ഒട്ടാവ: ഇന്ത്യ-കാനഡ ബന്ധം സാധാരണ നിലയിലേക്ക് തിരിച്ചുകൊണ്ടുവരാനുള്ള നീക്കങ്ങളുടെ ഭാഗമായിദേശീയ സുരക്ഷാ ഉപദേഷ്ടാവ് (എൻഎസ്എ) അജിത്ദോവൽ കാനഡ സന്ദർശിച്ചു. ഫെബ്രുവരി 6, 7 തീയതികളിലായിരുന്നു ഒട്ടാവയിലെ സന്ദർശനം. കഴിഞ്ഞ വർഷങ്ങളിലായി ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കടുത്ത സമ്മർദ്ദത്തിലായ പശ്ചാത്തലത്തിൽ ഈ സന്ദർശനം നിർണായകമായി വിലയിരുത്തപ്പെടുന്നു.
സന്ദർശനത്തിനിടെ ദോവൽ കാനഡ പ്രധാനമന്ത്രിയുടെ ദേശീയ സുരക്ഷാ-ഇന്റലിജൻസ് ഉപദേഷ്ടാവ് നതാലി ഡ്രൂയിൻ, പൊതു സുരക്ഷാ മന്ത്രി ഗാരി അനന്ദസംഗരീ എന്നിവരുമായി കൂടിക്കാഴ്ച നടത്തി. ഇരുരാജ്യങ്ങളുടെയും പതിവ് സുരക്ഷാ ചർച്ചകളുടെ ഭാഗമാണെണിതെന്ന് ഇരുവിഭാഗവും വ്യക്തമാക്കിയെങ്കിലും, ബന്ധം പുനസ്ഥാപിക്കാനുള്ള സൂചനയായാണ് കൂടിക്കാഴ്ചകൾ കണക്കാക്കപ്പെടുന്നത്.
ചർച്ചകൾക്ക്ശേഷം പുറത്തിറക്കിയ പ്രസ്താവനയിൽ,ദേശീയ സുരക്ഷയും നിയമസംവിധാനങ്ങളും ശക്തിപ്പെടുത്തുന്നതിനുള്ള സഹകരണത്തിൽ പുരോഗതി കൈവരിച്ചതായി ഇന്ത്യ അറിയിച്ചു. സുരക്ഷാ-നിയമ നിർവഹണ മേഖലകളിൽ ഫലപ്രദമായ സഹകരണത്തിനായി സംയുക്ത പ്രവർത്തനപദ്ധതി തയ്യാറാക്കാനും ധാരണയായി.
പ്രധാന തീരുമാനമായി, ഇരുരാജ്യങ്ങളും പരസ്പരം സുരക്ഷാ-നിയമ നിർവഹണ ലെയ്സൺ ഓഫീസർമാരെ നിയോഗിക്കാൻ തീരുമാനിച്ചു. ഇതുവഴി സംഘടിത കുറ്റകൃത്യങ്ങൾ, മയക്കുമരുന്ന് കടത്ത്, പ്രത്യേകിച്ച് ഫെന്റനിൽ പോലുള്ള ലഹരിമരുന്നുകളുടെ അനധികൃത ഒഴുക്ക് തുടങ്ങിയ വിഷയങ്ങളിൽ വേഗത്തിലുള്ള വിവര കൈമാറ്റം സാധ്യമാകും.
സൈബർ സുരക്ഷ, സൈബർ ഭീഷണികൾ സംബന്ധിച്ച വിവര പങ്കിടൽ, കുടിയേറ്റ നിയമ ലംഘനങ്ങൾ, തട്ടിപ്പ് കേസുകൾ തുടങ്ങിയ വിഷയങ്ങളിലും സഹകരണം തുടരുമെന്ന് ഇരുവിഭാഗവും അറിയിച്ചു. എല്ലാ നടപടികളും ആഭ്യന്തര നിയമങ്ങൾക്കും അന്താരാഷ്ട്ര ബാധ്യതകൾക്കും അനുസൃതമായിരിക്കുമെന്നും വ്യക്തമാക്കി.
മുൻ കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ കാലത്ത് ഖാലിസ്ഥാൻ വിഘടനവാദി ഹർദീപ് സിങ് നിജ്ജർ കൊല്ലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട ആരോപണങ്ങളാണ് ഇന്ത്യ-കാനഡ ബന്ധം രൂക്ഷമായി ബാധിച്ചത്. ഇന്ത്യക്കെതിരെ ട്രൂഡോ ഉന്നയിച്ച ആരോപണങ്ങൾ 'അസംബന്ധം' എന്ന് പറഞ്ഞ് ഇന്ത്യ തള്ളിയിരുന്നു. ഇതിന് പിന്നാലെ രാജ്യങ്ങൾ തമ്മിലെ ബന്ധം ഏറ്റവും താഴ്ന്ന നിലയിലെത്തി.
ഈ പശ്ചാത്തലത്തിലാണ് അജിത് ദോവലിന്റെ സന്ദർശനം ബന്ധം പുന:സ്ഥാപിക്കുന്നതിനുള്ള ആദ്യഘട്ടമായി വിലയിരുത്തപ്പെടുന്നത്. അടുത്ത മാസം കാനഡ പ്രധാനമന്ത്രി മാർക്ക് കാർനി ഇന്ത്യ സന്ദർശിക്കാനിടയുണ്ടെന്ന സൂചനകളും പുറത്തുവരുന്നുണ്ട്. അത്തരമൊരു സന്ദർശനം നടന്നാൽ, വർഷങ്ങൾക്ക്ശേഷം ഇരുരാജ്യങ്ങളും തമ്മിലെ ബന്ധം പുതിയ വഴിത്തിരിവിലേക്ക് കടക്കുമെന്നാണ് വിലയിരുത്തൽ.
ഇന്ത്യ-കാനഡ ബന്ധം വീണ്ടും തളിരിടുന്നു; ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്ദോവൽ ഒട്ടാവയിലെത്തി
