വാഷിംഗ്ടൺ: ക്യൂബക്കെതിരെ തുടരുന്ന ഉപരോധം കടുപ്പിക്കാനൊരുങ്ങി യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. നിലവിലെ ഉപരോധങ്ങൾ പരിശോധിച്ച് 30 ദിവസത്തിനകം കൂടുതൽ ശക്തമാക്കുന്നതിന് നടപടി സ്വീകരിക്കാൻ മുതിർന്ന ഉദ്യോഗസ്ഥർക്ക് ട്രംപ് നിർദേശം നൽകി. ഭരണകൂടത്തിനെതിരെ എതിർപ്പുയർത്തുന്നവരോട് ക്യൂബ ഭരണകൂടം സ്വീകരിക്കുന്ന നിലപാട് പ്രത്യേകം പരിഗണിക്കണമെന്നാണ് നിർദേശം.
ക്യൂബൻ സർക്കാർ, സൈന്യം, രഹസ്യാന്വേഷണ വിഭാഗം, സുരക്ഷ ഏജൻസികൾ എന്നിവർക്ക് പ്രയോജനകരമായ സാമ്പത്തിക ഇടപാടുകൾ നിയന്ത്രിക്കൽ, ദ്വീപിലേക്കുള്ള വിനോദ സഞ്ചാരത്തിനും അമേരിക്കൻ പൗരന്മാർ നടത്തുന്ന പഠന ടൂറുകൾക്കും നിയന്ത്രണമേർപ്പെടുത്തൽ തുടങ്ങിയവ നീക്കത്തിന്റെ ഭാഗമാണ്. ഭരണത്തിന്റെ അവസാന ഘട്ടത്തിൽ മുൻ പ്രസിഡന്റ് ജോ ബൈഡൻ കൊണ്ടുവന്ന ഇളവുകൾ അവസാനിപ്പിച്ചാണ് വീണ്ടും സാമ്പത്തിക ഉപരോധം പ്രഖ്യാപിക്കുന്നത്.
പുതിയ നീക്കത്തിനെതിരെ ക്യൂബ രംഗത്തുവന്നിട്ടുണ്ട്. ക്യൂബൻ ജനതയുടെ മനുഷ്യാവകാശങ്ങൾ നിഷേധിക്കുന്ന നടപടി ക്രിമിനൽ കുറ്റമാണെന്നും രാജ്യത്തിന്റെ വികസനത്തെ തടയാൻ ലക്ഷ്യമിട്ടുള്ളതാണെന്നും ക്യൂബൻ വിദേശകാര്യ മന്ത്രി ബ്രൂണോ റോഡ്രിഗസ് പറഞ്ഞു.
