ട്രംപിന്റെ വിജയത്തില്‍ ഇന്ത്യയ്ക്ക് 'പരിഭ്രാന്തി'യില്ലെന്ന് ജയശങ്കര്‍

ട്രംപിന്റെ വിജയത്തില്‍ ഇന്ത്യയ്ക്ക് 'പരിഭ്രാന്തി'യില്ലെന്ന് ജയശങ്കര്‍


ന്യൂഡല്‍ഹി: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് പല രാജ്യങ്ങളും പരിഭ്രാന്തരാണെങ്കിലും ഇന്ത്യ അതില്‍ ഉള്‍പ്പെടില്ലെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍. മുംബൈയില്‍ നടന്ന ആദിത്യ ബിര്‍ള ഗ്രൂപ്പ് സ്‌കോളര്‍ഷിപ്പ് പ്രോഗ്രാമിന്റെ രജതജൂബിലിയില്‍ യു എസ് തെരഞ്ഞെടുപ്പ് ഫലവും ഇന്ത്യ- യു എസ് ബന്ധത്തെ കുറിച്ചുമുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. 

ട്രംപിനെ അനുമോദിച്ച ആദ്യ മൂന്നു കോളുകളിലൊന്ന് മോഡിയുടേതായിരുന്നുവെന്നും ഒന്നിലധികം യു എസ് പ്രസിഡന്റുമാരുമായി മോഡിക്ക് നല്ല ബന്ധമായിരുന്നുവെന്നും ജയശങ്കര്‍ പറഞ്ഞു. ഒബാമ, ട്രംപ്, ബൈഡന്‍ എന്നിവരോടെല്ലാം നല്ല ബന്ധങ്ങളാണ് സ്ഥാപിച്ചത്. 

ട്രംപ് വീണ്ടും പ്രസിഡന്റായതോടെ ഒരുപാട് രാജ്യങ്ങള്‍ക്ക് ആശങ്കയുണ്ടെങ്കിലും ഇന്ത്യ അക്കൂട്ടത്തില്‍ പെടില്ലെന്നും അദ്ദേഹം പറഞ്ഞു. 

ഇന്ത്യയുടെ വര്‍ധിച്ചുവരുന്ന ആഗോള സ്വാധീനവും ജയശങ്കര്‍ എടുത്തുപറഞ്ഞു. ഇന്ത്യ ഇന്ന് ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ്വ്യവസ്ഥയാണ്. ദശാബ്ദത്തിന്റെ അവസാനത്തോടെ മൂന്നാം സ്ഥാനത്തെത്തും. ലോകവുമായുള്ള നമ്മുടെ ഇടപെടലും താത്പര്യവും ആനുപാതികമായി വളര്‍ന്നു. കഴിഞ്ഞ ദശകത്തില്‍ കയറ്റുമതി ഗണ്യമായി വര്‍ധിച്ചു. ഈ കാലയളവില്‍ ഇന്ത്യയിലെ നിക്ഷേപങ്ങളും ഇരട്ടിയിലധികമായെന്നും ജയശങ്കര്‍ പറഞ്ഞു.