ഇ ഡി അവരുടേയും താന്‍ തന്റേയും ജോലി ചെയ്യുമെന്ന് സമന്‍സ് പരിഗണിക്കാതെ മഹുവ മൊയ്ത്ര

ഇ ഡി അവരുടേയും താന്‍ തന്റേയും ജോലി ചെയ്യുമെന്ന് സമന്‍സ് പരിഗണിക്കാതെ മഹുവ മൊയ്ത്ര


ന്യൂഡല്‍ഹി: ഇ ഡി ഓഫീസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സമന്‍സ് പരിഗണിക്കാതെ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മഹുവ മൊയ്ത്ര പശ്ചിമ ബംഗാളിലെ കൃഷ്ണനഗര്‍ മണ്ഡലത്തില്‍ പ്രചാരണം നടത്തി.

ഫോറിന്‍ എക്സ്ചേഞ്ച് മാനേജ്മെന്റ് ആക്ട് (ഫെമ) ലംഘന കേസില്‍ ചോദ്യം ചെയ്യുന്നതിനായി മൊയ്ത്രയ്ക്കും ദുബായ് ആസ്ഥാനമായുള്ള വ്യവസായി ദര്‍ശന്‍ ഹിരാനന്ദാനിക്കും അന്വേഷണ ഏജന്‍സി പുതിയ സമന്‍സ് അയച്ചിരുന്നു.

ഇ ഡി അവരുടേയും താന്‍ തന്റേയും ജോലികള്‍ ചെയ്യുമെന്നും പ്രചരണം തുടരുമെന്നും മഹുവ മൊയ്ത്ര കലിയഗഞ്ചില്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

49-കാരിയായ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവിനെ കേന്ദ്ര ഏജന്‍സി നേരത്തെ രണ്ടുതവണ ചോദ്യം ചെയ്യാന്‍ വിളിച്ചിരുന്നുവെങ്കിലും ഔദ്യോഗിക ജോലികള്‍ ചൂണ്ടിക്കാട്ടി അവര്‍ ഹാജരായിരുന്നില്ല.

ഡിസംബറില്‍ ലോക്സഭയില്‍ നിന്ന് പുറത്താക്കപ്പെട്ട മൊയ്ത്ര ലോക്സഭാ തെരഞ്ഞെടുപ്പില്‍ പശ്ചിമ ബംഗാളിലെ കൃഷ്ണനഗര്‍ സീറ്റില്‍ നിന്ന് മത്സരിക്കുന്നുണ്ട്.

ബി ജെ പി എം പി നിഷികാന്ത് ദുബെ മൊയ്ത്രക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ അന്വേഷിക്കാന്‍ അഴിമതി വിരുദ്ധ ഓംബുഡ്സ്മാന്‍ ലോക്പാല്‍ ഫെഡറല്‍ ഏജന്‍സിക്ക് നിര്‍ദ്ദേശം നല്‍കിയതിന് പിന്നാലെ കാഷ് ഫോര്‍ ക്വറി കേസുമായി ബന്ധപ്പെട്ട് സി ബി ഐ റെയ്ഡ് നടത്തിയിരുന്നു.

താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് മൊയ്ത്ര അറിയിച്ചു.

സമന്‍സ് പരിഗണിക്കാതിരുന്ന മൊയ്ത്രയുടെ തീരുമാനത്തെ ബി ജെ പി നേതാവ് രാഹുല്‍ സിന്‍ഹ വിമര്‍ശിച്ചു. ഇഡി അടുത്തിടെ അറസ്റ്റ് ചെയ്ത ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ഒന്‍പത് തവണ സമന്‍സുകള്‍ അവഗണിച്ചപ്പോള്‍ എന്താണ് സംഭവിച്ചതെന്ന് മറക്കരുതെന്നും മുന്നറിയിപ്പ് നല്‍കി.