വാഷിംഗ്ടൺ: ഇറാനിൽ യു.എസ് നടത്തിയ ആക്രമണം അവരുടെ ആണവ പദ്ധതി ഒന്ന് മുതൽ രണ്ട് വർഷം വരെ വൈകിപ്പിച്ചുവെന്ന് അവകാശപ്പെട്ട് പെന്റഗൺ. ഇറാന്റെ ആണവപദ്ധതി പൂർണമായും തകർക്കപ്പെട്ടുവെന്ന ട്രംപിന്റെ അവകാശവാദത്തോട് യോജിക്കുന്ന പ്രതികരണമല്ല പെന്റഗണിന്റേത്.
ഇറാനിലെ ആണവകേന്ദ്രങ്ങൾക്ക് നേരെ നടത്തിയ ആക്രമണങ്ങളെ കുറിച്ച് പ്രതിരോധ വക്താവ് സീൻ പാർനെല്ലാണ് വിശദീകരിച്ചത്. മൂന്ന് ആണവകേന്ദ്രങ്ങളെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. ധീരമായ നടപടിയായിരുന്നു ആക്രമണമെന്നും അദ്ദേഹം വിശദീകരിച്ചു. ഇറാന്റെ ആണവപദ്ധതി രണ്ട് വർഷത്തേക്കെങ്കിലും വൈകിപ്പിക്കാൻ ആക്രമണം മൂലം കഴിഞ്ഞുവെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഇറാന്റെ ആണവകേന്ദ്രങ്ങൾ പൂർണമായും തകർത്തുവെന്നായിരുന്നു ട്രംപിന്റെ അവകാശവാദം.
യു.എസ് ബി2 ബോംബറുകൾ ആക്രമിച്ച ഇറാന്റെ ഫോർദോ ആണവ സമ്പുഷ്ടീകരണ പ്ലാന്റിൽ നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതായി തെളിയിക്കുന്ന പുതിയ സാറ്റലൈറ്റ് ചിത്രങ്ങൾ നേരത്തെ പുറത്ത് വന്നിരുന്നു. ആക്രമണത്തിലുണ്ടായ നാശനഷ്ടങ്ങൾക്ക് സമീപത്താണ് പ്രവർത്തനങ്ങൾ നടക്കുന്നതെന്ന് ചിത്രങ്ങൾ വ്യക്തമാക്കുന്നു.
മാക്‌സർ ടെക്‌നോളജീസ് ശേഖരിച്ച ചിത്രങ്ങളാണ് പുറത്തുവന്നത്. കഴിഞ്ഞയാഴ്ച ഫോർദോ സമുച്ചയത്തിൽ നടന്ന വ്യോമാക്രമണങ്ങൾ മൂലമുണ്ടായ വെന്റിലേഷൻ ഷാ്ര്രഫുകളിലും സമീപത്തും നടന്നുകൊണ്ടിരിക്കുന്ന പ്രവർത്തനങ്ങൾ ഇത് തെളിയിക്കുന്നു. ഭൂഗർഭ സമുച്ചയത്തിന് മുകളിലുള്ള വടക്കൻ ഷാ്ര്രഫിന് തൊട്ടടുത്തായി മണ്ണുമാന്തി യന്ത്രവും നിരവധി ജീവനക്കാരും ഉണ്ട്. ഷാ്ര്രഫിന്റെ പ്രവേശന കവാടത്തിൽ ക്രെയിൻ പ്രവർത്തിക്കുന്നുണ്ട്. സൈറ്റിലേക്ക് പ്രവേശിക്കാൻ നിർമ്മിച്ച റോഡിൽ നിരവധി വാഹനങ്ങളും ഉണ്ട് എന്ന് ചിത്രങ്ങൾ പുറത്തുവിട്ട് മാക്‌സർ ടെക്‌നോളജീസ് അറിയിച്ചു.
ഇറാനിലെ ആണവനിലയങ്ങളിൽ ഒരു ഡസനിലധികം ബങ്കർബസ്റ്റർ ബോംബുകൾ വർഷിച്ചതായി അമേരിക്ക അവകാശപ്പെട്ടിരുന്നത്. നിലയങ്ങൾ പൂർണമായി തകർത്തെന്നും അവിടെ പാറക്കൂമ്പാരം മാത്രമേ ബാക്കിയുള്ളൂവെന്നും അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആവർത്തിച്ച് അവകാശപ്പെട്ടിരുന്നു. എന്നാൽ, കാര്യമായ നാശനഷ്ടമുണ്ടായിട്ടില്ലെന്ന് നേരത്തെ മുതൽ ഇറാൻ അവകാശപ്പെട്ടിരുന്നു. ഇറാനിലെ മൂന്ന് കേന്ദ്രങ്ങളിൽ യു.എസ് നടത്തിയ ആക്രമണം ഗുരുതരമായ നാശനഷ്ടങ്ങൾക്ക് കാരണമായെങ്കിലും സമ്പൂർണമായ നാശം വന്നിട്ടില്ലെന്ന് അന്താരാഷ്ട്ര ആണവോർജ ഏജൻസി മേധാവി റാഫേൽ ഗ്രോസിയും പറഞ്ഞിരുന്നു. ഇത് ശരിവെക്കുന്ന സാറ്റലൈറ്റ് ചിത്രങ്ങളാണ് പുറത്തുവന്നത്.
ആണവ നിർവ്യാപന കരാർ പാലിച്ച് സമാധാനപരമായ ആവശ്യങ്ങൾക്ക് നടത്തുന്ന ആണവ സമ്പുഷ്ടീകരണം ഒരിക്കലും അവസാനിപ്പിക്കില്ലെന്ന് യു.എന്നിലെ ഇറാൻ അംബാസഡർ ആമിർ സഈദ് ഇറാവാനി വ്യക്തമാക്കിയത്.
യു.എസ് ആക്രമണം ഇറാന്റെ ആണവ പദ്ധതിയെ രണ്ടുവർഷം വരെ വൈകിപ്പിക്കുമെന്ന് പെന്റഗൺ
