നാഗ്പൂര്‍: നാഗ്പൂരിലെ വര്‍ഗ്ഗീയ സംഘര്‍ഷത്തിന് പിന്നാലെ നാശനഷ്ടമുണ്ടായ പൊതുസ്വത്തുക്കളുടെ വില കലാപകാരികളില്‍ നിന്നും തിരിച്ചു പിടിക്കുമെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്. ചെലവ് നല്‍കിയില്ലെങ്കില്‍ സ്വത്തുക്കള്‍ കണ്ടുകെട്ടുമെന്നും മഹാരാഷ്ട്ര മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി.
തുക അടയ്ക്കാത്ത ആളുകളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടുകയും തുക ലഭിക്കാന്‍ സ്വത്ത് വില്‍ക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കലാപകാരികള്‍ക്കെതിരെ 'ബുള്‍ഡോസര്‍' നടപടി സ്വീകരിക്കുമെന്നും ഫഡ്നാവിസ് മുന്നറിയിപ്പ് നല്‍കി. 'ആവശ്യമുള്ളിടത്തെല്ലാം ബുള്‍ഡോസറുകളും ഉപയോഗിക്കും,' അദ്ദേഹം പറഞ്ഞതായി എ എ്ന്‍ ഐ റിപ്പോര്‍ട്ട് ചെയ്തു.
മഹാരാഷ്ട്രയിലെ നാഗ്പൂര്‍ നഗരത്തില്‍ മാര്‍ച്ച് 17ന് മുഗള്‍ ഭരണാധികാരിയായിരുന്ന ഔറംഗസേബിന്റെ ശവകുടീരം നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഒരു കൂട്ടം ആളുകള്‍ ഖുര്‍ആന്‍ കത്തിച്ചതിനെ തുടര്‍ന്നാണ് അക്രമം പൊട്ടിപ്പുറപ്പെട്ടത്. ജനക്കൂട്ടം വാഹനങ്ങള്‍ കത്തിക്കുകയും നഗരത്തില്‍ കര്‍ഫ്യൂ പ്രഖ്യാപിക്കുകയും ചെയ്തു.
മൂന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍മാര്‍ ഉള്‍പ്പെടെ നിരവധി പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു, നിരവധി വാഹനങ്ങളും വീടുകളും ഏറ്റുമുട്ടലില്‍ തകര്‍ന്നു.
സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ കലാപവുമായി ബന്ധപ്പെട്ട് 104 പേരെ അറസ്റ്റ് ചെയ്തതായും കൂടുതല്‍ പേരെ അറസ്റ്റ് ചെയ്യുമെന്നും മഹാരാഷ്ട്ര മുഖ്യമന്ത്രി പറഞ്ഞു.
''കലാപത്തില്‍ ഉള്‍പ്പെട്ടവരോ കലാപകാരികളെ സഹായിക്കുന്നവരോ ആയവര്‍ക്കെതിരെ പൊലീസ് നടപടി സ്വീകരിക്കും,'' ഫഡ്നാവിസ് പറഞ്ഞതായി എ എന്‍ ഐ റിപ്പോര്‍ട്ട് ചെയ്തു. സാമൂഹ്യ മാധ്യമങ്ങളില്‍ കിംവദന്തികള്‍ പ്രചരിപ്പിക്കുന്നവരെയും കൂട്ടുപ്രതികളാക്കും. 68 സാമൂഹ്യ മാധ്യ പോസ്റ്റുകള്‍ ഇതുവരെ തിരിച്ചറിഞ്ഞ് ഇല്ലാതാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.
കലാപത്തിനിടെ വനിതാ കോണ്‍സ്റ്റബിള്‍മാരെ പീഡിപ്പിച്ചതായുള്ള റിപ്പോര്‍ട്ടുകള്‍ ശരിയല്ലെന്നും മഹാരാഷ്ട്ര മുഖ്യമന്ത്രി പറഞ്ഞു.
പൊലീസിനെ അക്രമിച്ചവരെ വെറുതെ വിടില്ലെന്നും നഗരത്തിലെ സ്ഥിതി ഇപ്പോള്‍ ശാന്തമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.