ന്യൂഡൽഹി: സുപ്രീംകോടതിക്കും ഹൈക്കോടതികൾക്കും സമീപമുള്ള പ്രതിഷേധങ്ങൾക്കും രാഷ്ട്രീയ ജാഥകൾക്കും നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ മാർഗനിർദേശങ്ങൾ വേണമെന്ന ഹർജിയിൽ സുപ്രീം കോടതി നോട്ടീസയച്ചു. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്, തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്ര എന്നിവരുൾപ്പെടെയുള്ള രാഷ്ട്രീയ നേതാക്കൾക്കെതിരെ ക്രിമിനൽ കോടതിയലക്ഷ്യ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട ഹര്ജി പരിഗണിക്കുകയായിരുന്നു കോടതി.
ഒക്ടോബർ 12ന് സുപ്രീംകോടതിയിലേക്ക് രാഷ്ട്രീയ നേതാക്കളും അനുയായികളും നടത്തിയ മാർച്ചുമായി ബന്ധപ്പെട്ടാണ് ഹർജികൾ സമർപ്പിച്ചത്. തെരഞ്ഞെടുപ്പ് കമ്മീഷനും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറുമായി ബന്ധപ്പെട്ട വിഷയങ്ങളിലായിരുന്നു പ്രതിഷേധം. വിഷയങ്ങളിൽ നിവേദനം സമർപ്പിക്കുന്നതിനായി ലോക്സഭയിലെയും രാജ്യസഭയിലെയും പ്രതിപക്ഷ നേതാക്കൾ ചീഫ് ജസ്റ്റിസിനെ കാണാൻ അനുമതി തേടിയിരുന്നെങ്കിലും അദ്ദേഹം അനുമതി നിഷേധിച്ചിരുന്നു.
കോടതിയെ സമ്മർദത്തിലാക്കാൻ ആർക്കും കഴിയില്ല
ചീഫ് ജസ്റ്റിസ് സൂര്യകാന്തും ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചിയും അടങ്ങിയ ബെഞ്ചാണ് സമാനമായ ആവശ്യങ്ങളുന്നയിച്ച രണ്ട് ഹർജികളിൽ നോട്ടീസ് അയച്ചത്. സുപ്രീം കോടതി പരിസരത്തെ സി.സി.ടി.വി ദൃശ്യങ്ങൾ സംരക്ഷിക്കാനും കോടതി നിർദേശിച്ചു. ഹർജിക്കാർക്കുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ഗൗരവ് ഭാട്ടിയ, സുപ്രീംകോടതിക്ക് രാഷ്ട്രീയ ജാഥയെക്കുറിച്ച് പരിഗണിക്കേണ്ട സാഹചര്യം ഉണ്ടായത് അംഗീകരിക്കാനാവില്ലെന്ന് വാദിച്ചു. സംഭവത്തിൽ അഭിഭാഷകർക്കിടയിൽ ആശങ്കയുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഏകദേശം 200 അഭിഭാഷകർ പ്രതിഷേധവുമായി ബന്ധപ്പെട്ട ആശങ്കകൾ രേഖപ്പെടുത്തി നിവേദനത്തിൽ ഒപ്പിട്ടിട്ടുണ്ടെന്നും അദ്ദേഹം കോടതിയെ അറിയിച്ചു.
ഇതിനിടെ, കോടതിയെ സമ്മർദത്തിലാക്കാൻ ആർക്കും കഴിയില്ലെന്ന് ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടു . ഇത്തരം ശ്രമങ്ങൾ ദുർബലമാണെന്നും അവയ്ക്ക് ആരും പ്രാധാന്യം നൽകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കോടതിയുടെ പരിസരത്തിന് പുറത്തു നടക്കുന്ന കാര്യങ്ങളെക്കുറിച്ച് തങ്ങൾക്ക് അറിവുണ്ടെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. ഭയപ്പെടുക്കാന് നോക്കേണ്ട, ഞങ്ങൾ ദന്തഗോപുരങ്ങളിൽ ഇരിക്കുന്നവരല്ല. അവർ പുറത്ത് എന്ത് പ്രസ്താവനകൾ നടത്തുന്നുവെന്നും കോടതിയിൽ എന്താണ് പറയുന്നതെന്നും ഞങ്ങൾക്കറിയാം എന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.
മാർച്ചിനിടെ ഗർഭിണിയായ ഒരു മാധ്യമപ്രവർത്തകയെ തള്ളിയിട്ടെന്ന ആരോപണം ഉന്നയിച്ച ഗൗരവ് ഭാട്ടിയ, സംഘര്ഷ സമയത്തെ സി.സി.ടി.വി ദൃശ്യങ്ങൾ സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ടു. ഇതേത്തുടർന്ന്, സംഭവവുമായി ബന്ധപ്പെട്ട് ശേഖരിച്ചിട്ടുള്ള സി.സി.ടി.വി ദൃശ്യങ്ങളും മറ്റ് ഡിജിറ്റൽ ദൃശ്യങ്ങളും രേഖകളും സംരക്ഷിക്കാൻ എല്ലാ നിയമനിർവഹണ ഏജൻസികൾക്കും കോടതി നിർദേശം നൽകി.
