കേരളത്തില്‍ വോട്ടെടുപ്പ് വൈകിയത് കൃത്യത ഉറപ്പാക്കാനെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

കേരളത്തില്‍ വോട്ടെടുപ്പ് വൈകിയത് കൃത്യത ഉറപ്പാക്കാനെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍


തിരുവനന്തപുരം: സംസ്ഥാനത്ത് വോട്ടെടുപ്പു വൈകിയതില്‍ വിശദീകരണവുമായി തെരഞ്ഞെടുപ്പു കമ്മിഷന്‍. കൃത്യത ഉറപ്പാക്കാനുള്ള ഉദ്യോഗസ്ഥരുടെ ജാഗ്രതയാണ് വോട്ടെടുപ്പു വൈകാന്‍ കാരണമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫിസര്‍ സഞ്ജയ് കൗള്‍ വ്യക്തമാക്കി. സംസ്ഥാനത്തെ 99 ശതമാനം ബൂത്തുകളിലും എട്ടു മണിയോടെ വോട്ടെടുപ്പു പൂര്‍ത്തിയായെന്നും 95 ശതമാനം ബൂത്തുകളിലും ആറ് മണിയോടെ പോളിങ് പൂര്‍ത്തിയായെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനത്തെ തെരഞ്ഞെടുപ്പു പ്രക്രിയ പൂര്‍ണമായും തൃപ്തികരമായിരുന്നു. പ്രതികൂല കാലാവസ്ഥയും രാഷ്ട്രീയ സാഹചര്യവും പരിഗണിക്കുമ്പോള്‍ മികച്ച പോളിങ്ങാണ് സംസ്ഥാനത്തുണ്ടായത്. വോട്ടെടുപ്പു യന്ത്രങ്ങള്‍ മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് മികച്ച പ്രകടനം കാഴ്ച വെച്ചതായും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ശരാശരി അഞ്ച് ശതമാനമായിരുന്നു വോട്ടിങ് യന്ത്രങ്ങളുടെ തകരാര്‍ നിരക്ക്. വടകര മണ്ഡലത്തിലെ ചില ബൂത്തുകളില്‍ മാത്രമാണ് എട്ടു മണിക്കു ശേഷവും വോട്ടെടുപ്പു നടന്നത്.

വൈകിട്ട് അഞ്ചു മണിക്ക് ശേഷം ഈ മണ്ഡലത്തിലെ ചില ബൂത്തുകളില്‍ കൂടുതല്‍ വോട്ടര്‍മാര്‍ എത്തിയിരുന്നു. ഇവരുടെ രേഖകള്‍ പരിശോധിച്ച് ഉറപ്പു വരുത്താന്‍ കൂടുതല്‍ സമയമെടുത്തു. ആറു മണിയോടെ ബൂത്തിലെത്തിയ എല്ലാവര്‍ക്കും ടോക്കണ്‍ നല്‍കി വോട്ടു ചെയ്യാന്‍ അവസരമൊരുക്കുന്നതില്‍ ഉദ്യോഗസ്ഥര്‍ ജാഗ്രത കാണിച്ചിട്ടുണ്ട്.

ഇരട്ടിപ്പ് കണ്ടെത്തിയ മുഴുവന്‍ കേസുകളിലും പരിഹാര നടപടി സ്വീകരിച്ചിട്ടുണ്ട്. വോട്ടര്‍പട്ടിക ശുദ്ധീകരണം സൂക്ഷ്മതയോടെ നടത്തിയിട്ടുണ്ടെന്നും മുഖ്യതെരഞ്ഞെടുപ്പു ഓഫിസര്‍ പറഞ്ഞു.