വാഷിംഗ്ടൺ: ഹോർമുസ് കടലിടുക്ക് തുറന്നതായി പ്രഖ്യാപിക്കാനും കപ്പൽ ആക്രമണങ്ങൾ നിർത്താനും ഇറാന് 24 മണിക്കൂർ സമയപരിധി നിശ്ചിച്ച് അമേരിക്ക. ഒമാനിൽ നടന്നുവരുന്ന നയതന്ത്ര ചർച്ചകൾക്കിടയിലാണ് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഈ അന്ത്യശാസനം നൽകിയത്. ഇരുരാജ്യങ്ങളും തമ്മിൽ നിലനിന്നിരുന്ന വെടിനിർത്തൽ കരാർ അവസാനിച്ചതായി യുഎസ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഈ കർശന നടപടി.
ഹോർമുസ് കടലിടുക്കിലെ കപ്പലുകൾക്ക് നേരെയുള്ള ആക്രമണം നിർത്തുമെന്ന് മാത്രമല്ല, കടലിടുക്കിലെ എല്ലാ പാതകളും 24 മണിക്കൂറിനുള്ളിൽ ടോൾ ഇല്ലാതെ ഷിപ്പിംഗിനായി തുറന്നിടുമെന്നും ഇറാൻ പരസ്യമായി പ്രഖ്യാപിക്കണം. അങ്ങനെ ചെയ്യുന്നതിൽ പരാജയപ്പെട്ടാൽ "ഗുരുതരമായ പ്രത്യാഘാതങ്ങൾ" ഉണ്ടാക്കുമെന്ന് വാഷിംഗ്ടൺ മുന്നറിയിപ്പ് നൽകിയതായി ആക്സിയോസ് റിപ്പോർട്ട് ചെയ്തു.
"സന്ദേശം നേരിട്ടും പ്രാദേശിക മധ്യസ്ഥർ വഴിയും അറിയിച്ചിട്ടുണ്ട്, അവരുടെ നിലപാട് അങ്ങനെയല്ലെങ്കിൽ, അത് അവർക്ക് ഒരു മികച്ച ദിവസമായിരിക്കില്ല," നയതന്ത്രം പരാജയപ്പെട്ടാൽ അടിയന്തര പദ്ധതികൾ ഇതിനകം തന്നെ നിലവിലുണ്ടെന്നും യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുള്ള റിപ്പോർട്ടിൽ പറയുന്നു.
"ഹോർമുസ് കടലിടുക്കിന്റെ എല്ലാ ചാനലുകളും തുറന്നിരിക്കുന്നുവെന്നും ഇനി കപ്പലുകൾക്ക് നേരെ വെടിയുതിർക്കില്ലെന്നും അംഗീകരിക്കുന്ന ഒരു പൊതു പ്രസ്താവന ഇറാനികൾ പുറപ്പെടുവിക്കണമെന്നാണ് ഞങ്ങൾ ആവശ്യപ്പെടുന്നത്. കപ്പലുകൾക്ക് നേരെ വെടിവയ്ക്കുന്നത് നിർത്തുമെന്ന് അവർ പരസ്യമായി പറയുന്ന സ്ഥിതിയിലേക്ക് എത്തുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു, ഞങ്ങൾ ഇപ്പോൾ അതിനായി പ്രവർത്തിക്കുകയാണ്," ഒരു ഉദ്യോഗസ്ഥൻ പറഞ്ഞതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു.
അന്താരാഷ്ട്ര ജലപാതയായ ഹോർമൂസ് കടലിടുക്കിന്റെ നിയന്ത്രണം തങ്ങളുടെ പരമാധികാരത്തിൽപ്പെട്ടതാണെന്നും, ഇസ്രായേലിനും അമേരിക്കയ്ക്കും അവരുടെ സഖ്യകക്ഷികൾക്കും കടലിടുക്ക് തുറന്നുകൊടുക്കില്ലെന്നുമുള്ള നിലപാടിലാണ് ഇറാൻ. എന്നാൽ, നിശ്ചിത സമയപരിധി പാലിച്ചില്ലെങ്കിൽ വലിയ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് അമേരിക്ക മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അല്ലാത്തപക്ഷം സൈനിക, സാമ്പത്തിക നടപടികൾ സ്വീകരിക്കുമെന്നും അവർ വ്യക്തമാക്കിയിട്ടുണ്ട്
അതേസമയം, ഉഭയകക്ഷി ബന്ധങ്ങളെയും പ്രാദേശിക സംഭവവികാസങ്ങളെയും കുറിച്ചുള്ള ചർച്ചകൾക്കായി ഇറാനിയൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഖ്ചി ശനിയാഴ്ച ഒമാനിലേക്ക് പോകുമെന്ന് ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ ഐആർഎൻഎ റിപ്പോർട്ട് ചെയ്തു.
ഹോർമുസ് തുറന്നതായി പ്രഖ്യാപിക്കണം, കപ്പൽ ആക്രമണങ്ങൾ നിർത്തണം; ഇറാന് 24 മണിക്കൂർ സമയപരിധി നിശ്ചയിച്ച് അമേരിക്ക
