സാന്‍ഫ്രാന്‍സിസ്‌കോ: കര്‍ണാടക സ്വദേശിയായ പോസ്റ്റ് ഗ്രാജ്വേറ്റ് വിദ്യാര്‍ഥി സാകേത് ശ്രീനിവാസയ്യയെ യു എസില്‍ കാണാതായി. സംഭവത്തില്‍ സാന്‍ ഫ്രാന്‍സിസ്‌കോയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ആശങ്ക പ്രകടിപ്പിച്ചു.
കാലിഫോര്‍ണിയയില്‍ ഫെബ്രുവരി 9-നാണ് സാകേതിനെ കാണാതായത്. യു എസില്‍ ബര്‍ക്ക്‌ലിയിലെ പോസ്റ്റ്ഗ്രാജുവേറ്റ് വിദ്യാര്‍ഥിയാണ് സാകേത്.
വിദ്യാര്‍ഥിയെ കണ്ടെത്തുന്നതിന് കുടുംബവുമായും ബന്ധപ്പെട്ട പ്രാദേശിക അധികാരികളുമായും നിരന്തര ആശയവിനിമയം നടത്തുന്നതായി കോണ്‍സുലേറ്റ് വ്യക്തമാക്കി.
22കാരനായ സാകേത് ശ്രീനിവാസയ്യ ബെര്‍ക്കിലി കാലിഫോര്‍ണിയ യൂണിവേഴ്‌സിറ്റിയില്‍ പ്രോഡക്റ്റ് ഡെവലപ്മെന്റ് പ്രോഗ്രാമില്‍ മാസ്റ്റര്‍ ഓഫ് സയന്‍സ് പഠനമാണ് നടത്തുന്നത്.
സാകേതിന്റെ ലിങ്ക്ഡ്ഇന്‍ പ്രൊഫൈല്‍ പ്രകാരം കെമിക്കല്‍ ആന്‍ഡ് ബയോമോളികുലര്‍ എന്‍ജിനീയറിംഗ് വിഭാഗത്തിലെ മാസ്റ്റേഴ്സ് പഠിക്കുന്നുവെന്നും ഐ ഐ ടി മദ്രാസില്‍ നിന്ന് ബിരുദം പൂര്‍ത്തിയാക്കിയെന്നും പറയുന്നു. സോഫ്റ്റ്, ആക്റ്റീവ് മെറ്റീരിയല്‍സ്, സെമികണ്ടക്ടേഴ്സ്, അഡ്വാന്‍സ്ഡ് മെറ്റീരിയല്‍സ് എന്നിവയിലുളള ഡീപ്പ്-ടെക് നവീകരണങ്ങളില്‍ തത്പരനാണെന്നും വ്യക്തമാക്കുന്നു.
ഐ ഐ ടി മദ്രാസില്‍ നിന്നും കെമിക്കല്‍ എന്‍ജിനീയറിംഗിലാണ് ബി ടെക് നേടിയത്.
റിപ്പോര്‍ട്ട് പ്രകാരം സാകേതിനെ ക്യാമ്പസില്‍ നിന്ന് ഏകദേശം ഒരു കിലോമീറ്റര്‍ അകലെയാണ് അവസാനമായി കണ്ടത്. പ്രാദേശിക മാധ്യമമായ എസ് എഫ് ഗേറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നതനുസരിച്ച് ബെര്‍കിലി പൊലീസ് വിഭാഗം സാകേതിനെ ഫെബ്രുവരി 10-ന് ഡൈ്വറ്റ് വേയിലെ 1700 ബ്ലോക്കില്‍ കണ്ടതായി അറിഞ്ഞിട്ടുണ്ട്. തുടര്‍ന്ന്, സാകേത്തിന്റെ പാസ്‌പോര്‍ട്ടും ലാപ്ടോപ്പും ഉള്‍പ്പെട്ട ബാക്ക്പാക്ക് ക്യാമ്പസിനോട് ചേര്‍ന്നുള്ള ടില്‍ഡന്‍ റീജിയണല്‍ പാര്‍ക്കിന് സമീപമുള്ള ഒരു വസതിക്കടുത്ത് കണ്ടെത്തിയതായും റിപ്പോര്‍ട്ട് പറയുന്നു.
ആറടി ഒരിഞ്ച് നീളമുള്ള സാകേതിന് ചെറുതും കറുത്തതുമായ മുടി, തവിട്ടുനിറമുള്ള കണ്ണുകള്‍ എന്നിവയാണെന്ന് വ്യക്തമാക്കുന്നു. അദ്ദേഹത്തെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ അറിയിക്കണമെന്ന് പൊലീസ് അഭ്യര്‍ഥിച്ചു.
