ന്യൂഡല്‍ഹി: വെനസ്വേലയെ നടുക്കിയ ഇരട്ട ഭൂകമ്പത്തെ തുടര്‍ന്ന് ദുരിതബാധിതര്‍ക്കായി ഇന്ത്യ അടിയന്തര മാനുഷിക സഹായം അയച്ചു. ഇന്ത്യന്‍ വ്യോമസേനയുടെ രണ്ട് സി-17 ഗ്ലോബ്മാസ്റ്റര് വിമാനങ്ങള്‍ ഫീല്‍ഡ് ആശുപത്രി, 'ഭീഷ്മ് ക്യൂബുകള്‍', മെഡിക്കല്‍ ഉപകരണങ്ങള്‍, മരുന്നുകള്‍ എന്നിവയുള്‍പ്പെടെയുള്ള ദുരിതാശ്വാസ സാമഗ്രികളുമായി വെനസ്വേലയിലേക്ക് പുറപ്പെട്ടതായി അധികൃതര്‍ അറിയിച്ചു.
വെനസ്വേലയില്‍ ഉണ്ടായ വന്‍ ദുരന്തത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോധിയാണ് സഹായം പ്രഖ്യാപിച്ചത്. വെനസ്വേലയെ ബാധിച്ച അതിശക്തമായ ഭൂകമ്പം സൃഷ്ടിച്ച നാശനഷ്ടത്തില്‍ അതിയായ ദുഃഖമുണ്ടെന്നും ഇന്ത്യയിലെ ജനങ്ങളുടെ പേരില്‍ വെനസ്വേല സര്‍ക്കാരിനും ജനങ്ങള്‍ക്കും പ്രത്യേകിച്ച് പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങള്‍ക്കും ഹൃദയംഗമമായ അനുശോചനം അറിയിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. പരിക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്ന് പ്രാര്‍ഥിക്കുന്നതായും ദുരിതബാധിതര്‍ക്കൊപ്പം ഇന്ത്യ ഉറച്ച ഐക്യദാര്‍ഢ്യത്തോടെ നില്‍ക്കുന്നുവെന്നും ആവശ്യമായ എല്ലാ സഹായവും നല്കാന് ഇന്ത്യ സന്നദ്ധമാണെന്നും പ്രധാനമന്ത്രി സമൂഹമാധ്യമത്തില്‍ കുറിച്ചു.
ഇന്ത്യയുടെ സഹായനടപടിയെ വെനസ്വേലയുടെ ആക്ടിങ് പ്രസിഡന്റ് ഡെല്‍സി റോഡ്രിഗസ് സ്വാഗതം ചെയ്തു. ദുരിതസമയങ്ങളില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണത്തിന്റെയും സൗഹൃദത്തിന്റെയും പ്രതിഫലനമാണ് ഇന്ത്യയുടെ പിന്തുണയെന്ന് അവര്‍ പറഞ്ഞു.
ആഗോള പ്രതിസന്ധി ഘട്ടങ്ങളില്‍ വിവിധ രാജ്യങ്ങള്‍ക്ക് മാനുഷിക സഹായം നല്കുന്ന ഇന്ത്യയുടെ ദീര്‍ഘകാല പാരമ്പര്യത്തിന്റെ തുടര്‍ച്ചയായാണ് ഈ നടപടിയെ വിലയിരുത്തുന്നത്.
ബുധനാഴ്ച വെനസ്വേലയുടെ തലസ്ഥാനമായ കാരക്കാസിന് പടിഞ്ഞാറുള്ള യാരകുയ് സംസ്ഥാനത്തിന് സമീപം സെക്കന്‍ഡുകളുടെ വ്യത്യാസത്തില്‍ റിക്ടര്‍ സ്കെയിലില്‍ 7.2, 7.5 തീവ്രത രേഖപ്പെടുത്തിയ രണ്ട് ശക്തമായ ഭൂകമ്പങ്ങളാണ് ഉണ്ടായത്. ഇതുവരെ 235 പേര് മരിക്കുകയും 4,300-ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു. ലാ ഗുവൈറയിലും തലസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലും തകര്‍ന്ന കെട്ടിടങ്ങള്‍ക്കടിയില്‍ കുടുങ്ങിയവര്‍ക്കായി രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. നിരവധി കെട്ടിടങ്ങളും അടിസ്ഥാന സൗകര്യങ്ങളും ഗുരുതരമായി തകര്‍ന്നിട്ടുണ്ട്.
അമേരിക്ക, മെക്സിക്കോ, സ്പെയിന് തുടങ്ങിയ രാജ്യങ്ങളും വെനസ്വേലയ്ക്ക് സഹായം പ്രഖ്യാപിച്ചിട്ടുണ്ട്.
