ഗാസ യുദ്ധം ഉടൻ അവസാനിപ്പിക്കണമെന്ന് മാർപാപ്പ

ഗാസ യുദ്ധം ഉടൻ അവസാനിപ്പിക്കണമെന്ന് മാർപാപ്പ


വത്തിക്കാൻ സിറ്റി:  ഗാസ സംഘർഷം അടിയന്തരമായി അവസാനിപ്പിക്കണമെന്ന് ആഗോള കത്തോലിക്കാ സഭ അധ്യക്ഷൻ ലിയോ പതിനാലാമൻ മാർപ്പാപ്പ ആവശ്യപ്പെട്ടു. വത്തിക്കാനിൽ ആരാധനയ്ക്കിടെ വിശ്വാസികളെ അഭിസംബോധന ചെയ്യവേയാണ് മാർപ്പാപ്പ അഭിപ്രായം പറഞ്ഞത്.  ഗാസയിലെ ഏക കത്തോലിക്കാ പള്ളിക്കു നേരെ ആക്രമണമുണ്ടാകുകയും മൂന്നു പേർ കൊല്ലപ്പെടുകയും ചെയ്തതിന്‍റെ പശ്ചാത്തലത്തിൽ കൂടിയായിരുന്നു മാർപ്പാപ്പയുടെ പ്രസ്താവന.

ഗാസയിലെ കത്തോലിക്കാ പള്ളിക്കു നേരെയുണ്ടായ ആക്രമണത്തിൽ കടുത്ത ദുഃഖം രേഖപ്പെടുത്തുന്നു. ആക്രമണത്തിൽ ജീവൻ നഷ്ടമായവർക്കു വേണ്ടി പ്രാർഥിക്കുന്നു. യുദ്ധത്തിന്‍റെ മൃഗീയത ഉടൻ അവസാനിപ്പിക്കണമെന്നും മാർപ്പാപ്പ ആഹ്വാനം ചെയ്തു.

ഗാസയിൽ ഓരോ ദിവസവും ആക്രമണം വർധിപ്പിക്കുന്ന ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്‍റെ നടപടിയിൽ അമേരിക്കയും ശക്തമായ നിലപാടുകൾ സ്വീകരിക്കുന്നതിനിടെയാണ് യുദ്ധം അടിയന്തിരമായി അവസാനിപ്പിക്കണമെന്ന മാർപ്പാപ്പയുടെ ആഹ്വാനം.