ശ്രീനഗർ: ജമ്മുകശ്മീരിൽ തന്റെ പാർട്ടിയിലെ ഒരു എംഎൽഎയെ കൂറുമാറാൻ പ്രലോഭിപ്പിച്ചെന്ന് ആരോപിച്ച് മുഖ്യമന്ത്രി ഒമർ അബ്ദുല്ല. ബിജെപിയുമായി ബന്ധപ്പെട്ട ഒരാൾ 20 മുതൽ 30 കോടി രൂപയും മന്ത്രിസ്ഥാനവും ജമ്മു കശ്മീരിന് സംസ്ഥാന പദവി പുനഃസ്ഥാപിക്കുമെന്ന ഉറപ്പും വാഗ്ദാനം ചെയ്തതായി അദ്ദേഹം ആരോപിച്ചു.
ജമ്മു മേഖലയിലെ നാഷണൽ കോൺഫറൻസിന്റെ ഒരു എംഎൽഎയെയാണ് സുപ്രീംകോടതി അഭിഭാഷകനായ ബിജെപി പ്രവർത്തകൻ രഹസ്യ കൂടിക്കാഴ്ചയിൽ സമീപിച്ചതെന്ന് ഒമർ അബ്ദുല്ല പറഞ്ഞു. എന്നാൽ എംഎൽഎ ആ വാഗ്ദാനം തള്ളിക്കളഞ്ഞ് വിവരം തന്നെ അറിയിച്ചതായും അദ്ദേഹം വ്യക്തമാക്കി.
'20 മുതൽ 30 കോടി രൂപയും മന്ത്രിസ്ഥാനവും സംസ്ഥാന പദവിയും നൽകാമെന്ന് പറഞ്ഞ് ഞങ്ങളുടെ എംഎൽഎയെ സ്വാധീനിക്കാൻ ശ്രമിച്ചു. ജനപ്രതിനിധികളുടെ വിശ്വാസം പണത്തിന് വാങ്ങാമെന്നാണ് അവർ കരുതുന്നത്,' ഒമർ അബ്ദുല്ല പറഞ്ഞു.
പിന്നാമ്പുറ വാതിലിലൂടെ അധികാരത്തിലെത്താനാണ് ബിജെപി ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. 'ജനങ്ങൾ നിങ്ങളെ പ്രതിപക്ഷ ബെഞ്ചിലിരുത്തിയിരിക്കുകയാണ്. പിന്നാമ്പുറ വാതിലിലൂടെ അധികാരത്തിലേക്ക് കടക്കാൻ അനുവദിക്കില്ല,' എന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ജമ്മുകശ്മീരിന് പൂർണ സംസ്ഥാന പദവി പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ജൂലൈ 20ന് ഡൽഹിയിലെ ജന്തർ മന്തറിൽ നാഷണൽ കോൺഫറൻസ് പ്രതിഷേധം സംഘടിപ്പിക്കുമെന്ന് ഒമർ അബ്ദുല്ല അറിയിച്ചു. പ്രതിഷേധത്തിന് ഇതുവരെ അനുമതി ലഭിച്ചിട്ടില്ലെങ്കിലും പരിപാടിയുമായി മന്നോട്ടുപോകുമെന്നും അദ്ദേഹം വ്യക്തമാക്കി.
സംസ്ഥാന പദവി എന്നത് നാഷണൽ കോൺഫറൻസിന്റെ മാത്രം വിഷയമല്ലെന്നും എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും ജനപ്രതിനിധികളുടെയും പൊതുവായ ആവശ്യമാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് രാഷ്ട്രീയ ഭിന്നതകൾ മാറ്റിവെച്ച് സംസ്ഥാന പദവിക്കായുള്ള പോരാട്ടത്തിൽ എല്ലാ നേതാക്കളും ഒരുമിക്കണമെന്നും ഒമർ അബ്ദുല്ല ആഹ്വാനം ചെയ്തു.
എൻ.സി എംഎൽഎയ്ക്ക് 30 കോടി രൂപ വാഗ്ദാനം ചെയ്‌തെന്ന് ഒമർ അബ്ദുല്ല; 'ബിജെപി പിന്നാമ്പുറ വാതിലിലൂടെ അധികാരത്തിലെത്താൻ ശ്രമിക്കുന്നു'
