ന്യൂഡല്‍ഹി: ബാബ സിദ്ദിഖിയെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി ഉത്തര്‍പ്രദേശില്‍ പിടിയിലായി. മുംബൈ പൊലീസും ഉത്തര്‍പ്രദേശ് പൊലീസും സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് പ്രതി ശിവകുമാര്‍ ഗൗതം അറസ്റ്റിലായത്.
നേപ്പാളിലെ കടക്കാന്‍ ശ്രമിക്കവെ ഉത്തര്‍പ്രദേശിലെ ബഹ്റൈച്ചില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. കൊലപാതകത്തിന് ശേഷം ഒളിവില്‍ പോയ ശിവകുമാറിനെതിരെ പൊലീസ് തെരച്ചില്‍ നോട്ടീസ് പുറത്തിറക്കിയിരുന്നു.
ഗൗതമിനെ രക്ഷപ്പെടാന്‍ സഹായിച്ചതിന് അനുരാഗ് കശ്യപ്, ഗ്യാന്‍ പ്രകാശ് ത്രിപാഠി, ആകാശ് ശ്രീവാസ്തവ, അഖിലേന്ദ്ര പ്രതാപ് സിംഗ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഒക്ടോബര്‍ 12നാണ് മുന്‍ മന്ത്രിയും എന്‍സിപി നേതാവുമായ ബാബ സിദ്ദിഖി (66) വെടിയേറ്റ് കൊല്ലപ്പെട്ടത്. മകന് സീഷന്‍ സിദ്ദിഖിന്റെ ഓഫീസില്‍ നിന്ന് ഇറങ്ങി കാറില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു വെടിയേറ്റത്. പിടിയിലായ ഗൗതമും കൂട്ടാളികളും ലോറന്‍സ് ബിഷ്ണോയുടെ സംഘത്തിലുള്ളവരാണെന്ന് പൊലീസ് അറിയിച്ചു.