വാഷിംഗ്ടണ്‍ ഡിസി: ഇന്ത്യന്‍ വംശജയും യുഎസ് പൗരയുമായ ഗീതാ ഗോപിനാഥ് ഓഗസ്റ്റ് അവസാനത്തോടെ അന്താരാഷ്ട്ര നാണയ നിധിയിലെ (ഐഎംഎഫ്) രണ്ടാം നമ്പര്‍ ഉദ്യോഗസ്ഥ പദവിയില്‍ നിന്നും പടിയിറങ്ങുമെന്ന് റിപ്പോര്‍ട്ട്. ഹാവാര്‍ഡ് സര്‍വകലാശാലയില്‍ സാമ്പത്തിശാസ്ത്ര വിഭാഗം പ്രൊഫസറായി അവര്‍ തിരിച്ചെത്തുമെന്നും ഐഎംഎഫിന്റെ പ്രസ്താവനയെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.
ഐഎംഎഫില്‍ ജോലി ചെയ്യാന്‍ ജീവിതത്തില്‍ ഒരിക്കലെങ്കിലും സാധിച്ചതിലുള്ള നന്ദി ഗീതാ ഗോപിനാഥ് പ്രസ്ഥാവനയിലൂടെ അറിയിച്ചു. ഐഎംഎഫ് മാനേജിംഗ് ഡയറക്ടര്‍ ക്രിസ്റ്റലീന ജോര്‍ജിയേവയ്ക്കും തന്നെ മുഖ്യ സാമ്പത്തിക ശാസ്ത്രജ്ഞയായി നിയമിച്ച ഐഎംഎഫ് മുന്‍ മേധാവി ക്രിസ്റ്റീന്‍ ലഗാര്‍ഡിനും ഗീതാ ഗോപിനാഥ് നന്ദി അറിയിച്ചു.
ഇപ്പോള്‍ അക്കാദമിക് രംഗത്തേക്ക് മടങ്ങുകയാണെന്നും ആഗോള വെല്ലുവിളികളെ നേരിടുന്നതിനായി അന്താരാഷ്ട്ര ധനകാര്യത്തിലും ബൃഹദ്‌സാമ്പത്തികശാസ്ത്രത്തിലും ശ്രദ്ധകേന്ദ്രീകരിച്ചുള്ള ഗവേഷണങ്ങള്‍ തുടരാന്‍ ആഗ്രഹിക്കുന്നതായും ഗീതാ ഗോപിനാഥ് അറിയിച്ചു. അടുത്ത തലമുറയിലെ സാമ്പത്തികവിദഗ്ദ്ധരെ പരിശീലിപ്പിക്കാനാണ് തിരിച്ചുപോക്കെന്നും അവര്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.
ഗീതാ ഗോപിനാഥിന്റെ പിന്‍ഗാമിയെ ജോര്‍ജിയേവ യഥാസമയം പ്രഖ്യാപിക്കുമെന്നും ഐഎംഎഫ് അറിയിച്ചിട്ടുണ്ട്.
ഇന്ത്യന്‍ വംശജയും യുഎസ് പൗരയുമായ ഗീതാ ഗോപിനാഥ് 2019ലാണ് ഐഎംഎഫില്‍ മുഖ്യ സാമ്പത്തികശാസ്ത്രജ്ഞയായി എത്തുന്നത്. ഈ പദവിയിലേക്കെത്തുന്ന പ്രഥമ വനിതയാണ് ഗീതാ ഗോപിനാഥ്. ഹാവാര്‍ഡിലെ അക്കാദമിക് പദവിയില്‍ നിന്നാണ് ഇവര്‍ ഐഎംഎഫിലേക്ക് എത്തിയത്. 2022 ജനുവരിയില്‍ ഐഎംഎഫില്‍ ഫസ്റ്റ് ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടറായി സ്ഥാനക്കയറ്റം ലഭിച്ചു.
ആഗോള സമ്പദ്‌വ്യവസ്ഥ പുനഃക്രമീകരിക്കാനും മിക്കവാറും എല്ലാ രാജ്യങ്ങളില്‍ നിന്നുമുള്ള ഇറക്കുമതിക്കും തീരുവ ഉയര്‍ത്തി യുഎസിന്റെ വ്യാപാര കമ്മി അവസാനിപ്പിക്കാനും പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ശ്രമിക്കുന്ന സമയത്താണ് ഗീതാ ഗോപിനാഥ് ഐഎംഎഫ് വിടുന്നത്. ഇത് ഇവരുടെ പിന്‍ഗാമിയായി യുഎസ് ട്രഷറിക്ക് ഒരു പേര് ശുപാര്‍ശ ചെയ്യാനുള്ള അവസരം നല്‍കുമെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടില്‍ പറയുന്നു.
