പ്രധാനമന്ത്രി നരേന്ദ്ര മോദി തങ്ങിയ ഓസ്‌ട്രേലിയൻ ഹോട്ടലിൽ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം; രഹസ്യാന്വേഷണ ഏജൻസികൾ പരിശോധിക്കും

പ്രധാനമന്ത്രി നരേന്ദ്ര മോദി തങ്ങിയ ഓസ്‌ട്രേലിയൻ ഹോട്ടലിൽ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം; രഹസ്യാന്വേഷണ ഏജൻസികൾ പരിശോധിക്കും


മെൽബൺ : ഓസ്‌ട്രേലിയൻ സന്ദർശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി താമസിച്ച ഹോട്ടലിൽ തീവ്രവലതുപക്ഷ വാദി ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം മുഴക്കിയത് വൻ സുരക്ഷാ വിവാദമാകുന്നു. ഇന്ത്യക്കാരുടെ കുടിയേറ്റം അവസാനിപ്പിക്കണം എന്ന് വിളിച്ചു പറഞ്ഞാണ് ഹ്യൂഗോ ലെനോൺ എന്നയാൾ ബഹളം വച്ചത്. ഓസ്‌ട്രേലിയയിൽ ഇന്ത്യക്കാരുടെ കുടിയേറ്റം പൂർണ്ണമായി അവസാനിപ്പിക്കണമെന്നും, ‘ഓസ്‌ട്രേലിയ ഓസ്‌ട്രേലിയക്കാർക്ക് മാത്രമുള്ളതാണെന്നും’ ഇയാൾ വിളിച്ചുപറഞ്ഞു.

പ്രധാനമന്ത്രി ലോബിയിൽ നിന്ന് നടന്നു നീങ്ങിയ ഉടനാണ് ഹ്യൂഗോ ലെനോൺ എന്നയാൾ ഓസ്ട്രേലിയയിൽ ഇന്ത്യക്കാർ വേണ്ടെന്ന് വിളിച്ചു പറഞ്ഞ് ബഹളംവച്ചത്. ഓസ്ട്രേലിയയ ഓസ്ട്രേലിയക്കാർക്കുള്ളതെന്ന് പറഞ്ഞ് ഹോട്ടലിന്റെ ബാൽക്കണിയിൽ നിന്ന് മുദ്രാവാക്യം വിളിച്ച ഇയാളെ പെോലീസ് ഉടൻ നീക്കി. തീവ്ര വലതുപക്ഷ കൂട്ടായ്മയിലെ അംഗമാണിയാളെന്നാണ് ഓസ്ട്രേലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. അതീവ സുരക്ഷയുള്ള ഹോട്ടലിൽ എങ്ങനെ ഇയാൾക്ക് കയറാനായി എന്ന് ഇന്ത്യൻ ഏജൻസികളും പരിശോധിക്കുകയാണ്. 

ഹോട്ടലിലെ പ്രതിഷേധത്തിന് ശേഷവും ഈ തീവ്രവലതുപക്ഷ സംഘം പിന്മാറിയില്ല. തുടർന്ന് പ്രധാനമന്ത്രി ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്ത് സംസാരിച്ച ‘മർവൻ സ്റ്റേഡിയത്തിന്’ മുന്നിലും ഇതേ സംഘം പ്രതിഷേധവുമായി എത്തിയിരുന്നു. ഓസ്‌ട്രേലിയയിലേക്കുള്ള ഇന്ത്യക്കാരുടെ കുടിയേറ്റത്തെ നിരന്തരം എതിർക്കുന്ന ഗ്രൂപ്പാണിത്. എന്നാൽ, പ്രവാസികളുടെ സ്വീകരണ ചടങ്ങിൽ മോദിക്കൊപ്പം പങ്കെടുത്ത ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്തണി ആൽബണീസ്, രാജ്യം കെട്ടിപ്പടുക്കുന്നതിൽ ഇന്ത്യൻ സമൂഹം നൽകുന്ന വിലമതിക്കാനാവാത്ത സംഭാവനകളെ വേദിയിൽ വെച്ച് വാനോളം പുകഴ്ത്തിയിരുന്നു. സന്ദർശനം പൂർത്തിയാക്കിയ നരേന്ദ്രമോദി നാളെ പുലർച്ചെ ഡൽഹിയിൽ തിരിച്ചെത്തും.