ആണവ നിരീക്ഷണ ഏജൻസിയുമായുള്ള സഹകരണം താൽക്കാലികമായി അവസാനിപ്പിച്ച് ഇറാൻ

ആണവ നിരീക്ഷണ ഏജൻസിയുമായുള്ള സഹകരണം താൽക്കാലികമായി അവസാനിപ്പിച്ച് ഇറാൻ


ടെഹ്രാൻ: ഐക്യരാഷ്ട്രസഭയുടെ ആണവ നിരീക്ഷണ ഏജൻസി (ഐ.എ.ഇ.എ)യുമായുള്ള സഹകരണം താൽക്കാലികമായി നിർത്തിവെക്കുന്നതിനുള്ള നിയമത്തിന് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാൻ അന്തിമ അംഗീകാരം നൽകി. ഇറാൻ സ്റ്റേറ്റ് ടി.വി ആണ് ഇക്കാര്യം പുറത്തുവിട്ടത്.

ജൂൺ 13ന് ഇറാനെതിരായ ഇസ്രായേൽ ആക്രമണവും പിന്നീട് ആണവ കേന്ദ്രങ്ങളിൽ അമേരിക്ക നടത്തിയ ആക്രമണങ്ങളും ചൂണ്ടിക്കാട്ടി കഴിഞ്ഞ ആഴ്ച ഇറാനിയൻ നിയമ നിർമാതാക്കൾ ഐ.എ.ഇ.എയുമായുള്ള സഹകരണം താൽക്കാലികമായി നിർത്തിവെക്കുന്നതിനുള്ള ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്തിരുന്നു. ആ നടപടിയാണ് ഇപ്പോൾ പ്രാബല്യത്തിൽ വന്നത്.

ഏജൻസി മേധാവി ഇസ്‌ലാമിക് റിപ്പബ്ലിക്കിനോട് കാണിച്ച 'വിനാശകരമായ' പെരുമാറ്റം കാരണം ഇറാൻ യു.എൻ ആണവ നിരീക്ഷണ ഏജൻസിയുമായുള്ള സഹകരണം നിർത്തിവെക്കുമെന്ന് കഴിഞ്ഞ ദിവസം ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിനോട് പെഷേഷ്‌കിയാൻ പറഞ്ഞിരുന്നു. പാർലമെന്റ് അംഗങ്ങൾ സ്വീകരിച്ച നടപടി അന്താരാഷ്ട്ര ആണവോർജ ഏജൻസിയുടെ ഡയറക്ടർ ജനറലിനെ ന്യായീകരിക്കാത്തതും വിനാശകരമായ പെരുമാറ്റത്തോടുള്ള സ്വാഭാവിക പ്രതികരണവുമാണെന്ന് പെഷേഷ്‌കിയാൻ ഒരു ഫോൺ കോളിൽ മാക്രോണിനോട് പറഞ്ഞിരുന്നതായി പ്രസിഡന്റിന്റെ പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.

ഇസ്രായേലുമായുള്ള യുദ്ധം ആരംഭിച്ചതുമുതൽ ആക്രമണങ്ങളെ അപലപിക്കുന്നതിൽ പരാജയപ്പെട്ടതിന് ഇറാൻ ഉദ്യോഗസ്ഥർ ഏജൻസിയെ നിശിതമായി വിമർശിച്ചിരുന്നു. ഐ.എ.ഇ.എയുമായുള്ള സഹകരണം നിർത്തലാക്കാനുള്ള ഇറാൻ പാർലമെന്റിന്റെ തീരുമാനം പൊതുജനത്തിന്റെ ആശങ്കയും കോപവും പ്രതിഫലിപ്പിക്കുന്നതാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മയിൽ ബഖായ് പറഞ്ഞു. അമേരിക്കയെയും യൂറോപ്യൻ ശക്തികളെയും അദ്ദേഹം തന്റെ പ്രതിവാര പത്രസമ്മേളനത്തിൽ വിമർശിച്ചു.

12 ദിവസത്തെ യുദ്ധത്തിൽ ഇസ്രായേലും അമേരിക്കയും ലക്ഷ്യമിട്ട ഇറാന്റെ ആണവ കേന്ദ്രങ്ങൾക്ക് ഉണ്ടായ നാശനഷ്ടത്തിന്റെ വ്യാപ്തി അജ്ഞാതമായിരിക്കുമ്പോൾ, ഐ.എ.ഇ.എ ഇൻസ്‌പെക്ടർമാരുടെ സുരക്ഷ എങ്ങനെ ഉറപ്പാക്കാമെന്നും ബഖായ് ചോദിച്ചു.

അതിനിടെ, ഇറാന്റെ പ്രധാന ഫോർദോ ആണവ കേന്ദ്രത്തിൽ യു. എസ് നടത്തിയ ബോംബാക്രമണം കേന്ദ്രത്തിന് 'ഗുരുതരമായും കനത്ത നാശനഷ്ടമുണ്ടാക്കി'യെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി ചൊവ്വാഴ്ച സി.ബി.എസ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

'ഫോർദോയിൽ എന്താണ് സംഭവിച്ചതെന്ന് ആർക്കും കൃത്യമായി അറിയില്ല. അങ്ങനെ പറയുമ്പോൾ തന്നെയും ഇതുവരെ ഞങ്ങൾക്ക് അറിയാവുന്നത്, സൗകര്യങ്ങൾക്ക് ഗുരുതരമായും കനത്തതുമായ നാശനഷ്ടമുണ്ടായിട്ടുണ്ട് എന്നതാണെന്ന് രണ്ട് ഭാഗങ്ങളായി സംപ്രേഷണം ചെയ്ത അഭിമുഖത്തിൽ അരാഗ്ചി പറഞ്ഞു. അവ പുനഃരാരംഭിക്കാൻ കഴിയുമോ എന്ന കാര്യമറിയാൻ കാത്തിരിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.