ഇസ്രായേലിലേക്കുള്ള യാത്ര നിര്‍ദ്ദേശങ്ങളില്‍ യു എസ് ഇളവ് വരുത്തി

ഇസ്രായേലിലേക്കുള്ള യാത്ര നിര്‍ദ്ദേശങ്ങളില്‍ യു എസ് ഇളവ് വരുത്തി


വാഷിംഗ്ടണ്‍: യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് ഇസ്രായേലിനുള്ള യാത്രാ ഉപദേശം പരിഷ്‌കരിച്ചു. തീവ്രവാദ ഭീഷണികളും ആഭ്യന്തര കലാപങ്ങളും തുടരുന്ന സാഹചര്യത്തില്‍ അമേരിക്കക്കാരോട് കൂടുതല്‍ ജാഗ്രത പാലിക്കാന്‍ ആവശ്യപ്പെട്ടു. 

വര്‍ദ്ധിച്ചുവരുന്ന പ്രാദേശിക അസ്ഥിരതയുടെയും യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനും ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനുമെതിരെ മുതിര്‍ന്ന ഇറാനിയന്‍ പുരോഹിതന്‍ പുതുതായി പുറപ്പെടുവിച്ച ഫത്വയുടെയും നിഴലിലാണ് ഈ നീക്കം.

ജൂണ്‍ 16ന് പുറപ്പെടുവിച്ച മുന്‍ ലെവല്‍ 4: യാത്ര ചെയ്യരുത് എന്ന പദവിയില്‍ നിന്ന് ഇസ്രായേല്‍, വെസ്റ്റ് ബാങ്ക് എന്നിവയെ യു എസ് ലെവല്‍ 3: യാത്ര പുനഃപരിശോധിക്കുക എന്ന ഉപദേശത്തിന് കീഴില്‍ കൊണ്ടുവന്നു. എന്നിരുന്നാലും ഭീഷണികള്‍ ഗുരുതരവും പ്രവചനാതീതവുമായി തുടരുന്നുവെന്ന് ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കി.

ഭീകര ഗ്രൂപ്പുകളും ഒറ്റപ്പെട്ട ഭീകരരും മറ്റ് അക്രമാസക്തരായ തീവ്രവാദികളും ഇസ്രായേല്‍, വെസ്റ്റ് ബാങ്ക്, ഗാസ എന്നിവിടങ്ങളില്‍ സാധ്യമായ ആക്രമണങ്ങള്‍ക്ക് പദ്ധതിയിടുന്നത് തുടരുന്നുവെന്ന് ഉപദേശക സമിതി പറഞ്ഞു. ടൂറിസ്റ്റ് കേന്ദ്രങ്ങള്‍, ഗതാഗതം, മാര്‍ക്കറ്റുകള്‍, ഷോപ്പിംഗ് മാളുകള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവ ലക്ഷ്യമിട്ട് ചെറിയ മുന്നറിയിപ്പോടെയോ മുന്നറിയിപ്പില്ലാതെയോ ആക്രമണങ്ങള്‍ ഉണ്ടാകാമെന്ന് കൂട്ടിച്ചേര്‍ത്തു.

മേഖലയില്‍ സുരക്ഷിതത്വ അന്തരീക്ഷം 'അസ്ഥിരവും സങ്കീര്‍ണ്ണവുമായതിനാല്‍' മുന്നറിയിപ്പില്ലാതെ അക്രമം പൊട്ടിപ്പുറപ്പെടാമെന്നും ഉപദേശക സമിതി മുന്നറിയിപ്പ് നല്‍കി. കൂടാതെ, സംഘര്‍ഷങ്ങള്‍ വര്‍Oിക്കുന്നതിനാല്‍ ഇസ്രായേലിലേക്കും പുറത്തേക്കുമുള്ള വാണിജ്യ വിമാന സര്‍വീസുകള്‍ കുറയ്ക്കുകയോ റദ്ദാക്കുകയോ ചെയ്യുമെന്ന് യു എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് മുന്നറിയിപ്പ് നല്‍കി.

ന്യൂയോര്‍ക്ക് സണ്‍ പ്രകാരം എഴുത്തുകാരന്‍ സല്‍മാന്‍ റുഷ്ദിക്കെതിരെ പ്രഖ്യാപിച്ചതിന് സമാനമായ മതപരമായ കല്‍പ്പനയാണ് ഗ്രാന്‍ഡ് ആയത്തുള്ള നാസര്‍ മകരേം ഷിരാസി പുറപ്പെടുവിച്ചത്. ഇറാന്‍ നേതൃത്വത്തെ അപകടത്തിലാക്കിയതിന് ഇസ്രായേലി, അമേരിക്കന്‍ ഉദ്യോഗസ്ഥരെ അട്ടിമറിക്കാന്‍ മുസ്‌ലിംകളോട് ആഹ്വാനം ചെയ്യുന്നു. 

ഐക്യത്തെയും അധികാരത്തെയും അപകടപ്പെടുത്തുന്ന ആരെയും 'യുദ്ധപ്രഭു'വായും ദൈവത്തിനെതിരെ യുദ്ധം ചെയ്യുന്ന ഒരാളായും മുദ്ര കുത്തണമെന്ന് കല്‍പ്പന പറയുന്നു. ഇത്തരത്തില്‍ കണക്കാക്കപ്പെടുന്ന ആളുകളെ വധശിക്ഷയ്ക്ക് വിധേയരാക്കാനോ ക്രൂശിക്കാനോ കൈകാലുകള്‍ മുറിച്ചുമാറ്റാനോ നാടുകടത്താനോ ഇറാനിയന്‍ നിയമം അനുവദിക്കുന്നു.

അതേസമയം, ഗാസയില്‍ ഇസ്രായേലുമായി 60 ദിവസത്തെ വെടിനിര്‍ത്തലിനുള്ള നിര്‍ദ്ദേശം  അംഗീകരിക്കാന്‍ ട്രംപ് ഹമാസിനോട് അഭ്യര്‍ഥിച്ചു, ഈജിപ്തില്‍ നിന്നും ഖത്തറില്‍ നിന്നുമുള്ള ചര്‍ച്ചാ ഉദ്യോഗസ്ഥര്‍ ഇത് അവതരിപ്പിക്കും.

ഗാസയെച്ചൊല്ലി തന്റെ പ്രതിനിധികളും ഇസ്രായേല്‍ ഉദ്യോഗസ്ഥരും തമ്മില്‍ 'ദീര്‍ഘവും ഫലപ്രദവുമായ' കൂടിക്കാഴ്ച നടന്നതായി ട്രംപ് സോഷ്യല്‍ മീഡിയയില്‍ അവകാശപ്പെട്ടു.

60 ദിവസത്തെ വെടിനിര്‍്ത്തല്‍ കരാറിനോട് ഇസ്രായേല്‍ അനുകൂലമായാണ് പ്രതികരിച്ചതെന്ും മധ്യപൗരസ്ത്യ ദേശത്തിന്റെ നന്മയ്ക്കായി ഹമാസ് ഈ കരാര്‍ അംഗീകരിക്കുമെന്ന് താന്‍ പ്രതീക്ഷിക്കുന്നുവെന്നും യു എസ് പ്രസിഡന്റ് പറഞ്ഞു.

നേരത്തെ, ഇസ്രായേലും ഹമാസും അടുത്ത ആഴ്ച വെടിനിര്‍ത്തുന്നതിനുള്ള കരാറില്‍ എത്തുമെന്ന് ട്രംപ് മാധ്യമ പ്രവര്‍ത്തകരോട് ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചിരുന്നു.