ഒട്ടാവ: കഴിഞ്ഞ 11 വര്‍ഷത്തിനിടെ 17,500-ലധികം വിദേശികളുടെ ക്രിമിനല്‍ ശിക്ഷകളില്‍ ഇമിഗ്രേഷന്‍ വകുപ്പ് മാപ്പു നല്‍കിയതായി ഫെഡറല്‍ ഗവണ്‍മെന്റ് കണക്കുകള്‍. മാപ്പ് നല്‍കിയ കുറ്റകൃത്യങ്ങള്‍ ഏത് തരത്തിലുള്ളതാണെന്നതിനെ സംബന്ധിച്ച ആശങ്കകളാണ് ഈ വെളിപ്പെടുത്തല്‍ ഉയര്‍ത്തിയിരിക്കുന്നത്.
ക്രിമിനല്‍ കുറ്റമായി കണക്കാക്കപ്പെടുന്ന ഒരു പ്രവൃത്തിയില്‍ ശിക്ഷിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ കാനഡയില്‍ പൊതുവെ വിദേശികളെ തുടരാന്‍ അനുവദിക്കില്ല. എന്നാല്‍ ഒരാള്‍ ശിക്ഷിക്കപ്പെട്ട് അഞ്ച് വര്‍ഷം കഴിയുകയോ ശിക്ഷ പൂര്‍ത്തിയാക്കുകയോ ചെയ്താല്‍ ഇതിന് മാറ്റം വരുത്താന്‍ ഇമിഗ്രേഷന്‍, റെഫ്യൂജീസ് ആന്റ് സിറ്റിസണ്‍ഷിപ്പ് കാനഡയ്ക്ക് (ഐ ആര്‍ സി സി) അധികാരമുണ്ട്.
2024 വരെയുള്ള 11 വര്‍ഷത്തിനുള്ളില്‍ വിദേശത്ത് ക്രിമിനല്‍ കുറ്റകൃത്യങ്ങള്‍ക്ക് ശിക്ഷിക്കപ്പെട്ട 17,600 പേരെ ഐ ആര്‍ സി സി 'പരിഗണിച്ചതായി' സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. ഇതിനര്‍ഥം അവര്‍ക്ക് ജോലി, പഠന വിസകള്‍ ഉള്‍പ്പെടെ, സ്ഥിര താമസക്കാരായോ സന്ദര്‍ശകരായോ കാനഡയിലേക്ക് പ്രവേശിക്കാന്‍ അപേക്ഷിക്കാന്‍ കഴിഞ്ഞു എന്നാണ്.
എന്നാല്‍ ക്ഷമിച്ചിട്ടുള്ള ക്രിമിനല്‍ കുറ്റകൃത്യങ്ങളുടെ തരംതിരിവ് ഐ ആര്‍ സി സി പുറത്തുവിട്ടിട്ടില്ല. ഏറ്റവും ഗുരുതരമായ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട തീരുമാനങ്ങളെടുക്കുന്നതില്‍ ഇമിഗ്രേഷന്‍ മന്ത്രി ഇടപെടുമെന്ന് ദി ഗ്ലോബ് ആന്‍ഡ് മെയിലിന് നല്‍കിയ പ്രസ്താവനയില്‍ പറഞ്ഞു.
