പുതിയ ഇന്ധന നിയമം ഡല്‍ഹിയില്‍ പ്രാവര്‍ത്തികമായി; വലഞ്ഞ് നിരവധി വാഹന ഉടമകള്‍

പുതിയ ഇന്ധന നിയമം ഡല്‍ഹിയില്‍ പ്രാവര്‍ത്തികമായി; വലഞ്ഞ് നിരവധി വാഹന ഉടമകള്‍


ന്യൂഡല്‍ഹി: പത്ത് വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള ഡീസല്‍ വാഹനങ്ങള്‍ക്കും 15 വര്‍ഷം കഴിഞ്ഞ പെട്രോള്‍ വാഹനങ്ങള്‍ക്കും ഇന്ധനം വിലക്കിയ ഡല്‍ഹി സര്‍ക്കാര്‍ നടപടി നിരവധി വാഹന ഉടമകളെ വലച്ചു. വന്‍ വിലയുള്ള കാറുകള്‍ ചെറിയ തുകയ്ക്ക് വിറ്റ് ഒഴിവാക്കേണ്ട അവസ്ഥയാണ് ആഡംബര വാഹന ഉടമകള്‍ക്കുള്ളത്. 

ജൂലൈ ഒന്നുമുതലാണ് ഡല്‍ഹിയില്‍ പുതിയ നിയമം പ്രാബല്യത്തില്‍ വന്നത്. വായു മലിനീകരണം കുറക്കാന്‍ കമ്മീഷന്‍ ഫോര്‍ എയര്‍ ക്വാളിറ്റി മാനേജ്മെന്റിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് പുതിയ നടപടി പ്രാബല്യത്തിലായത്. 

വലിയ തുകയ്ക്ക് കൈമാറാന്‍ സാധിക്കുന്ന വാഹനങ്ങള്‍ വളരെ ചെറിയ വിലയ്ക്ക് വില്‍ക്കേണ്ടി വരുന്നു എന്നതിനേക്കാള്‍ വര്‍ഷങ്ങളായി തങ്ങള്‍ ഉപയോഗിക്കുന്ന പ്രിയപ്പെട്ട വാഹനങ്ങള്‍ പലതും കൈമാറേണ്ടി വരുന്നത് പലര്‍ക്കും മാനസികമായ പ്രയാസങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. 

മണികണ്‍ട്രോള്‍ റിപ്പോര്‍ട്ട് ചെയ്ത ഒരു സംഭവത്തില്‍ വരുണ്‍ വിജ് എന്ന വ്യക്തിയുടെ 2015 മോഡല്‍ മെഴ്‌സിഡസ് ബെന്‍സ് എം എല്‍ 350 ആഡംബര എസ് യു വി വിറ്റൊഴിവാക്കിയത് കേവലം രണ്ടര ലക്ഷം രൂപയ്ക്കായിരുന്നു. അദ്ദേഹം അത് വാങ്ങിയപ്പോള്‍ വില 84 ലക്ഷം രൂപയാണ്. 

ഒരു ദശാബ്ദക്കാലമായി തന്റെ കുടുംബത്തിന്റെ ജീവിതത്തിന്റെ ഭാഗമായിരുന്ന കാര്‍ ഉപേക്ഷിക്കുന്നതിന്റെ വൈകാരിക ആഘാതം വിജ് വിവരിച്ചു. മകനെ ഹോസ്റ്റലില്‍ നിന്ന് കൂട്ടിക്കൊണ്ടുവരാന്‍ ആഴ്ചയില്‍ എട്ടു മണിക്കൂറോളം ഡ്രൈവ് ചെയ്യാന്‍ ഇത് ഉപയോഗിച്ചത് അദ്ദേഹം സ്‌നേഹപൂര്‍വ്വം ഓര്‍ത്തു.

1.35 ലക്ഷം കിലോമീറ്റര്‍ മാത്രം ഓടിയിട്ടും പതിവ് സര്‍വീസിംഗും ടയര്‍ മാറ്റലും മാത്രമാണ് നടത്തിയതെങ്കിലും കാറിന് വിപണിയില്‍ രണ്ടര ലക്ഷം രൂപ പോലും ലഭിച്ചില്ല.

രജിസ്‌ട്രേഷന്‍ പുതുക്കാനാവുമെന്ന് പ്രതീക്ഷിച്ചെങ്കില്‍ അത് സാധിച്ചില്ലെന്നും മറ്റാരും ഇത് വാങ്ങാന്‍ തയ്യാറായില്ലെന്നും ഒടുവില്‍ നിര്‍ബന്ധിതമായി വില്‍ക്കേണ്ടി വരികയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. തനിക്ക് അതല്ലാതെ മറ്റ് മാര്‍ഗ്ഗമില്ലെന്നും അദ്ദേഹം വിശദമാക്കി.

പുതിയ നിയമം നിലവില്‍ വന്നതോടെ ഭാവിയില്‍ ഇത്തരം പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ വിജ് ഇപ്പോള്‍ 62 ലക്ഷം വിലയുള്ള ഇലക്ട്രിക് വാഹനമാണ് വാങ്ങിയത്. മറ്റൊരു സര്‍ക്കാര്‍ നയം വരുന്നില്ലെങ്കില്‍ ചുരുങ്ങിയത് 20 വര്‍ഷമെങ്കിലും ഈ വാഹനം ഉപയോഗിക്കാനാണ് താന്‍ ലക്ഷ്യമിടുന്നതെന്നാണ് അദ്ദേഹം പറഞ്ഞത്. 

നിയമം പ്രാബല്യത്തില്‍ വന്നതിനുശേഷം സമാനമായ സാഹചര്യങ്ങളിലുള്ള മറ്റ് വാഹന ഉടമകള്‍ എന്തുചെയ്യണമെന്ന് അറിയാതെ തന്നെ ബന്ധപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. 

ഡല്‍ഹിയിലെ ഇന്ധന നിയന്ത്രണങ്ങളുടെ യാഥാര്‍ഥ്യത്തെ ആയിരക്കണക്കിന് ആളുകള്‍ അഭിമുഖീകരിക്കുമ്പോള്‍ പലരും വലിയ സാമ്പത്തിക നഷ്ടമോ ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറുന്നതോ തിരഞ്ഞെടുക്കാന്‍ നിര്‍ബന്ധിതരാകുന്നു.