സീഷെല്‍സിനായി 175 ദശലക്ഷം ഡോളറിന്റെ പ്രത്യേക സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച് നരേന്ദ്ര മോഡി

സീഷെല്‍സിനായി 175 ദശലക്ഷം ഡോളറിന്റെ പ്രത്യേക സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച് നരേന്ദ്ര മോഡി


ന്യൂഡല്‍ഹി: ഹൈദരാബാദ് ഹൗസില്‍ സീഷെല്‍സ് പ്രസിഡന്റ് ഡോ. പാട്രിക് ഹെര്‍മിനിയുമായുള്ള സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി സീഷെല്‍സിനായി 175 ദശലക്ഷം ഡോളറിന്റെ പ്രത്യേക സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചു. താമസ സ്ഥലം, ഇ-മൊബിലിറ്റി, തൊഴില്‍ പരിശീലനം, ആരോഗ്യ സംരക്ഷണം, പ്രതിരോധം, സമുദ്രസുരക്ഷ തുടങ്ങിയ വിവിധ മേഖലകളിലെ പദ്ധതികള്‍ക്ക് ഈ ധനസഹായം ഉപയോഗിക്കുമെന്ന് അദ്ദേഹം അറിയിച്ചു. ഇന്ത്യ- സീഷെല്‍സ് വികസന പങ്കാളിത്തം ഇരുരാജ്യങ്ങള്‍ക്കുമിടയിലെ ശക്തമായ അടിത്തറയാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.


ഇന്ത്യയും സീഷെല്‍സും തമ്മിലുള്ള സാമ്പത്തിക സഹകരണം കൂടുതല്‍ ശക്തിപ്പെടുത്തുന്നതായി പ്രധാനമന്ത്രി പറഞ്ഞു. സീഷെല്‍സിലെ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ക്ക് ഇന്ത്യയില്‍ പരിശീലനം നല്‍കുന്നതിനുള്ള ധാരണാപത്രത്തില്‍ ഒപ്പുവച്ചതില്‍ സന്തോഷം രേഖപ്പെടുത്തിയ അദ്ദേഹം പ്രാദേശിക കറന്‍സികളില്‍ വ്യാപാരം പ്രോത്സാഹിപ്പിക്കുന്നതിന് ഫിന്‍ടെക്, ഡിജിറ്റല്‍ പരിഹാരങ്ങള്‍ എന്നിവയില്‍ സഹകരിക്കാന്‍ ഇരുരാജ്യങ്ങളും ധാരണയിലെത്തിയതായും വ്യക്തമാക്കി.

സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ സംസാരിച്ച പ്രധാനമന്ത്രി, ഇന്ത്യ- സീഷെല്‍സ് ബന്ധത്തിന്റെ കേന്ദ്രബിന്ദുവായി വികസന പങ്കാളിത്തം നിലകൊള്ളുന്നുവെന്ന് ഊന്നിപ്പറഞ്ഞു. ആഗോള ദക്ഷിണ മേഖലയിലെ സമുദ്ര സഹകരണം വികസിപ്പിക്കുന്നതിന് ഇന്ത്യ മുന്നോട്ടുവയ്ക്കുന്ന വിഷന്‍ മഹാസാഗര്‍ എന്ന പദ്ധതിയുടെ പശ്ചാത്തലത്തിലാണ് ഈ സന്ദര്‍ശനമെന്നും സുസ്ഥിരതയും പ്രാദേശിക സുരക്ഷയും ഇതില്‍ പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു. ഭൂതകാലവും വര്‍ത്തമാനവും ഭാവിയും ഉള്‍ക്കൊള്ളുന്നതാണ് ഇരുരാജ്യങ്ങളുടേയും ബന്ധമെന്നും സീഷെല്‍സ് ഇന്ത്യയുടെ മഹാസാഗര്‍ ദര്‍ശനത്തിന്റെ അവിഭാജ്യഘടകമാണെന്നും സഹകരണം ഭൂമി, കടല്‍, ആകാശം എന്നീ മേഖലകളിലേക്കും വ്യാപിച്ചിരിക്കുന്നുവെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

സീഷെല്‍സ് പ്രസിഡന്റ് ഡോ. പാട്രിക് ഹെര്‍മിനി മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായാണ് ഇന്ത്യയിലെത്തിയത്. ന്യൂഡല്‍ഹിയില്‍ എത്തുന്നതിനു മുന്‍പ് അദ്ദേഹം ചെന്നൈയിലും മുംബൈയിലും വിവിധ തലങ്ങളിലുള്ള യോഗങ്ങളില്‍ പങ്കെടുത്തു. 

സീഷെല്‍സിന്റെ പ്രസിഡന്റായി അധികാരമേറ്റ ശേഷം ഡോ. ഹെര്‍മിനിയുടെ ആദ്യ ഇന്ത്യാ സന്ദര്‍ശനമാണിത്.