ബെംഗളൂരുവില്‍ ഏഴു കോടിയുടെ ലഹരി വസ്തുക്കള്‍ പിടികൂടി; ഒന്‍പത് മലയാളികള്‍ അറസ്റ്റില്‍

ബെംഗളൂരുവില്‍ ഏഴു കോടിയുടെ ലഹരി വസ്തുക്കള്‍ പിടികൂടി; ഒന്‍പത് മലയാളികള്‍ അറസ്റ്റില്‍


ബംഗളൂരു: നഗരത്തിലെ മൂന്നിടങ്ങളില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ ഏഴ് കോടി രൂപയുടെ ലഹരിവസ്തുക്കള്‍ പിടികൂടി. മൂന്ന് കേസുകളിലായി യുവ എന്‍ജിനീയറുള്‍പ്പെടെ ഒമ്പതു മലയാളികളെയും ഒരു നൈജീരിയന്‍ പൗരനെയും കസ്റ്റഡിയിലെടുത്തു.

ഇലക്ട്രോണിക് സിറ്റി, യെലഹങ്ക ന്യൂ ടൗണ്‍, ബേഗൂര്‍ എന്നിവിടങ്ങളില്‍ നിന്നാണു പ്രതികളെ അറസ്റ്റ് ചെയ്തത്. ബൊമ്മസാന്ദ്രയില്‍ വാടകയ്ക്ക് താമസിക്കുന്ന ജിജോ പ്രസാദാണ് പിടിയിലായ മലയാളി എന്‍ജിനീയര്‍.

ഇലക്ട്രോണിക് സിറ്റിയില്‍ നിന്ന് എട്ടിന് അറസ്റ്റിലായ ഇയാളുടെ പക്കല്‍ നിന്ന് ഒരു കിലോയില്‍ അധികംവരുന്ന ഹൈഡ്രോപോണിക് കഞ്ചാവ് കണ്ടെടുത്തു. കേരളത്തില്‍ നിന്നു ബംഗളൂരുവിലേക്കു ലഹരി വസ്തുക്കള്‍ എത്തിച്ചു വില്‍പ്പന നടത്തുന്ന ഇയാളുടെ വീട്ടില്‍ നിന്ന് 25 ലക്ഷം രൂപയും മൂന്നര കിലോ കഞ്ചാവും കണ്ടെടുത്തു.

യെലഹങ്ക ന്യൂടൗണ്‍ പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത മറ്റൊരു ലഹരിക്കേസിലാണ് എട്ട് മലയാളി യുവാക്കള്‍ പിടിയിലായത്. 110 ഗ്രാം എം ഡി എം എയും പത്ത് മൊബൈല്‍ ഫോണുകളും ഒരു ടാബും രണ്ട് കാറുകളും ഇവരില്‍ നിന്ന് പിടിച്ചെടുത്തു.

നഗരത്തിലെ ലഹരി വില്‍പ്പനയുടെ ഇടനിലക്കാരനായ നൈജീരിയന്‍ പൗരനാണ് അറസ്റ്റിലായ മറ്റൊരാള്‍. ബേഗൂരില്‍ നിന്നാണ് ഒരു കോടി രൂപ വില വരുന്ന എം ഡി എം എയും ഫോണും മറ്റ് വസ്തുക്കളുമായി ഇയാള്‍ പിടിയിലായതെന്നു ബംഗളൂരു പൊലീസ് അറിയിച്ചു.