ഗാസയിൽ 60 ദിവസത്തെ വെടിനിർത്തൽ നിർദേശം ഇസ്രായേൽ അംഗീകരിച്ചെന്ന് ട്രംപ്

ഗാസയിൽ 60 ദിവസത്തെ വെടിനിർത്തൽ നിർദേശം ഇസ്രായേൽ അംഗീകരിച്ചെന്ന് ട്രംപ്


വാഷിംഗ്ടൺ: ഗാസയിൽ വെടിനിർത്തൽ പ്രാബല്യത്തിൽ വന്നതായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. 60 ദിവസത്തെ വെടിനിർത്തലിന്റെ അന്തിമ നിർദേശം ഇസ്രായേൽ അംഗീകരിച്ചതായി ട്രംപ് പറഞ്ഞു. ഈ നിർദേശങ്ങൾ ഹമാസ് അംഗീകരിക്കുന്നതോടെ ഗാസയിൽ താത്ക്കാലിക വെടിനിർത്തൽ നിലവിൽ വരുമെന്ന് ട്രംപ് എക്‌സിൽ കുറിച്ചു.

'എന്റെ പ്രതിനിധികൾ ഇസ്രായേൽ ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയിട്ടുണ്ട്. ചർച്ചയുടെ ഭാഗമായി ഇസ്രായേൽ 60 ദിവസത്തെ വെടിനിർത്തൽ അംഗീകരിച്ചിട്ടുണ്ട്. സമാധാനം നിലനിർത്താൻ ഖത്തറും ഈജിപ്തും ശക്തമായി പ്രവർത്തിച്ചതിനാൽ പശ്ചിമേഷ്യൻ രാജ്യങ്ങൾക്ക് ഇതൊരു നല്ല തീരുമാനമാണ്. നിർദേശം ഹമാസ് കൂടെ അംഗീകരിക്കുന്നതോടെ ഗാസയിൽ വെടിനിർത്തൽ പ്രാബല്യത്തിൽ വരും' ട്രംപ് പറഞ്ഞു.

ഗാസയിൽ ഇസ്രായേലും ഹമാസും തമ്മിൽ വരും ദിവസങ്ങളിൽ ബന്ദികളെ വിട്ടയച്ചുള്ള വെടിനിർത്തൽ കരാർ ഉടൻ പ്രാബല്യത്തിൽ വരുമെന്ന് ട്രംപ് നേരത്തെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. തിങ്കളാഴ്ച വൈറ്റ് ഹൗസിൽ വെച്ച് നെതന്യാഹുവിനെ കാണുമെന്നും ട്രംപ് പറഞ്ഞു.