പ്രവാചകന്മാരുടെ കാർട്ടൂൺ പ്രസിദ്ധീകരിച്ചു; തുർക്കിയിൽസംഘർഷം; കാർട്ടൂണിസ്റ്റ് അറസ്റ്റിൽ

പ്രവാചകന്മാരുടെ കാർട്ടൂൺ പ്രസിദ്ധീകരിച്ചു; തുർക്കിയിൽസംഘർഷം; കാർട്ടൂണിസ്റ്റ് അറസ്റ്റിൽ


അങ്കാറ: ആക്ഷേപഹാസ്യ മാഗസിൻ പ്രവാചകന്മാരുടെ കാർട്ടൂൺ പ്രസിദ്ധീകരിച്ചതിന്റെ പേരിൽ തുർക്കിയിൽ സംഘർഷം. ഇസ്തംബുൾ നഗരത്തിൽ ഇതിനെ ചൊല്ലി ജനങ്ങൾ തെരുവിലിറങ്ങിയതോടെ പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചു. ഇസ്രായേൽ മിസൈൽ വീഴുമ്പോൾ ആകാശത്തിരുന്ന മുഹമ്മദ് നബിയും മൂസ നബിയും കൈകോർക്കുന്നതായി തോന്നിക്കുന്ന കാർട്ടൂൺ പ്രസിദ്ധീകരിച്ച 'ലിമാൻ' മാഗസിൻ എഡിറ്റർമാരെ മതവികാരം വ്രണപ്പെടുത്തിയതിന് അറസ്റ്റ് ചെയ്യാൻ ഇസ്തംബുൾ ചീഫ് പ്രോസിക്യൂട്ടർ ഉത്തരവിട്ടു. കാർട്ടൂണിസ്റ്റ് ദോഗാൻ പെഹ്ലെവാനെ തിങ്കളാഴ്ച അറസ്റ്റ് ചെയ്യുന്ന വിഡിയോ ആഭ്യന്തര മന്ത്രി എക്‌സിൽ കുറിച്ചു. നാലു പേർ ഇതിനകം അറസ്റ്റിലായിട്ടുണ്ട്.

അതേസമയം, ഇതു പ്രവാചകൻ മുഹമ്മദല്ലെന്നും ഇസ്രായേൽ ബോംബിങ്ങിൽ കൊല്ലപ്പെട്ട മുഹമ്മദ് എന്ന് പേരുള്ള മറ്റൊരാളാണെന്നും മാഗസിൻ എഡിറ്റർ ഇൻചീഫ് തുൻകെയ് അക്ഗുൻ പറഞ്ഞു. മുഹമ്മദ് നബിയുടെ കാർട്ടൂൺ പ്രസിദ്ധീകരിച്ച് വിവാദം സൃഷ്ടിച്ച ഫ്രഞ്ച് മാഗസിൻ ഷാർലി ഹെബ്ദോക്ക് പിന്തുണ നൽകി 'ലിമാൻ' മുമ്പും കടുത്ത എതിർപ്പ് നേരിട്ടിരുന്നു.