റണ്‍വെയില്‍ 155 കി.മീ വേഗതയ്ക്കിടെ സാങ്കേതിക തകരാര്‍; ഡല്‍ഹി- കൊല്‍ക്കത്ത എയര്‍ ഇന്ത്യ വിമാനം റദ്ദാക്കി;വന്‍ ദുരന്തം ഒഴിവായി

റണ്‍വെയില്‍ 155 കി.മീ വേഗതയ്ക്കിടെ സാങ്കേതിക തകരാര്‍; ഡല്‍ഹി- കൊല്‍ക്കത്ത എയര്‍ ഇന്ത്യ വിമാനം റദ്ദാക്കി;വന്‍ ദുരന്തം ഒഴിവായി


ന്യൂഡല്‍ഹി: റണ്‍വേയിലൂടെ മണിക്കൂറില്‍ 155കിമീ വേഗതയില്‍ സഞ്ചരിക്കുന്നതിനിടെ സാങ്കേതിക തകരാര്‍ ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് എയര്‍ ഇന്ത്യ വിമാനം നിര്‍ത്തിച്ച് പൈലറ്റ്. ടേക്ക് ഓഫിനു തൊട്ടുമുന്‍പായിരുന്നു സംഭവം. ഡല്‍ഹിയില്‍ നിന്നും കൊല്‍ക്കത്തയിലേക്ക് ഇന്നലെ വൈകിട്ട് 5.30യ്ക്ക് പുറപ്പെടേണ്ടിയിരുന്ന എഐ 2403 വിമാനമാണ് തലനാരിഴയ്ക്ക് വലിയ ദുരന്തത്തില്‍ നിന്നും രക്ഷപ്പെട്ടത്. 

'2025 ജൂലൈ 21ന് ഡല്‍ഹിയില്‍ നിന്നും കൊല്‍ക്കത്തയിലേക്കുള്ള എഐ2403 വിമാനം പുറപ്പെടുന്നത് വൈകിയിരിക്കുകയാണ്. ടേക്ക് ഓഫ് റോളിനിടെ ഒരു സാങ്കേതിക പ്രശ്‌നം കണ്ടെത്തിയതിനെ തുടര്‍ന്നാണിത്. കോക്പിറ്റ് ക്രൂ സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് പ്രൊസീജറുകള്‍ അനുസരിച്ച് ടേക്ക് ഓഫ് നടത്താതെ വിമാനം നിര്‍ത്തുകയായിരുന്നു' എന്ന് കമ്പനി പ്രസ്താവനയില്‍ പറയുന്നു. യാത്രക്കാര്‍ക്കുണ്ടായ ബുദ്ധിമുട്ടില്‍ ഖേദിക്കുന്നതായും എയര്‍ ഇന്ത്യ പ്രസ്താവനയില്‍ സൂചിപ്പിച്ചു.

എയര്‍ ഇന്ത്യയുമായി ബന്ധപ്പെട്ട് തിങ്കളാഴ്ചയുണ്ടാകുന്ന രണ്ടാമത്തെ സംഭവമാണിത്. കനത്ത മഴയില്‍ മുംബൈ വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്ത എയര്‍ ഇന്ത്യ വിമാനം തെന്നി മാറിയിരുന്നു. കൊച്ചിയില്‍ നിന്നുള്ള എഐ 2744 വിമാനമാണ് രാവിലെ 9.40ന് ലാന്‍ഡിങിനിടെ റണ്‍വേ 27 ല്‍ നിന്ന് തെന്നിമാറിയത്. റണ്‍വേ ഉടന്‍ തന്നെ അടച്ചു. സംഭവത്തില്‍ ആര്‍ക്കും പരുക്കേറ്റിട്ടില്ല. യാത്രക്കാരെ സുരക്ഷിതരായി പുറത്തെത്തിക്കുകയും ചെയ്തു. 

എയര്‍ ഇന്ത്യാ വിഷയം തിങ്കളാഴ്ച രാജ്യസഭയിലും ഉന്നയിക്കപ്പെട്ടിരുന്നു. സുരക്ഷാ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട എംപിമാരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയവേ, എയര്‍ ഇന്ത്യയ്ക്ക് ഒന്‍പത് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിട്ടുണ്ടെന്നും വ്യോമയാന മന്ത്രാലയം അറിയിച്ചു. അഹമ്മദാബാദ് വിമാനദുരന്തമുള്‍പ്പെടെ പാര്‍ലമെന്റില്‍ പരാമര്‍ശിക്കപ്പെട്ടിരുന്നു. അതിനു മുന്‍പുള്ള ആറുമാസത്തിനിടെ എയര്‍ ഇന്ത്യയുമായി ബന്ധപ്പെട്ട് അപകടറിപ്പോര്‍ട്ടുകളൊന്നും വന്നിരുന്നില്ലെങ്കിലും അഞ്ച് സുരക്ഷാ ലംഘനങ്ങളുമായി ബന്ധപ്പെട്ട് എയര്‍ ഇന്ത്യക്ക് ഒമ്പത് കാരണംകാണിക്കല്‍ നോട്ടീസുകള്‍ നല്‍കിയിട്ടുണ്ടെന്ന് മഹാരാഷ്ട്ര സിവില്‍ ഏവിയേഷന്‍ വകുപ്പുമന്ത്രി മുരളീധര്‍ മോഹോള്‍ അറിയിച്ചു.