കഴിഞ്ഞ വര്‍ഷം 1,390 പേരുടെ ക്രിമിനല്‍ ശിക്ഷകള്‍ ഐ ആര്‍ സി സി മാപ്പുനല്‍കി. അതേസമയം 105 അപേക്ഷകള്‍ നിരസിക്കുകയും ചെയ്തു. 2023-ല്‍ 1,505 പേരെ പുനരധിവസിപ്പിച്ചതായി കണക്കാക്കുകയും 70 അപേക്ഷകള്‍ നിരസിക്കുകയും ചെയ്തു. 'ഇമിഗ്രേഷന്‍ സിസ്റ്റത്തിന്റെ പരിശോധനാ പ്രക്രിയയില്‍ പൊതുജനങ്ങള്‍ക്ക് എന്തെങ്കിലും വിിശ്വാസമുണ്ടാകണമെങ്കില്‍ ഏത് തരത്തിലുള്ള ശിക്ഷകളാണ് ക്ഷമിക്കുന്നതെന്നതിനും ഓരോ കേസിന്റെയും സാഹചര്യങ്ങള്‍ എന്താണെന്നതിനും കൂടുതല്‍ സുതാര്യത ആവശ്യമാണെന്ന് യാഥാസ്ഥിതിക ഇമിഗ്രേഷന്‍ നിരൂപക മിഷേല്‍ റെമ്പല്‍ ഗാര്‍ണര്‍ പറഞ്ഞു. കാനഡയിലേക്ക് പ്രവേശിക്കുന്ന നിരവധി വിഭാഗങ്ങളെ പരിശോധിക്കുന്നതിന്റെ പര്യാപ്തതയെക്കുറിച്ച് ചോദ്യങ്ങള്‍ ഉയര്‍ന്നിട്ടുണ്ടെന്നും അവര്‍ പറഞ്ഞു, പാര്‍ലമെന്റ് വേനല്‍ക്കാല അവധി കഴിഞ്ഞ് മടങ്ങുമ്പോള്‍ കോമണ്‍സ് ഇമിഗ്രേഷന്‍ കമ്മിറ്റിയില്‍ ഈ വിഷയം ഉന്നയിച്ചേക്കാം. കുറ്റകൃത്യങ്ങള്‍ക്ക് മാപ്പ് ലഭിക്കാന്‍ അപേക്ഷിക്കുന്ന വിദേശികള്‍ ഭാവിയില്‍ ക്രിമിനല്‍ പ്രവൃത്തികളില്‍ പങ്കെടുക്കാന്‍ സാധ്യതയില്ലെന്ന് കാണിക്കണമെന്ന് ഐ ആര്‍ സി സി പറയുന്നു. കുറ്റകൃത്യങ്ങളുടെ എണ്ണവും ഓരോന്നിന്റെയും സാഹചര്യങ്ങളും ഗൗരവവും വകുപ്പ് പരിഗണിക്കുന്നുവെന്ന് ഐ ആര്‍ സി സി പറഞ്ഞു. കുറ്റകൃത്യം നടന്നതിനുശേഷം അപേക്ഷകന്റെ പെരുമാറ്റവും പരിഗണിക്കും. 'സമൂഹത്തില്‍ അവര്‍ക്ക് ലഭിക്കുന്ന പിന്തുണ', അപേക്ഷകന്റെ നിലവിലെ സാഹചര്യങ്ങള്‍ എന്നിവയും ഐആര്‍സിസി പരിശോധിക്കുന്നുവെന്ന് പറഞ്ഞു.
ഗുരുതരമല്ലാത്ത കുറ്റകൃത്യങ്ങള്‍ക്കുള്ള പുനരധിവാസത്തിനുള്ള അപേക്ഷ അംഗീകരിക്കാനോ നിരസിക്കാനോ ഉള്ള തീരുമാനം സാധാരണയായി ഉചിതമായ നിയുക്ത അധികാരമുള്ള ഒരു ഐ ആര്‍ സി സി ഉദ്യോഗസ്ഥനാണ് എടുക്കുന്നത്. അതേസമയം കൂടുതല്‍ ഗുരുതരമായ കുറ്റകൃത്യങ്ങള്‍ക്കുള്ള തീരുമാനങ്ങള്‍ ഇമിഗ്രേഷന്‍, റഫ്യൂജീസ്, സിറ്റിസണ്‍ഷിപ്പ് മന്ത്രിയാണ് എടുക്കുന്നതെന്ന് ഐ ആര്‍ സി സി വക്താവ് നാന്‍സി കാരോണ്‍ പറഞ്ഞു.
