ആര്‍ജി കര്‍ മെഡിക്കല്‍ കോളജിലെ മെഡിക്കല്‍ വിദ്യാര്‍ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി

ആര്‍ജി കര്‍ മെഡിക്കല്‍ കോളജിലെ മെഡിക്കല്‍ വിദ്യാര്‍ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി


കൊല്‍ക്കത്ത: ആര്‍ജി കര്‍ മെഡിക്കല്‍ കോളജിലെ 20 വയസുള്ള മെഡിക്കല്‍ വിദ്യാര്‍ഥിനിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. കമര്‍ഹട്ടി ഇഎസ്ഐ ക്വാര്‍ട്ടേഴ്സിലെ മുറിയില്‍ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി ബാരക്പൂര്‍ പൊലീസ് കമ്മിഷണറേറ്റ് ഡിസി (നോര്‍ത്ത്) ഗണേഷ് ബിശ്വാസ് പറഞ്ഞു.

ആര്‍ജി കര്‍ മെഡിക്കല്‍ കോളജിലെ രണ്ടാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ഥിനിയാണ് മരിച്ചത്. ഇഎസ്ഐ ആശുപത്രിയില്‍ ഡോക്ടറായി ജോലി ചെയ്യുന്ന തന്റെ അമ്മയോടൊപ്പമാണ് പെണ്‍കുട്ടി താമസിച്ചിരുന്നത്. വിദ്യാര്‍ഥിനുയുടേത് ആത്മഹത്യയാണോ അതോ കൊലപാതകമാണോ എന്നത് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് പൊലീസ് വ്യക്തമാക്കുന്നു.

പെണ്‍കുട്ടി മരിക്കുന്നതിന് തൊട്ടുമുമ്പ് അമ്മയുമായി ഫോണില്‍ വിളിച്ചിരുന്നതായി പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. എന്നാല്‍, അമ്മയ്ക്ക് ഫോണ്‍ എടുക്കാന്‍ സാധിച്ചിരുന്നില്ല. ശേഷം, മകളെ മാതാവ് ഫോണിലൂടെ ആവര്‍ത്തിച്ച് ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും മകള്‍ ഫോണ്‍ എടുത്തില്ല. തുടര്‍ന്ന് സംശയം തോന്നിയ മാതാവ് മകളുടെ റൂമില്‍ എത്തിയപ്പോള്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. വിദ്യാര്‍ഥിനിയുടെ പിതാവ് മുംബൈയില്‍ ബാങ്കില്‍ ജോലി ചെയ്യുകയാണ്.

സംഭവ സ്ഥലത്തെത്തിയ പൊലീസ് മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് അയച്ചു. അസ്വാഭാവിക മരണത്തിന് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വന്നതിനുശേഷം മാത്രമേ മരണത്തിന്റെ യഥാര്‍ഥ കാരണം വ്യക്തമാകൂ എന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

അതേസമയം, കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ ആര്‍ജി കര്‍ ആശുപത്രിയിലെ സെമിനാര്‍ മുറിയില്‍ ബിരുദാനന്തര പരിശീലന വനിതാ ഡോക്ടര്‍ ക്രൂരബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ടിരുന്നു. ഇതിനു പിന്നാലെ രാജ്യത്ത് വലിയ പ്രതിഷേധം ഉണ്ടായിരുന്നു. കേസിലെ പ്രതിക്ക് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചിരുന്നു.