അനന്തരാവകാശ നികുതിയും യു എസിലെ സംസ്ഥാനങ്ങളും

അനന്തരാവകാശ നികുതിയും യു എസിലെ സംസ്ഥാനങ്ങളും


വാഷിംഗ്ടണ്‍: സാം പിട്രോഡയുടെ യു എസ് അനന്തരാവകാശ നിയമ പരാമര്‍ശം ഇന്ത്യയില്‍ രാഷ്ട്രീയ കൊടുങ്കാറ്റിനു തുടക്കമിട്ടു. രാഹുല്‍ ഗാന്ധിക്കും അദ്ദേഹത്തിന്റെ രാഷ്ട്രീയ ഉപദേഷ്ടാക്കള്‍ക്കും എതിരായ രാഷ്ട്രീയ ആഖ്യാനം ശക്തിപ്പെടുത്താന്‍ ബി ജെ പി അതിനെ ഉപയോഗിച്ചപ്പോള്‍ കോണ്‍ഗ്രസ് അഭിപ്രായത്തില്‍ നിന്നും അകലം പാലിക്കുകയാണ് ചെയ്തത്. 

ഇന്ത്യയില്‍ യു എസ് അനന്തരാവകാശ നികുതി രീതിയില്‍ ചുമത്തണമെന്നായിരുന്നു സാം പിട്രോഡ അഭിപ്രായപ്പെട്ടത്. 

യുണൈറ്റഡ് സ്റ്റേറ്റ്‌സില്‍ മരണപ്പെട്ട വ്യക്തിയില്‍ നിന്നും പാരമ്പര്യമായി ലഭിക്കുന്ന പണത്തിനോ സ്വത്തിനോ ചുമത്തുന്ന സംസ്ഥാന നികുതിയാണ് അനന്തരാവകാശ നികുതി. ഫെഡറല്‍ നികുതിയില്‍ നിന്ന് വ്യത്യസ്തമായി അനന്തരാവകാശ നികുതി അടയ്ക്കുന്നതിന് ഗുണഭോക്താവിന് ഉത്തരവാദിത്തമുണ്ട്. നിലവില്‍ യു എസ് ഫെഡറല്‍ ഗവണ്‍മെന്റ് നികുതി ചുമത്തുന്നില്ല. രാജ്യത്ത് ആറ് സംസ്ഥാനങ്ങളില്‍ മാത്രമാണ് അനന്തരാവകാശ നികുതി നടപ്പിലാക്കുന്നത്. മാത്രമല്ല, പല ഗുണഭോക്താക്കളേയും ഈ സംസ്ഥാനങ്ങളിലൊന്നില്‍ താമസിക്കുന്നുണ്ടെങ്കില്‍പ്പോലും ഈ നികുതി അടയ്ക്കുന്നതില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

പാരമ്പര്യ സ്വത്തിന്റേയും പണ മൂല്യത്തിന്റേയും അടിസ്ഥാനത്തില്‍ അനന്തരാവകാശ നികുതി നിരക്കുകള്‍ വളരെ ഒന്നുമുതല്‍ 20 ശതമാനം വരെ ഉയര്‍ന്നതാണ്.

മരിച്ചയാളില്‍ നിന്നും ഗുണഭോക്താക്കള്‍ക്ക് ആസ്തികള്‍ തരംതിരിച്ച് അനുവദിക്കപ്പെട്ടതിന് ശേഷമാണ് അനന്തരാവകാശ നികുതി ആരംഭിക്കുന്നത്. ഈ നികുതി തുക ഓരോ ഗുണഭോക്താവിനും വെവ്വേറെയാണ് കണക്കാക്കുന്നത്. അത് കവര്‍ ചെയ്യേണ്ടത് അവരുടെ ഉത്തരവാദിത്തമാണ്.

ഒരു സംസ്ഥാനം രണ്ടു മില്യണ്‍ ഡോളറില്‍ കൂടുതലുള്ള അനന്തരാവകാശങ്ങള്‍ക്ക് 5 ശതമാനം നികുതി ചുമത്തുന്നുണ്ടെങ്കില്‍ വില്‍പ്പത്രത്തില്‍ അഞ്ച് മില്യണ്‍ ഡോളറാണ് ലഭിക്കുന്നതെങ്കില്‍ രണ്ട് മില്യണ്‍ ഡോളറില്‍ കൂടുതലുള്ള തുകയ്ക്ക് മാത്രമായിരിക്കും നികുതി. 

സമീപകാലത്ത് അയോവ അനന്തരാവകാശ നികുതി ക്രമേണ ഇല്ലാതാക്കാന്‍ ലക്ഷ്യമിട്ട് നിയമനിര്‍മ്മാണം നടത്തിയിട്ടുണ്ട്. 2025 ജനുവരി 1-നോ അതിന് ശേഷമോ സംഭവിക്കുന്ന മരണങ്ങള്‍ക്ക് നികുതി പൂര്‍ണമായും ഒഴിവാക്കുന്നതാണ് അയോവയുടെ നിയമ നിര്‍മാണം. 

ഫെഡറല്‍ ഗവണ്‍മെന്റ് അനന്തരാവകാശ നികുതി നടപ്പിലാക്കുന്നില്ലെങ്കിലും ആറ് സംസ്ഥാനങ്ങളില്‍ നികുതി ചുമത്തുന്നുണ്ട്. അയോവ, കെന്റക്കി, മേരിലാന്‍ഡ്, നെബ്രാസ്‌ക, ന്യൂജേഴ്സി, പെന്‍സില്‍വാനിയ എന്നീ സംസ്ഥാനങ്ങളിലാണ് നികുതി ചുമത്തുന്നത്. 

അനന്തരാവകാശ നികുതിയുടെ നിയമങ്ങള്‍ ഓരോ സംസ്ഥാനത്തിനും വ്യത്യസ്തമാണ്. അതുകൊണ്ടുതന്നെ നികുതി നിരക്കും വ്യത്യസ്തമാണ്.

പല സംസ്ഥാനങ്ങളിലും, മരണപ്പെട്ടയാളുമായി ഗുണഭോക്താവ് എത്രത്തോളം അടുത്ത ബന്ധമുള്ളയാളാണ് എന്നതിനെ ആശ്രയിച്ചിരിക്കും അനന്തരാവകാശ നികുതി. സാധാരണയായി വ്യക്തിയുമായി കൂടുതല്‍ അടുപ്പത്തിലാണെങ്കില്‍ അനന്തരാവകാശ നികുതി അടയ്ക്കുന്നതില്‍ നിന്ന് ഒഴിവാക്കാനുള്ള സാധ്യത കൂടുതലാണ്.