ന്യൂജേഴ്‌സി: ദി കോസ്ബി ഷോയിലെ തിയോ ഹക്സ്റ്റബിളിനെ അവതരിപ്പിച്ചതിലൂടെ പ്രശസ്തമായ എമ്മി നോമിനേഷന്‍ ലഭിച്ച നടന്‍ മാല്‍ക്കംജമാല്‍ വാര്‍ണര്‍ 54 വയസ്സില്‍ അന്തരിച്ചു. കോസ്റ്റാറിക്കയിലെ കരീബിയന്‍ തീരത്തുള്ള പ്ലായ കോക്കിള്‍സില്‍ നീന്തുന്നതിനിടെ നടന്‍ ദാരുണമായി മുങ്ങിമരിക്കുകയായിരുന്നുവെന്ന് രാജ്യത്തെ ജുഡീഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ വകുപ്പ് സ്ഥിരീകരിച്ചു. കുടുംബത്തോടൊപ്പം അവധിക്കാലം ആഘോഷിക്കുകയായിരുന്ന വാര്‍ണര്‍ നീന്തുന്നതിനിടെ ശക്തമായ ഒഴുക്കില്‍പെട്ട് മുങ്ങിത്താഴുകയായിരുന്നു.
1970 ഓഗസ്റ്റ് 18 ന് ന്യൂജേഴ്‌സിയിലെ ജേഴ്‌സി സിറ്റിയില്‍ ജനിച്ച വാര്‍ണര്‍, ഒരു കൗമാരക്കാരനായിരിക്കെയാണ് 1984 മുതല്‍ 1992 വരെ സംപ്രേഷണം ചെയ്ത ദി കോസ്ബി ഷോയിലൂടെ പ്രശസ്തനായത്. ആകര്‍ഷകവും മറ്റുള്ളവരുമായി ഇണങ്ങുന്നതുമായ തിയോ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതിലൂടെ 1986 ല്‍ അദ്ദേഹത്തിന് പ്രൈംടൈം എമ്മി നോമിനേഷന്‍ ലഭിച്ചു. പതിറ്റാണ്ടുകള്‍ക്ക് ശേഷം, ഷോയില്‍ താന്‍ ചെലവഴിച്ച സമയത്തെക്കുറിച്ച് അദ്ദേഹം അഭിമാനത്തോടെ പറഞ്ഞിരുന്നു. ഇടയ്ക്ക് വാര്‍ണര്‍ മോശം പെരുമാറ്റത്തിന് ആരോപണങ്ങള്‍ നേരിട്ടിരുന്നു.
വാര്‍ണര്‍ക്ക് ഭാര്യയും ഒരു മകളുമാണ് ഉള്ളത്. സോഷ്യല്‍ മീഡിയയില്‍ ഇടയ്ക്കിടെ കുടുംബജീവിതത്തിന്റെ ചില ദൃശ്യങ്ങള്‍ പങ്കുവെക്കാറുണ്ടെങ്കിലും, അവരുടെ വിശദാംശങ്ങള്‍ സ്വകാര്യമായി സൂക്ഷിക്കാനാണ് അദ്ദേഹം തീരുമാനിച്ചത്. അവരുടെ പേരുകള്‍ പരസ്യമായി വെളിപ്പെടുത്താന്‍ പോലും അദ്ദേഹം തയ്യാറായില്ല.
സണ്‍സ് ഓഫ് അനാര്‍ക്കി, ജെറമിയ, ദി ഫ്രഷ് പ്രിന്‍സ് ഓഫ് ബെല്‍എയര്‍, കമ്മ്യൂണിറ്റി തുടങ്ങിയ ഷോകളിലെ ആവര്‍ത്തിച്ചുള്ള വേഷങ്ങളും അതിഥി വേഷങ്ങളും വാര്‍ണറിന് ഏറെ ജനപ്രീതി നേടിക്കൊടുത്തിരുന്നു. കുട്ടികളുടെ പരമ്പരയായ ദി മാജിക് സ്‌കൂള്‍ ബസിലെ പ്രൊഡ്യൂസര്‍ കഥാപാത്രത്തിനും വാര്‍ണര്‍ ശബ്ദം നല്‍കിയിരുന്നു. 2023 ല്‍ താനും ദി കോസ്ബി ഷോയിലെ മറ്റ് അഭിനേതാക്കളും അവരുടെ ഹിറ്റ് പരമ്പരയെക്കുറിച്ച് എപ്പോഴും അഭിമാനിക്കുന്നു എന്ന് വാര്‍ണര്‍ വ്യക്തമാക്കിയിരുന്നു. വാര്‍ണര്‍ ഒഴുക്കില്‍പെട്ടത് എങ്ങനെയന്നത് ദുരൂഹമാണെങ്കിലും അദ്ദേഹത്തിന്റെ അകാലത്തിലുള്ള മരണവാര്‍ത്ത ആരാധകരെയും സഹപ്രവര്‍ത്തകരെയും ഞെട്ടിച്ചിരിക്കുകയാണ്.
