ടിക്കറ്റ് ബുക്കിംഗ് മുതല്‍ ട്രെയിന്‍ ട്രാക്കിംഗ് വരെ ഒരു കുടക്കീഴില്‍; പുതിയ ആപ്പ് പുറത്തിറക്കി ഇന്ത്യന്‍ റെയില്‍വേ

ടിക്കറ്റ് ബുക്കിംഗ് മുതല്‍ ട്രെയിന്‍ ട്രാക്കിംഗ് വരെ ഒരു കുടക്കീഴില്‍; പുതിയ ആപ്പ് പുറത്തിറക്കി ഇന്ത്യന്‍ റെയില്‍വേ


ന്യൂഡല്‍ഹി: യാത്രക്കാരുടെ ട്രെയിന്‍യാത്ര സുഗമമാക്കുന്നതിന് എല്ലാ സേവനങ്ങളും ഒരു കുടക്കീഴില്‍ ലഭിക്കുന്ന പുതിയ ആപ്പ് പുറത്തിറക്കി ഇന്ത്യന്‍ റെയില്‍വേ. ടിക്കറ്റ് ബുക്കിങ് മാത്രമല്ല പിഎന്‍ആര്‍, ഭക്ഷണം, പ്ലാറ്റ് ഫോം ടിക്കറ്റ്, ട്രെയിന്‍ ട്രാക്കിങ്, അണ്‍ റിസര്‍വ്ഡ് ടിക്കറ്റ്, പിഎന്‍ആര്‍ സ്റ്റാറ്റസ് തുടങ്ങിയ എല്ലാ സേവനങ്ങളും ഒരു ആപ്പില്‍ ലഭിക്കുന്ന തരത്തില്‍ റെയില്‍വണ്‍ ആപ്പ് ആണ് ഇന്ത്യന്‍ റെയില്‍വേ ലോഞ്ച് ചെയ്തത്.

വിവിധ പ്ലാറ്റ്‌ഫോമുകളിലായി ലഭിച്ചിരുന്ന സേവനങ്ങളെല്ലാം യാത്രക്കാര്‍ക്ക് ഒറ്റ ക്ലിക്കില്‍ ലഭ്യമാകും. റെയില്‍ യാത്രയുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളും ഇവിടെ ലഭ്യമാണ് എന്നതാണ് പ്രത്യേകത. ട്രെയിന്‍ യാത്രയിലെ പരാതികളും ഇതില്‍ രേഖപ്പെടുത്താനുള്ള സൗകര്യമുണ്ട്. റെയില്‍വണ്‍ ആപ്പ് ആന്‍ഡ്രോയിഡ് ഐഒഎസ് പ്ലാറ്റ് ഫോമുകളില്‍ ലഭ്യമാണ്. ഉപഭോക്താക്കള്‍ക്ക് അവരുടെ നിലവിലെ ലോഗിനില്‍ (റെയില്‍ കണക്ട്/ UTS) ഈ ആപ്പില്‍ ലോഗിന്‍ ചെയ്യാം. റെയില്‍വേ ഇ വാലറ്റ് സംവിധാനവും ലഭ്യമാണ്. 

നിലവില്‍ ഇന്ത്യന്‍ റെയില്‍വേ യാത്രക്കാര്‍ക്ക് വിവിധ സേവനങ്ങള്‍ക്കായി ഒന്നിലധികം ആപ്പുകളും വെബ്‌സൈറ്റുകളും ലഭ്യമാണ്. ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനായി IRCTC റെയില്‍ കണക്റ്റ്, ഭക്ഷണം ഓര്‍ഡര്‍ ചെയ്യുന്നതിനായി IRCTC ഇകാറ്ററിങ് ഫുഡ് ഓണ്‍ ട്രാക്ക്, റിസര്‍വ് ചെയ്യാത്ത ടിക്കറ്റുകള്‍ക്കായി UTS, ട്രെയിന്‍ ട്രാക്ക് ചെയ്യുന്നതിനായി നാഷണല്‍ ട്രെയിന്‍ എന്‍ക്വയറി സിസ്റ്റം എന്നിവയും ഇതില്‍ ഉള്‍പ്പെടുന്നു.

റെയില്‍വണ്‍ ആപ്പ് പ്രത്യേകതകള്‍

ഉപയോക്താക്കള്‍ക്ക് ഇന്ത്യന്‍ റെയില്‍വേയുടെ വിവിധ സേവനങ്ങള്‍ ഉള്‍പ്പെടുത്തി എല്ലാ റെയില്‍വേ സേവനങ്ങളെയും ഒരു സ്ഥലത്ത് ഏകീകരിക്കുന്നു.

ആന്‍ഡ്രോയിഡ് പ്ലേ സ്‌റ്റോര്‍, ഐഒഎസ് ആപ്പ് സ്‌റ്റോര്‍ പ്ലാറ്റ്‌ഫോമുകളില്‍ നിന്ന് പുതിയ റെയില്‍വണ്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.