തടവിലായിരുന്ന മുഖ്താര്‍ അന്‍സാരി ചികിത്സയില്‍ മരിച്ചു

തടവിലായിരുന്ന മുഖ്താര്‍ അന്‍സാരി ചികിത്സയില്‍ മരിച്ചു


ലക്‌നൗ: ഉത്തര്‍പ്രദേശിലെ മൗ ജില്ലയില്‍ നിന്ന് അഞ്ച് തവണ എം എല്‍ എയായ മുഖ്താര്‍ അന്‍സാരി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. ബന്ദ ജില്ലാ ജയിലില്‍ കഴിയുന്ന മുഖ്താര്‍ അന്‍സാരിയെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് റാണി ദുര്‍ഗാവതി മെഡിക്കല്‍ കോളെജില്‍ പ്രവേശിപ്പിച്ചിരുന്നു.

വൈകിട്ട് റമദാന്‍ നോമ്പ് മുറിച്ചതിനെ തുടര്‍ന്ന് മുഖ്താര്‍ അന്‍സാരിയുടെ ആരോഗ്യനില വഷളായതായി ജയില്‍ അധികൃതര്‍ അറിയിച്ചു. ആദ്യം അദ്ദേഹത്തെ ചികിത്സിക്കാന്‍ ജയിലില്‍ ഡോക്ടര്‍മാരെ വിളിച്ചുവരുത്തിയെങ്കിലും  ഹൃദയസ്തംഭനം ഉണ്ടെന്ന് സംശയിച്ചതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

അബോധാവസ്ഥയിലാണ് അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചത്. ഒമ്പത് ഡോക്ടര്‍മാരുടെ പാനല്‍ അദ്ദേഹത്തെ ചികിത്സിച്ചുവെങ്കിലും ഹൃദയസ്തംഭനത്തെ തുടര്‍ന്ന് മരിക്കുകയായിരുന്നു.

മുഖ്താര്‍ അന്‍സാരിയുടെ മരണത്തില്‍ സമാജ്വാദി പാര്‍ട്ടി അനുശോചനം രേഖപ്പെടുത്തി.

വയറുവേദനയെ തുടര്‍ന്ന് ചൊവ്വാഴ്ച 14 മണിക്കൂറോളം മുക്താര്‍ അന്‍സാരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ദിവസങ്ങള്‍ക്ക് മുമ്പ് ജയിലിനുള്ളില്‍ തനിക്ക് വിഷം കലര്‍ത്തിയ ഭക്ഷണം വിളമ്പിയതായി അദ്ദേഹം ബരാബങ്കി കോടതിയില്‍ പറഞ്ഞിരുന്നു.

60കാരനായ മുഖ്താര്‍ അന്‍സാരി മൗ സദര്‍ സീറ്റില്‍ നിന്ന് അഞ്ച് തവണ എം എല്‍  ആയിട്ടുണ്ട്. 2005 മുതല്‍ യു പിയിലും പഞ്ചാബിലും ജയിലില്‍ കഴിയുകയായിരുന്നു. അദ്ദേഹത്തിനെതിരെ 60ലധികം ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ട്. യു പിയിലെ വിവിധ കോടതികള്‍ 2022 സെപ്തംബര്‍ മുതല്‍ എട്ട് കേസുകളില്‍ ശിക്ഷിക്കപ്പെട്ട് ബന്ദ ജയിലിലായിരുന്നു.

കഴിഞ്ഞ വര്‍ഷം ഉത്തര്‍പ്രദേശ് പൊലീസ് പുറത്തിറക്കിയ 66 ഗുണ്ടാസംഘങ്ങളുടെ പട്ടികയില്‍ ഇയാളുടെ പേരുണ്ടായിരുന്നു.

അതേസമയം, ബന്ദയിലും ലഖ്നൗ, കാണ്‍പൂര്‍, മൗ, ഗാസിപൂര്‍ എന്നിവയുള്‍പ്പെടെയുള്ള പ്രദേശങ്ങളിലും പൊലീസ് ജാഗ്രത ശക്തമാക്കിയിട്ടുണ്ട്. സെന്‍സിറ്റീവ് മേഖലകളില്‍ പൊലീസ് സേനയുടെ പട്രോളിങ് ശക്തമാക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.