കേരള സര്‍വകലാശാല വീണ്ടും സംഘര്‍ഷ ഭൂമിയാകുന്നു; രജിസ്ട്രാറുടെ സസ്‌പെന്‍ഷനില്‍ വിസിക്കെതിരെ സിന്‍ഡിക്കേറ്റ്

കേരള സര്‍വകലാശാല  വീണ്ടും സംഘര്‍ഷ ഭൂമിയാകുന്നു; രജിസ്ട്രാറുടെ സസ്‌പെന്‍ഷനില്‍ വിസിക്കെതിരെ സിന്‍ഡിക്കേറ്റ്


തിരുവനന്തപുരം: കേരള സര്‍വ്വകലാശാല രജിസ്ട്രാറെ സസ്‌പെന്റ് ചെയ്യാനുള്ള വൈസ് ചാന്‍സലറുടെ തീരുമാനം തള്ളി സിന്‍ഡിക്കേറ്റ് രംഗത്തുവന്നു. കെ.എസ് അനില്‍കുമാര്‍ തന്നെ രജിസ്ട്രാറായി തുടരുമെന്ന് സര്‍വകലാശാല സിന്‍ഡിക്കേറ്റ് പ്രസ്താവനയില്‍ അറിയിച്ചു.

ചാന്‍സലറുടെ നിര്‍ദേശം അനുസരിച്ച് രജിസ്ട്രാറെ സസ്‌പെന്റ് ചെയ്യാനുള്ള വൈസ് ചാന്‍സലറുടെ നടപടി എല്ലാ നിയമങ്ങളും കാറ്റില്‍ പറത്തിയുള്ളതാണെന്ന് സിന്‍ഡിക്കേറ്റ് ചൂണ്ടിക്കാട്ടി. സര്‍വ്വകലാശാല ആക്റ്റ് 12 (1) പ്രകാരം
രജിസ്ട്രാറെ നിയമിക്കുവാനുളള അധികാരം സിന്‍ഡിക്കേറ്റിനാണെന്നും അസിസ്റ്റന്റ് രജിസ്ട്രാര്‍ വരെയുള്ള ജീവനക്കാര്‍ക്കെതിരെ നടപടിയെടുക്കാന്‍ മാത്രമേ വൈസ് ചാന്‍സലര്‍ക്ക് അധികാരമുള്ളൂ എന്നും സിന്‍ഡിക്കേറ്റ് അവകാശപ്പെട്ടു.

അസിസ്റ്റന്റ് രജിസ്ട്രാര്‍ക്ക് മുകളില്‍ ഡെപ്യൂട്ടി രജിസ്ട്രാര്‍, ജോയിന്റ് രജിസ്ട്രാര്‍, രജിസ്ട്രാര്‍ എന്നീ പോസ്റ്റുകളാണുള്ളത്. സര്‍വ്വകലാശാല ഫസ്റ്റ് സ്റ്റാറ്റിയൂട്ട്  1977 ചാപ്റ്റര്‍ 4 സ്റ്റാറ്റിയൂട്ട് 27 അനുസരിച്ച്  ഡെപ്യൂട്ടി രജിസ്ട്രാര്‍, ജോയിന്റ് രജിസ്ട്രാര്‍, രജിസ്ട്രാര്‍  എന്നിവര്‍ക്കെതിരെ നടപടി എടുക്കാനുള്ള അധികാരം സിന്‍ഡിക്കേറ്റിനാണ്

നിലവിലെ സംഭവങ്ങളില്‍ ഇല്ലാത്ത അധികാരമാണ് വൈസ് ചാന്‍സലര്‍ പ്രയോഗിച്ചിരിക്കുന്നതെന്ന് സിന്‍ഡിക്കേറ്റ് വ്യക്തമാക്കി. സിന്‍ഡിക്കേറ്റ് സര്‍വ്വകലാശാലയുടെ നിയമം അനുസരിച്ച് ദൈനം ദിന കാര്യങ്ങളില്‍ ഇടപെടുന്ന ഭരണ സംവിധാനമാണ്

വൈസ് ചാന്‍സലര്‍ക്ക് 10 (13) ഉപയോഗിക്കാനുളള അധികാരമുള്ളത് അതിപ്രധാനമല്ലാത്ത ചില അത്യാവശ്യ കാര്യങ്ങളില്‍ മാത്രമാണ്. 10 (13) എന്ന പ്രത്യേക അധികാരമുപയോഗിച്ചെടുക്കുന്ന ഏത് തീരുമാനവും പിന്നീട് സിന്‍ക്കേറ്റിന്റെ അംഗീകാരത്തിനായി സമര്‍പ്പിക്കണം.

നിയമനങ്ങളോ, അച്ചടക്ക നടപടികളോ 10 (13) ന്റെ പ്രത്യേക അധികാരമുപയോഗിച്ച് ചെയ്യാന്‍ വൈസ് ചാന്‍സലര്‍ക്കധികാരമില്ലെന്നും ചട്ടങ്ങള്‍ ഉദ്ധരിച്ച് സിന്‍ഡിക്കേറ്റ് വ്യക്തമാക്കി.

രജിസ്ട്രാറുടെ സസ്പന്‍ഷനിലൂടെ വിസിയുടെ പുറകില്‍ നിന്ന് ചാന്‍സലറും , ചാന്‍സലറുടെ മറവില്‍ നിന്ന് ആര്‍എസ്എസും ഇത്രയും നിയമ വിരുദ്ധമായ നടപടികളാണ് നടത്തുന്നതെന്ന് സിന്‍ഡിക്കേറ്റ് ആരോപിച്ചു.
സംഘപരിവാര്‍ നടത്തുന്ന ഈ കളികള്‍ക്ക് കേരള സര്‍വ്വകലാശാല ഒരു തരിമ്പ് പിറകോട്ടില്ലെന്നും ഈ സസ്‌പെന്‍ഷന്‍ ഓര്‍ഡര്‍ കീറക്കഷണങ്ങളാക്കി ചവറ്റുകൊട്ടയില്‍ എറിയുകയാണെന്നും, രജിസ്ട്രാര്‍ നാളെയും ആ സീറ്റില്‍ തുടരുമെന്നും വിസിയുടെ നടപടികളെ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്നും കേരള സര്‍വ്വകലാശാല സിന്‍ഡിക്കേറ്റംഗം ആര്‍. രാജേഷ് പറഞ്ഞു.