പാക്കിസ്താനിലെ ജനസംഖ്യ നിയന്ത്രണ ഉന്നത സമിതിയിൽ സൈനിക മേധാവി അസിം മുനീറിനെ ഉൾപ്പെടുത്തി ഷെഹ്ബാസ് സർക്കാർ

പാക്കിസ്താനിലെ ജനസംഖ്യ നിയന്ത്രണ ഉന്നത സമിതിയിൽ സൈനിക മേധാവി അസിം മുനീറിനെ ഉൾപ്പെടുത്തി ഷെഹ്ബാസ് സർക്കാർ


ഇസ്ലാമാബാദ്: പാകിസ്താനിലെ അതിവേഗ ജനസംഖ്യാ വർധന നിയന്ത്രിക്കാൻ രൂപീകരിച്ച ഉന്നതതല സമിതിയിൽ സൈനിക മേധാവിയും ഫീൽഡ് മാർഷലുമായ അസിം മുനീറിനെയും ഉൾപ്പെടുത്തി ഷെഹ്ബാസ് ഷെരീഫ് സർക്കാർ. സൈനിക രംഗത്തിന് പുറമെ ഭരണനിർവഹണത്തിലും നയരൂപീകരണത്തിലും മുനീറിന്റെ സ്വാധീനം കൂടുതൽ ശക്തമാകുന്നതിന്റെ സൂചനയായാണ് പുതിയ തീരുമാനം വിലയിരുത്തപ്പെടുന്നത്.

ആരോഗ്യമന്ത്രി സയ്യിദ് മുസ്തഫ കമാലാണ് സെനറ്റ് സമിതി യോഗത്തിൽ ഇക്കാര്യം അറിയിച്ചത്. ധനമന്ത്രി മുഹമ്മദ് ഔറംഗസേബ്, ആസൂത്രണ മന്ത്രി അഹ്‌സൻ ഇഖ്ബാൽ എന്നിവരും സമിതിയിൽ അംഗങ്ങളാണ്. ജനസംഖ്യാ നിയന്ത്രണം സർക്കാരിന്റെ പരമപ്രധാന പരിഗണനയാണെന്നും ഇതിനായി സുപ്രധാന നയതീരുമാനങ്ങൾ കൈക്കൊള്ളുകയാണെന്നും മന്ത്രി പറഞ്ഞു.

2023ലെ സെൻസസ് പ്രകാരം പാകിസ്താനിലെ ജനസംഖ്യ 24.15 കോടിയാണ്. വാർഷിക ജനസംഖ്യാ വർധന നിരക്ക് 2.55 ശതമാനമാണ്. നിലവിലെ സാഹചര്യം തുടർന്നാൽ ഈ ദശാബ്ദം അവസാനിക്കുമ്പോഴേക്കും ലോകത്ത് ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള നാലാമത്തെ രാജ്യമായി പാകിസ്താൻ മാറുമെന്ന് സർക്കാർ കണക്കുകൂട്ടുന്നു.

രാജ്യത്ത് പ്രതിവർഷം 67 ലക്ഷം ജനനങ്ങൾ നടക്കുന്നുണ്ടെന്നും കുടുംബാസൂത്രണ സേവനങ്ങൾ കൂടുതൽ വ്യാപിപ്പിച്ചാൽ വർഷംതോറും ഏകദേശം 15 ലക്ഷം ജനനങ്ങൾ കുറയ്ക്കാനാകുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. ഗർഭനിരോധന മാർഗങ്ങളുടെ ലഭ്യത വർധിപ്പിക്കുന്നതിനും അവയ്ക്ക് നികുതിയിളവ് നൽകുന്നതിനും സർക്കാർ നടപടി സ്വീകരിച്ചിട്ടുണ്ട്.

2022ൽ സൈനിക മേധാവിയായ അസിം മുനീർ, 2025ലെ ഇന്ത്യ-പാകിസ്താൻ സൈനിക സംഘർഷത്തിന് പിന്നാലെ ഫീൽഡ് മാർഷൽ പദവിയിലേക്ക് ഉയർത്തപ്പെട്ടിരുന്നു. തുടർന്ന് രാജ്യത്തെ ആദ്യ ചീഫ് ഓഫ് ഡിഫൻസ് ഫോഴ്‌സസ് പദവിയും അദ്ദേഹത്തിന് നൽകി. നിക്ഷേപം, സാമ്പത്തിക നയം എന്നിവയുമായി ബന്ധപ്പെട്ട സുപ്രധാന സമിതികളിലും അംഗമായ മുനീറിന് ഇപ്പോൾ ജനസംഖ്യാ നയരൂപീകരണത്തിലും നിർണായക പങ്കാണ് ലഭിച്ചിരിക്കുന്നത്.