ട്രംപ് ഭരണകൂടത്തിന് തിരിച്ചടി: ഹെയ്തി കുടിയേറ്റക്കാര്‍ക്കുള്ള താല്‍ക്കാലിക സംരക്ഷിത പദവി നിര്‍ത്തലാക്കിയ നടപടി കോടതി തടഞ്ഞു

ട്രംപ് ഭരണകൂടത്തിന് തിരിച്ചടി: ഹെയ്തി കുടിയേറ്റക്കാര്‍ക്കുള്ള താല്‍ക്കാലിക സംരക്ഷിത പദവി നിര്‍ത്തലാക്കിയ നടപടി കോടതി തടഞ്ഞു


ന്യൂയോര്‍ക്ക്: വിദേശ കുടിയേറ്റക്കാരെ പുറത്താക്കാനുള്ള ട്രംപ് ഭരണകൂടത്തിന്റെ നീക്കങ്ങള്‍ക്ക് കോടതിയില്‍ നിന്ന് വീണ്ടും തിരിച്ചടി. ഹെയ്തി കുടിയേറ്റക്കാര്‍ക്കുള്ള താല്‍ക്കാലിക സംരക്ഷിത പദവി (TPS) കാലാവധി തീരുംമുമ്പ് അവസാനിപ്പിക്കാനുള്ള ട്രംപ് ഭരണകൂടത്തിന്റെ ശ്രമം ബ്രൂക്ലിനിലെ ഒരു ഫെഡറല്‍ ജഡ്ജി തടഞ്ഞതാണ് ഈ പരമ്പരയിലെ ഏറ്റവും പുതിയ സംഭവം. അരലക്ഷത്തിലധികം ആളുകളുടെ നാടുകടത്തല്‍ സംരക്ഷണം, വര്‍ക്ക് പെര്‍മിറ്റുകള്‍ എന്നിവ എടുത്തുമാറ്റുന്നതില്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹോംലാന്‍ഡ് സെക്യൂരിറ്റി  നിയമം ലംഘിച്ചുവെന്ന് കോടതി കണ്ടെത്തി.

മുന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ഹെയ്തിയുടെ താല്‍ക്കാലിക സംരക്ഷിത പദവിയുടെ കാലാവധി 18 മാസത്തേക്ക് (2026 ഫെബ്രുവരി മൂന്ന് വരെ) നീട്ടിയതിന് പിന്നാലെ, ഈ വര്‍ഷം ആദ്യം സെക്രട്ടറി ക്രിസ്റ്റി നോമിന്റെ കീഴിലുള്ള ഡി എച്ച് എസ് ആ കാലാവധി റദ്ദാക്കിയിരുന്നു. പിന്നീട്, ട്രംപ് ഭരണകൂടം ഈ കാലാവധി വെട്ടിച്ചുരുക്കി. ആദ്യം ഓഗസ്റ്റ് 3 പുതിയ അവസാന തീയതിയായി നിശ്ചയിക്കുകയും, പിന്നീട് കഴിഞ്ഞ ആഴ്ച സെപ്റ്റംബര്‍ 2ലേക്ക് മാറ്റുകയും ചെയ്തിരുന്നു.

ചൊവ്വാഴ്ച പുറപ്പെടുവിച്ച വിധിയില്‍, യുഎസ് ജില്ലാ ജഡ്ജി ബ്രയാന്‍ കോഹന്‍, ടി പി എസ് അവസാനിപ്പിക്കുന്നതിന് മുമ്പ് ഹൈതിയിലെ നിലവിലെ സാഹചര്യങ്ങള്‍ അവലോകനം ചെയ്യണമെന്ന് കോണ്‍ഗ്രസ് നിര്‍ബന്ധമാക്കിയ സമയക്രമങ്ങളും നടപടിക്രമങ്ങളും നോം പാലിക്കുന്നതില്‍ പരാജയപ്പെട്ടുവെന്ന് വ്യക്തമാക്കി.