ന്യൂഡൽഹി: നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ (പിഎഫ്‌ഐ)യും സ്ഥാപക ചെയർമാൻ ഇ. അബൂബക്കർ ഉൾപ്പെടെ 20 നേതാക്കൾ പ്രതികളായ രാജ്യദ്രോഹ കേസിൽ ഡൽഹിയിലെ പ്രത്യേക എൻഐഎ കോടതി ഔദ്യോഗികമായി കുറ്റം ചുമത്തി. പട്യാല ഹൗസ് കോടതി സമുച്ചയത്തിലെ പ്രത്യേക എൻഐഎ കോടതിയാണ് കേസ് വിചാരണയ്ക്ക് പരിഗണിച്ചത്.
ഇന്ത്യൻ ഭരണകൂടത്തെ അട്ടിമറിക്കാൻ ഗൂഢാലോചന നടത്തിയതും രാജ്യത്തിനെതിരെ യുദ്ധം നടത്താൻ ശ്രമിച്ചതും ഭീകരപ്രവർത്തനങ്ങൾക്കായി ധനസമാഹരണം നടത്തിയതും ഭീകര പരിശീലന ക്യാമ്പുകൾ സംഘടിപ്പിച്ചതും യുവാക്കളെ ഭീകരപ്രവർത്തനങ്ങൾക്ക് റിക്രൂട്ട് ചെയ്തതുമുൾപ്പെടെയുള്ള കുറ്റങ്ങളാണ് യുഎപിഎ ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരം ചുമത്തിയിരിക്കുന്നത്.
2022 സെപ്തംബറിൽ രാജ്യവ്യാപകമായി നടത്തിയ റെയ്ഡിനെ തുടർന്നാണ് പിഎഫ്‌ഐ നേതാക്കളെ എൻഐഎ അറസ്റ്റ് ചെയ്തത്. തുടർന്ന് കേന്ദ്രസർക്കാർ പിഎഫ്‌ഐയെ നിയമവിരുദ്ധ സംഘടനയായി പ്രഖ്യാപിച്ചിരുന്നു.
കോടതി ചുമത്തിയ കുറ്റങ്ങൾ നിഷേധിച്ച പ്രതികൾ വിചാരണ നേരിടുമെന്ന് അറിയിച്ചു. ജൂലൈ 29 മുതൽ എൻഐഎ തെളിവെടുപ്പ് ആരംഭിക്കും.
'ലഭ്യമായ തെളിവുകൾ പരിശോധിക്കുമ്പോൾ, 2047ഓടെ ഇന്ത്യയിലെ മതനിരപേക്ഷ ജനാധിപത്യ ഭരണകൂടത്തെ സായുധസമരത്തിലൂടെ അട്ടിമറിച്ച് ശരിഅ നിയമപ്രകാരമുള്ള ഇസ്ലാമിക ഖിലാഫത്ത് സ്ഥാപിക്കാൻ പിഎഫ്‌ഐയും അതിന്റെ ദേശീയ എക്‌സിക്യൂട്ടീവ് കൗൺസിലും ചേർന്ന് ഗൂഢാലോചന നടത്തിയെന്ന ഗുരുതര സംശയം ഉയരുന്നു,' എന്ന് ജൂൺ 5ലെ ഉത്തരവിൽ കോടതി നിരീക്ഷിച്ചിരുന്നു.
യുവാക്കളിൽ തീവ്രവാദ ആശയങ്ങൾ പകർത്താനും സമൂഹത്തിൽ മതവിദ്വേഷം വളർത്താനും സംഘടന ശ്രമിച്ചെന്നും ആർഎസ്എസിന്റെ മുതിർന്ന നേതാക്കൾ ആക്രമണലക്ഷ്യപ്പട്ടികയിലുണ്ടായിരുന്നെന്നും എൻഐഎ ആരോപിക്കുന്നു. കേസിന്റെ വിചാരണ പ്രത്യേക എൻഐഎ കോടതിയിൽ തുടരും.
ഗൂഢാലോചന കേസ്: ഇന്ത്യയ്‌ക്കെതിരെ യുദ്ധം, ഭരണകൂടത്തെ അട്ടിമറിക്കാൻ ശ്രമം; 20 പിഎഫ്‌ഐ നേതാക്കൾക്കെതിരെ വിചാരണ തുടങ്ങും
