കൊലപാതകികളേയും കുറ്റവാളികളേയും യു എസില്‍ നിന്ന് നാടുകടത്തുമെന്ന് ട്രംപ്

കൊലപാതകികളേയും കുറ്റവാളികളേയും യു എസില്‍ നിന്ന് നാടുകടത്തുമെന്ന് ട്രംപ്


ഫ്‌ളോറിഡ: 'ബേസ്‌ബോള്‍ ബാറ്റ് കൊണ്ട് ആളുകളെ അടിക്കുന്നത്' പോലുള്ള കുറ്റകൃത്യങ്ങള്‍ ചെയ്ത ചില യു എസ് പൗരന്മാരെ നാടുകടത്തണമെന്ന് യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഫ്‌ളോറിഡയിലെ ഒരു കുടിയേറ്റ തടങ്കല്‍ കേന്ദ്രം സന്ദര്‍ശിച്ചിക്കവെയാണ് ട്രംപ് മാധ്യമ പ്രവര്‍ത്തകരോട് ഇത്തരത്തില്‍ പറഞ്ഞത്. 'അവര്‍ നമ്മുടെ രാജ്യത്തിന് പുതിയവരല്ലെന്നും അവരില്‍ പലരും നമ്മുടെ രാജ്യത്ത് ജനിച്ചവരാണ്' എന്നും ട്രംപ് പറഞ്ഞു. 

ബേസ്‌ബോള്‍ ബാറ്റ് അടിച്ചോ കത്തി ഉപയോഗിച്ചോ മറ്റുള്ളവരെ കൊല്ലുന്ന ആളുകള്‍ യു എസ് ൗരന്മാരാണെങ്കില്‍ പോലും അവരെ പുറത്താക്കേണ്ടതുണ്ടെന്നും അത് തന്റെ ഭരണകൂടത്തിന്റെ 'അടുത്ത ജോലി' ആണെന്നും അദ്ദേഹം പറഞ്ഞു.

കുറ്റകൃത്യങ്ങള്‍, ചാരവൃത്തി, മനഃപൂര്‍വ്വം വസ്തുതകള്‍ മറച്ചുവെച്ചവര്‍ എന്നിവരുള്‍പ്പെടെ ചില ആളുകളുടെ പൗരത്വം റദ്ദാക്കുമെന്ന് പ്രസ്താവിച്ചുകൊണ്ട് യു എസ് നീതിന്യായ വകുപ്പ് കഴിഞ്ഞ മാസം ഒരു മെമ്മോ പുറപ്പെടുവിച്ചിരുന്നു. 

''യുദ്ധക്കുറ്റങ്ങള്‍, നിയമവിരുദ്ധ കൊലപാതകങ്ങള്‍, അല്ലെങ്കില്‍ മറ്റ് ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങള്‍ എന്നിവയില്‍ ഏര്‍പ്പെട്ടാല്‍ വ്യക്തികളുടെ പൗരത്വം റദ്ദാക്കപ്പെടും. സ്വാഭാവിക കുറ്റവാളികള്‍, ഗുണ്ടാസംഘാംഗങ്ങള്‍, യുണൈറ്റഡ് സ്റ്റേറ്റ്‌സിന് തുടര്‍ച്ചയായ ഭീഷണി ഉയര്‍ത്തുന്ന കുറ്റകൃത്യങ്ങള്‍ക്ക് ശിക്ഷിക്കപ്പെട്ട ഏതെങ്കിലും വ്യക്തികള്‍ എന്നിവരെ നീക്കം ചെയ്യുക, ശിക്ഷിക്കപ്പെട്ട തീവ്രവാദികള്‍ യു എസ് മണ്ണിലേക്ക് മടങ്ങുന്നത് തടയുക അല്ലെങ്കില്‍ യു എസ് പാസ്പോര്‍ട്ടില്‍ അന്താരാഷ്ട്ര യാത്ര ചെയ്യുന്നത് തടയുക'' തുടങ്ങിയവ മെമ്മോയില്‍ പറയുന്നു.

ആക്സിയോസ് പ്രസിദ്ധീകരിച്ച ഒരു റിപ്പോര്‍ട്ട് അനുസരിച്ച് 1990നും 2017നും ഇടയില്‍ ഏകദേശം 305 പേരെ വകുപ്പ് ഇത്തരത്തില്‍ കണ്ടെത്തി നടപടി സ്വീകരിച്ചിരുന്നു. എന്നാല്‍ നടപ്പിലാക്കിയാല്‍ ഡൊണാള്‍ഡ് ട്രംപ് ഭരണകൂടത്തിന്റെ നീക്കം 25 ദശലക്ഷം യു എസ് പൗരന്മാരെ വരെ ബാധിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.