അഭിഭാഷകരായ ദിഗന്ത് മിശ്രയും മറ്റ് മൂന്ന് അഭിഭാഷകരും സമർപ്പിച്ച ഹർജിയിൽ സുപ്രീംകോടതിക്കും ഹൈക്കോടതികൾക്കും സമീപമുള്ള പ്രകടനങ്ങൾ നിയന്ത്രിക്കാൻ മാർഗനിർദേശങ്ങൾ വേണമെന്ന് ആവശ്യപ്പെടുന്നു. കോടതിവളപ്പിനുള്ളിലെ രാഷ്ട്രീയ പ്രതിഷേധങ്ങൾക്ക് പൂർണ നിരോധനം ഏർപ്പെടുത്തുക, ഒക്ടോബർ 12ലെ സംഭവങ്ങളുമായി ബന്ധപ്പെട്ട സുരക്ഷാ രേഖകളും ദൃശ്യങ്ങളും സംരക്ഷിക്കുക, കോടതിയുടെ പരിഗണനയിലുള്ള കേസുകളെ സ്വാധീനിക്കാൻ ലക്ഷ്യമിട്ടുള്ള രാഷ്ട്രീയ പ്രചാരണങ്ങൾ തടയുന്നതിനുള്ള മാർഗനിർദേശങ്ങൾ രൂപീകരിക്കുക എന്നിവയും ഹർജിയിലെ ആവശ്യങ്ങളാണ്.
വോട്ടർ പട്ടികയിലെ ക്രമക്കേടുകൾ; നോട്ടീസ് അയച്ച് കോടതി
വോട്ടർ പട്ടികയിലെ ക്രമക്കേടുകൾ ചൂണ്ടിക്കാട്ടി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും ഇന്ത്യാ സഖ്യത്തിലെ മറ്റ് നേതാക്കളും സമർപ്പിച്ച ഹർജിയിൽ സുപ്രീംകോടതി നോട്ടീസ് അയച്ചു. തെരഞ്ഞെടുപ്പ് കമ്മീഷൻ, മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ, തെരഞ്ഞെടുപ്പ് കമ്മീഷണർമാരായ സുഖ്ബീർ സിങ് സന്ധു, വിവേക് ജോഷി എന്നിവരോടാണ് കോടതി വിശദീകരണം തേടിയത്. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ചാണ് വ്യാഴാഴ്ച ഹർജി പരിഗണിച്ചത്. ഹർജിയിൽ നോട്ടീസ് അയയ്ക്കുന്നതിനിടെ, ഹർജിക്കാരിൽ ഒരാളുടെ പെരുമാറ്റത്തെക്കുറിച്ചും ചോദിക്കുമെന്ന് ബെഞ്ച് വാക്കാൽ പരാമർശിച്ചു. എന്നാൽ, ആരെയാണ് ഉദ്ദേശിച്ചതെന്ന് കോടതി വ്യക്തമാക്കിയിട്ടില്ല.
വോട്ടർപട്ടിക പരിഷ്കരണത്തിൻ്റെ നിയമസാധുത ചോദ്യം ചെയ്ത് പ്രതിപക്ഷം
തെരഞ്ഞെടുപ്പ് കമ്മീഷൻ നടത്തുന്ന പ്രത്യേക തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിൻ്റെ നിയമസാധുത ചോദ്യം ചെയ്താണ് രാഹുൽ ഗാന്ധിയും മറ്റ് പ്രതിപക്ഷ നേതാക്കളും സുപ്രീംകോടതിയെ സമീപിച്ചത്. പരിഷ്കരണ നടപടികളിൽ സുതാര്യത ഉറപ്പാക്കണമെന്നും വോട്ടർമാരുടെ പേരുകൾ അന്യായമായി പട്ടികയിൽനിന്ന് നീക്കം ചെയ്യുന്നത് തടയാൻ ആവശ്യമായ സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്തണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
വോട്ടർപട്ടികയിൽനിന്ന് ഒഴിവാക്കിയവരുടെ വിശദാംശങ്ങൾ പ്രസിദ്ധീകരിക്കുക, പരിഷ്കരണവുമായി ബന്ധപ്പെട്ട തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ രേഖകൾ വെളിപ്പെടുത്തുക, പട്ടികയിൽനിന്ന് ഒഴിവാക്കപ്പെട്ടവരുടെ പേരുകൾ പുനഃസ്ഥാപിക്കുന്നതിന് വ്യക്തമായ സംവിധാനം ഒരുക്കുക എന്നിവയും ഹർജിയിലെ പ്രധാന ആവശ്യങ്ങളാണ്. പരിഷ്കരണ നടപടികൾക്ക് ജുഡീഷ്യൽ ഓഡിറ്റ് നടത്തണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. കേസിൽ അന്തിമ തീരുമാനമുണ്ടാകുന്നതുവരെ വിവിധ സംസ്ഥാനങ്ങളിലെ എസ്.ഐ.ആർ നടപടികൾ താൽക്കാലികമായി നിർത്തിവയ്ക്കണമെന്നും പ്രതിപക്ഷ നേതാക്കൾ കോടതിയോട് ആവശ്യപ്പെട്ടു.
കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, തൃണമൂൽ കോൺഗ്രസ് നേതാവ് സൗഗത റോയ്, സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്, ആർ.ജെ.ഡി നേതാവ് തേജസ്വി പ്രസാദ് യാദവ്, ശിവസേന (യു.ബി.ടി) നേതാവ് സഞ്ജയ് റാവത്ത്, സി.പി.എം നേതാവ് എം.എ. ബേബി, സി.പി.ഐ നേതാവ് ഡി. രാജ തുടങ്ങിയവരും ഹർജിക്കാരിൽ ഉൾപ്പെടുന്നു.
സുപ്രീംകോടതിയിലേക്കുള്ള പ്രതിപക്ഷ മാർച്ച്
ഒക്ടോബർ 12 ന് എസ്.ഐ.ആർ നടപടിക്കെതിരെ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ പ്രതിപക്ഷ നേതാക്കൾ സുപ്രീംകോടതിയിലേക്ക് മാർച്ച് നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഹർജി സമർപ്പിച്ചത്. ഹർജി നേരിട്ട് സമർപ്പിക്കാനായിരുന്നു രാഹുൽ ഗാന്ധിയുടെ പദ്ധതിയെങ്കിലും, കോടതി രജിസ്ട്രിയുടെ പ്രവർത്തനസമയം അവസാനിക്കാറായതിനാൽ അഭിഭാഷകർ വഴിയാണ് ഇത് സമർപ്പിച്ചത്.
രാഷ്ട്രിയ പാർട്ടികളുടെ പ്രതിനിധികളായ നിരവധി നേതാക്കൾ ഹർജിയിൽ പങ്കാളികളായിട്ടുണ്ട്. നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിയുടെ ശരദ്ചന്ദ്ര പവാർ വിഭാഗം നേതാവ് സുപ്രിയ സുലെ, ഝാർഖണ്ഡ് മുക്തി മോർച്ചയുടെ മഹുവ മാജി, ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് നേതാവ് മുഹമ്മദ് ബഷീർ, വിടുതലൈ ചിറുതൈകൾ കക്ഷി അധ്യക്ഷൻ തോൽ തിരുമാവളവൻ, ജമ്മു കശ്മീർ മുൻ മന്ത്രി സജാദ് അഹമ്മദ് കിച്ച്ലു എന്നിവരും ഹർജിക്കാരുടെ പട്ടികയിലുണ്ട്. ഇതിനുപുറമെ, എസ്.ഐ.ആർ നടപടിയുമായി ബന്ധപ്പെട്ട് എ.ഐ.എം.ഐ.എം അധ്യക്ഷൻ അസദുദ്ദീൻ ഒവൈസി, കോൺഗ്രസ് നേതാവ് ദിഗ്വിജയ് സിങ് എന്നിവർ സമർപ്പിച്ച പ്രത്യേക ഹർജികളിലും സുപ്രീംകോടതി നോട്ടീസ് അയച്ചു.
എസ്.ഐ.ആർ നടപടികളുമായി ബന്ധപ്പെട്ട ആശങ്കകൾ അറിയിക്കുന്നതിനും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിൻ്റെ രാജി ആവശ്യപ്പെടുന്നതിനുമായി ചീഫ് ജസ്റ്റിസ് സൂര്യകാന്തുമായി കൂടിക്കാഴ്ച നടത്താൻ പ്രതിപക്ഷ നേതാക്കൾ നേരത്തേ അനുമതി തേടിയിരുന്നു. എന്നാൽ, വിഷയങ്ങൾ കോടതിയുടെ പരിഗണനയിലുണ്ടെന്നും നിയമനടപടികളിലൂടെ നേതാക്കൾക്ക് ആവശ്യമായ പരിഹാരം തേടാമെന്നും ചൂണ്ടിക്കാട്ടി ചീഫ് ജസ്റ്റിസ് കൂടിക്കാഴ്ചയ്ക്കുള്ള ആവശ്യം നിരസിച്ചു.
'ഭയപ്പെടുത്താൻ നോക്കേണ്ട, ഞങ്ങൾ ദന്തഗോപുരങ്ങളിൽ ഇരിക്കുന്നവരല്ല'; രാഷ്ട്രീയ ജാഥയിൽ അതൃപ്തി പ്രകടിപ്പിച്ച് സുപ്രീംകോടതി
