ന്യൂഡൽഹി: പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിന് ഇന്ന് തുടക്കമാകുമ്പോൾ രാമക്ഷേത്രത്തിലെ കാണിക്കപ്പണ തട്ടിപ്പ് ആരോപണം, നീറ്റ് ചോദ്യപേപ്പർ ചോർച്ച, ജന്തർ മന്തറിലെ സോനം വാങ്ചുക്കിന്റെ നേതൃത്വത്തിലുള്ള പ്രതിഷേധം, ഇ20 ഇന്ധനവുമായി ബന്ധപ്പെട്ട വിവാദം തുടങ്ങിയ വിഷയങ്ങൾ ശക്തമായി ഉയർത്താൻ പ്രതിപക്ഷം ഒരുങ്ങുന്നു. ഈ വിഷയങ്ങളിൽ കേന്ദ്രസർക്കാരിനെ പ്രതിരോധത്തിലാക്കാനാണ് പ്രതിപക്ഷത്തിന്റെ നീക്കം. അതേസമയം, സഭാ നടപടികൾ തടസ്സപ്പെടുത്താൻ ശ്രമിച്ചാൽ അതിന്റെ രാഷ്ട്രീയ പ്രത്യാഘാതം പ്രതിപക്ഷം നേരിടേണ്ടിവരുമെന്ന് കേന്ദ്രസർക്കാരും മുന്നറിയിപ്പ് നൽകി.
രാമക്ഷേത്രത്തിലെ കാണിക്കപ്പണവുമായി ബന്ധപ്പെട്ട ആരോപണം പാർലമെന്റിൽ ചർച്ച ചെയ്യാൻ സർക്കാർ അനുവദിക്കാൻ സാധ്യതയില്ലെന്ന സൂചനകൾക്കിടെയാണ് പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു പ്രതിപക്ഷത്തോട് സമവായ നിലപാട് സ്വീകരിക്കാൻ ആവശ്യപ്പെട്ടത്. പ്രതിപക്ഷത്തിന് ഏത് വിഷയവും ഉന്നയിക്കാൻ അവകാശമുണ്ടെങ്കിലും സർക്കാർ നിർബന്ധിതമായി അത് അംഗീകരിക്കണമെന്ന് പറയാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു. 'ഞങ്ങൾ പറയുന്നതു മാത്രം വേണം' എന്ന സമീപനം ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മൺസൂൺ സമ്മേളനം ആരംഭിക്കുന്നതിന് മുന്നോടിയായി കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖാർഗെയും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ച് രാമക്ഷേത്രത്തിലെ ആരോപണങ്ങളിൽ അന്വേഷണം നടത്തി ഉത്തരവാദിത്തം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങിന്റെ അധ്യക്ഷതയിൽ ചേർന്ന സർവകക്ഷി യോഗത്തിലും സമാജ്‌വാദി പാർട്ടിയുടെ ധർമേന്ദ്ര യാദവ് ഉൾപ്പെടെയുള്ള പ്രതിപക്ഷ എംപിമാർ ഈ വിഷയം ഉന്നയിച്ചു.
സമ്മേളനത്തിനായി സർക്കാർ എട്ട് ബില്ലുകൾ ഉൾപ്പെടുത്തിയ നിയമനിർമാണ അജണ്ടയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാൽ ലോക്‌സഭാ അംഗസംഖ്യ വർധിപ്പിക്കുന്നതിനുള്ള ഭരണഘടനാ ഭേദഗതിയോ 2029 മുതൽ സ്ത്രീകൾക്ക് ലോക്‌സഭയിൽ മൂന്നിലൊന്ന് സംവരണം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട ബില്ലോ അജണ്ടയിൽ ഉൾപ്പെടുത്തിയിട്ടില്ല. എന്നാൽ ബിസിനസ് അഡൈ്വസറി കമ്മിറ്റിയുമായി ചർച്ച നടത്തിയ ശേഷം പുതിയ ബില്ലുകൾ അവതരിപ്പിക്കാൻ സർക്കാരിന് സാധിക്കുമെന്ന് റിജിജു വ്യക്തമാക്കി.
നീറ്റ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയും അതിനെതിരെയുള്ള പ്രതിഷേധങ്ങളും പാർലമെന്റിൽ വിശദമായി ചർച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. ആർ.എസ്.പി. എംപി എൻ.കെ. പ്രേമചന്ദ്രൻ, പരീക്ഷാ ചോർച്ച ലക്ഷക്കണക്കിന് വിദ്യാർഥികളെ ബാധിക്കുന്ന ഗുരുതര വിഷയമാണെന്നും ഇതിൽ ക്രമബദ്ധമായ ചർച്ച വേണമെന്നും ആവശ്യപ്പെട്ടു. ജന്തർ മന്തറിലെ പ്രതിഷേധവുമായി ബന്ധപ്പെട്ടും സർക്കാരിന്റെ നിലപാട് വിശദീകരിക്കണമെന്ന ആവശ്യവും ഉയർന്നു.
ഇന്ധനവില വർധനയും പശ്ചിമേഷ്യയിലെ സംഘർഷവും സഭയിൽ ചർച്ച ചെയ്യണമെന്ന് ചില അംഗങ്ങൾ ആവശ്യപ്പെട്ടു. അതേസമയം, പശ്ചിമേഷ്യൻ പ്രതിസന്ധിക്കിടയിലും ഇന്ത്യയിൽ എണ്ണവാതക വിതരണത്തിൽ വലിയ പ്രതിസന്ധി ഉണ്ടാകാതിരിക്കാൻ കേന്ദ്രസർക്കാർ ഫലപ്രദമായി ഇടപെട്ടുവെന്ന് ബിജെപിയുടെ സഖ്യകക്ഷിയായ ജെഡിയു എംപി സഞ്ജയ് ഝാ അവകാശപ്പെട്ടു. വിവിധ രാജ്യങ്ങളിൽ നിന്ന് ബദൽ മാർഗങ്ങളിലൂടെ ഇന്ധന വിതരണം ഉറപ്പാക്കിയതിനാൽ മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയിൽ വിലവർധന കുറവായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
സമ്മേളനത്തിന് മുന്നോടിയായി ചേർന്ന ബിസിനസ് അഡൈ്വസറി കമ്മിറ്റി യോഗത്തിൽ ലോക്‌സഭാ സ്പീക്കർ ഓം ബിർള, സഭാ നടപടികൾ സുഗമമായി മുന്നോട്ടുകൊണ്ടുപോകാൻ എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും സഹകരണം അഭ്യർഥിച്ചു. പ്രധാന രാഷ്ട്രീയ വിഷയങ്ങളിൽ കടുത്ത ഏറ്റുമുട്ടൽ പ്രതീക്ഷിക്കപ്പെടുന്നതിനാൽ ഇത്തവണത്തെ മൺസൂൺ സമ്മേളനം പ്രക്ഷുബ്ധമാകുമെന്ന വിലയിരുത്തലാണ് രാഷ്ട്രീയ നിരീക്ഷകർ നടത്തുന്നത്.
മൺസൂൺ സമ്മേളനത്തിന് ഇന്ന് തുടക്കം; രാമക്ഷേത്രം, നീറ്റ്, ഇന്ധനവില അടക്കമുള്ള വിഷയങ്ങളിൽ കേന്ദ്രത്തെ പ്രതിരോധത്തിലാക്കാൻ പ്രതിപക്ഷം