കനേഡിയന്‍മാരെ സംരക്ഷിക്കുന്നതിനും സുതാര്യതയ്ക്കായി ഏത് തരത്തിലുള്ള ശിക്ഷകളാണ് ക്ഷമിച്ചതെന്ന് ഐ ആര്‍ സി സി വ്യക്തമാക്കണമെന്ന് വാന്‍കൂവര്‍ ആസ്ഥാനമായുള്ള ഇമിഗ്രേഷന്‍ അഭിഭാഷകന്‍ റിച്ചാര്‍ഡ് കുര്‍ലാന്‍ഡ് പറഞ്ഞു. പല കേസുകളിലും ഒരു വ്യക്തിയെ പുനരധിവസിപ്പിക്കുന്നത് ന്യായീകരിക്കപ്പെടാറുണ്ട്. പ്രത്യേകിച്ച് സ്വേച്ഛാധിപത്യ രാഷ്ട്രങ്ങളിലെ രാഷ്ട്രീയ കുറ്റകൃത്യങ്ങള്‍ക്ക് ശിക്ഷിക്കപ്പെടുമ്പോഴാണിത് കാണപ്പെടാറുള്ളത്. ചില കുറ്റകൃത്യങ്ങള്‍ നിസ്സാരമാണെന്നും പതിറ്റാണ്ടുകളായി വീണ്ടും കുറ്റകൃത്യം ചെയ്യാത്ത ആളുകള്‍ ചെയ്തതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ ലൈംഗിക കുറ്റകൃത്യങ്ങളും ഗാര്‍ഹിക പീഡനവും ഉള്‍പ്പെടെയുള്ള 'വ്യക്തിക്കെതിരായ കുറ്റകൃത്യങ്ങള്‍ക്ക്' ശിക്ഷിക്കപ്പെട്ട അപേക്ഷകര്‍ ഉയര്‍ന്ന തലത്തിലുള്ള പരിശോധനയ്ക്ക് വിധേയരാകണം. അമേരിക്കയില്‍ നിന്ന് നാടുകടത്തല്‍ നേരിടുന്ന ക്രിമിനല്‍ കുറ്റക്കാര്‍ കാനഡയിലേക്ക് കടക്കാന്‍ ശ്രമിച്ചേക്കാമെന്നതിനാല്‍ ഈ വിഷയം വളരെ പ്രസക്തമാണെന്ന് അദ്ദേഹം പറഞ്ഞു.
യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭരണകൂടം ക്രിമിനല്‍ കുറ്റക്കാരായ കുടിയേറ്റക്കാരെ നാടുകടത്തുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. കഴിഞ്ഞയാഴ്ച, യു എസ് സുപ്രിം കോടതിയില്‍ നിയമപരമായ വിജയം നേടി, നിയമവിരുദ്ധ കുടിയേറ്റക്കാരെ സ്വീകരിക്കാന്‍ സമ്മതിച്ച എല്‍ സാല്‍വഡോര്‍ പോലുള്ള മൂന്നാം രാജ്യങ്ങളിലേക്ക് നാടുകടത്താന്‍ ആഭ്യന്തര സുരക്ഷാ വകുപ്പിനെ അനുവദിക്കുന്നു. 'പുനരധിവാസത്തിന് അംഗീകാരം ലഭിച്ചുകഴിഞ്ഞാല്‍ താത്ക്കാലിക താമസക്കാരനായോ സ്ഥിര താമസക്കാരനായോ പ്രവേശനം തേടുന്ന അപേക്ഷകര്‍ക്കുള്ള ആവശ്യകതകള്‍ അവര്‍ പാലിക്കേണ്ടതുണ്ട്' എന്ന് ഐആര്‍സിസിയുടെ കാരോണ്‍ പറഞ്ഞു.
