ന്യൂഡൽഹി: മറ്റു സംസ്ഥാനങ്ങളിലേക്ക് തൊഴിൽ തേടി പോയ ബിഹാറുകാരെ വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്യുന്ന നടപടിയെ ചോദ്യം ചെയ്ത് ഇൻഡ്യ സഖ്യം തെരഞ്ഞെടുപ്പു കമ്മീഷനെ സമീപിച്ചു.
ബിഹാർ വോട്ടർപട്ടിക തീവ്ര പരിശോധന ചോദ്യം ചെയ്ത് തെരഞ്ഞെടുപ്പു കമ്മീഷൻ ആസ്ഥാനത്തെത്തിയ ഇൻഡ്യ സഖ്യ നേതാക്കൾ മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണർ ഗ്യാനേഷ് കുമാറുമായി ഉടക്കി. ഇതരസംസ്ഥാനങ്ങളിൽ ജോലിക്ക് പോയ 20 ശതമാനത്തോളം വോട്ടർമാരെ പട്ടികയിൽനിന്ന് നീക്കിയ വോട്ടർപട്ടിക പുതുക്കൽ 'വോട്ടുബന്ധി' (വോട്ടുനിരോധനം) ആണെന്ന് ഇൻഡ്യ സഖ്യം നേതാക്കൾ കുറ്റപ്പെടുത്തി. ബിഹാറിലെ ജനങ്ങളുടെ ആത്മാഭിമാനത്തെ തൊട്ടുള്ള കമ്മീഷന്റെ കളി ജനങ്ങളുമായി ചേർന്ന് നേരിടുമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്തിനു മുന്നിൽവിളിച്ചുചേർത്ത വാർത്ത സമ്മേളനത്തിൽ അഭിഷേക് മനു സിങ്‌വിയുടെ നേതൃത്വത്തിലുള്ള നേതാക്കൾ വ്യക്തമാക്കി.
കാലവർഷം കണക്കിലെടുത്തും ഇതരസംസ്ഥാനങ്ങളിൽ പോയവർക്ക് തിരികെ വന്ന് അപേക്ഷ നൽകാനുള്ള സമയം അനുവദിച്ചും തീവ്ര വോട്ടർപട്ടിക പരിശോധന മാറ്റിവെക്കണമെന്നാണ് ഇൻഡ്യ സഖ്യത്തിന്റെ ആവശ്യം. നിയമസഭാ തെരഞ്ഞെടുപ്പ് 2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ വോട്ടർപട്ടിക ഉപയോഗിച്ച് നടത്തണമെന്നും അവർ ആവശ്യപ്പെട്ടു.
ഒരു മാസംകൊണ്ട് ഒമ്പതു കോടി വോട്ടർമാരുടെ വോട്ടുപരിശോധന എങ്ങനെ നടത്തുമെന്ന ചോദ്യത്തിനും മുഖ്യകമ്മീഷണർക്ക് മറുപടിയില്ലെന്നും കാലവർഷം തുടങ്ങുന്ന ജൂലൈ മാസംതന്നെ തെരഞ്ഞെടുത്തതിലൂടെ വലിയൊരു വിഭാഗം ബിഹാരി വോട്ടർമാരുടെ വോട്ടുകൾ വെട്ടിമാറ്റാനാണ് തീവ്രപരിശോധനയെന്ന് വ്യക്തമായെന്നും ആർ.ജെ.ഡി രാജ്യസഭ നേതാവ് മനോജ് കുമാർ ഝാ പറഞ്ഞു.
നോട്ടുബന്ധി (നോട്ടുനിരോധനം) പോലെ വോട്ടു നിരോധനമാണ് മോഡി സർക്കാറിനുവേണ്ടി കമ്മീഷൻ നടപ്പാക്കുന്നതെന്നും മനോജ് ഝാ കുറ്റപ്പെടുത്തി. സി.പി.ഐ നേതാവ് ഡി. രാജ, സി.പി.എം എം.പി ജോൺ ബ്രിട്ടാസ് തുടങ്ങി വിവിധ ഇൻഡ്യ കക്ഷി നേതാക്കളും സിങ്‌വിക്കൊപ്പമുണ്ടായിരുന്നു.
ബിഹാറിൽ ഇതര സംസ്ഥാനങ്ങളിൽജോലി തേടി പോയവരെ വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കി ; പ്രതിഷേധവുമായി ഇൻഡ്യ സഖ്യം
