകടനം കാഴ്ചവയ്ക്കാന്‍ ഒരു പെണ്‍കുട്ടിക്കു കഴിയില്ലെന്നും അവിടെ വച്ച് തനിക്കോ തന്റെ ടീമിനോ എന്തെങ്കിലും സംഭവിച്ചാല്‍ അതിന്റെ പൂര്‍ണ ഉത്തരവാദിത്വം സര്‍ക്കാരിനായിരിക്കുമെന്നും വിനേഷ് ഫോഗട്ട് വ്യക്തമാക്കി.

ഗുസ്തി ഫെഡറേഷനെ നിയന്ത്രിക്കുന്നതു താനാണെന്ന് ബ്രിജ് ഭൂഷണ്‍ ഇപ്പോഴും പരസ്യമായി പറയുന്നുണ്ടെന്നും എന്നാല്‍ സര്‍ക്കാര്‍ നടപടിയെടുക്കുന്നില്ലെന്നും വിനേഷ് കുറ്റപ്പെടുത്തി. താന്‍ ഒരാളെ കൊലപ്പെടുത്തിയിട്ടുണ്ടെന്ന് ക്യാമറയ്ക്ക് മുന്നില്‍ വിളിച്ചുപറഞ്ഞിട്ടും ശിക്ഷിക്കപ്പെട്ടിട്ടില്ലാത്ത ബ്രിജ് ഭൂഷണിന്റെ മാനസികാവസ്ഥ എന്താണെന്നു ചിന്തിക്കാവുന്നതേയുള്ളൂവെന്നും തനിക്ക് പ്രത്യേക പരിഗണനയൊന്നും വേണ്ടെന്നും തീരുമാനം ഗുണ്ടകളുടേതാകരുതെന്നും താരം കൂട്ടിച്ചേര്‍ത്തു.

പാരിസ് ഒളിംപിക്സിനു ശേഷം വിനേഷ് മത്സരിക്കുന്ന ആദ്യ ടൂര്‍ണമെന്റാണിത്. 57 കിലോഗ്രാം വിഭാഗത്തിലാണ് ഇത്തവണ വിനേഷ് ഫോഗട്ട് ഗോദയിലിറങ്ങുന്നത്. ജപ്പാനില്‍ നടക്കുന്ന 2026 ഏഷ്യന്‍ ഗെയിംസിലേക്കുള്ള യോഗ്യത നേടുന്നതില്‍ ഈ ടൂര്‍ണമെന്റ് നിര്‍ണായകമാണ്. പാരിസില്‍ വെള്ളി മെഡല്‍ പോരാട്ടത്തിനു മുന്‍പ് ഭാരക്കൂടുതല്‍ കാരണം അയോഗ്യയാക്കപ്പെട്ടതിനെ തുടര്‍ന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും പിന്നീട് തീരുമാനം മാറ്റുകയായിരുന്നു. 2028 ലോസ് ഏഞ്ചല്‍സ് ഒളിംപിക്സാണ് വിനേഷിന്റെ ലക്ഷ്യം.