സിഎംആര്‍എല്‍-എക്‌സാലോജിക് കേസ്: പിണറായി വിജയന്റെ അപ്പീല്‍ അനുമതി ഹര്‍ജി തള്ളി ഹൈക്കോടതി; വിജിലന്‍സ് അന്വേഷണത്തിന് വഴിതുറന്നു

സിഎംആര്‍എല്‍-എക്‌സാലോജിക് കേസ്: പിണറായി വിജയന്റെ അപ്പീല്‍ അനുമതി ഹര്‍ജി തള്ളി ഹൈക്കോടതി; വിജിലന്‍സ് അന്വേഷണത്തിന് വഴിതുറന്നു


കൊച്ചി: സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട കേസില്‍ പിണറായി വിജയനടക്കമുള്ളവര്‍ക്ക് ഹൈക്കോടതിയില്‍ തിരിച്ചടി. സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവിനെതിരെ അപ്പീല്‍ നല്‍കാന്‍ അനുമതി തേടി പിണറായി വിജയന്‍, മകള്‍ ടി. വീണ, ഭര്‍ത്താവും മുന്‍ മന്ത്രിയുമായ പി.എ. മുഹമ്മദ് റിയാസ് എന്നിവര്‍ നല്‍കിയ ഹര്‍ജികള്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളി. നിയമപരമായി എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്ത സാഹചര്യത്തില്‍ അപ്പീല്‍ നല്‍കാന്‍ അനുമതി നല്‍കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. ഇതോടെ വിജിലന്‍സിന് അന്വേഷണവുമായി മുന്നോട്ടുപോകാം.

എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തതിനെതിരെ നിയമപരമായോ ഭരണഘടനാപരമായോ പരിഹാരം തേടാനുള്ള ഹര്‍ജിക്കാരുടെ അവകാശത്തെ സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ് തടയുന്നില്ലെന്നും ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചു. ഈ സാഹചര്യത്തില്‍ അപ്പീല്‍ നല്‍കാന്‍ അനുമതി തേടിയുള്ള ഹര്‍ജികള്‍ അനുവദിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ കെ. നടരാജന്‍, ജോണ്‍സണ്‍ ജോണ്‍ എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്.

സിംഗിള്‍ ബെഞ്ചില്‍ കേസ് പരിഗണിച്ചപ്പോള്‍ തങ്ങളെ കക്ഷികളാക്കിയിരുന്നില്ലെന്നും തങ്ങളുടെ വാദം കേള്‍ക്കാതെയാണ് ഉത്തരവ് പുറപ്പെടുവിച്ചതെന്നും ഹര്‍ജിക്കാര്‍ വാദിച്ചു. ഉത്തരവ് നിയമപരമല്ലെന്നും അവര്‍ ചൂണ്ടിക്കാട്ടി. സംസ്ഥാന സര്‍ക്കാരും ഹര്‍ജിക്കാര്‍ക്ക് അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്. എന്നാല്‍ അപ്പീല്‍ അനുമതി നല്‍കുന്നതിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് എതിര്‍ത്തു. ബന്ധപ്പെട്ട കക്ഷികളുടെ വാദം വിശദമായി കേട്ട ശേഷമാണ് ഡിവിഷന്‍ ബെഞ്ച് ഹര്‍ജികള്‍ തള്ളിയത്.

സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ച പ്രാഥമിക അന്വേഷണത്തിനായി രൂപീകരിച്ച പ്രത്യേക അന്വേഷണസംഘത്തെ ഒഴിവാക്കി, ഇ.ഡി. നല്‍കിയ കത്തിന്റെ അടിസ്ഥാനത്തില്‍ വിജിലന്‍സ് എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കണമെന്നായിരുന്നു സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ്. ഇ.ഡി. നല്‍കിയ കത്തിന്റെ അടിസ്ഥാനത്തില്‍ കേസെടുക്കാത്തത് ചോദ്യം ചെയ്ത് കെ.എം. ഷാജഹാന്‍ നല്‍കിയ ഹര്‍ജിയിലായിരുന്നു ജസ്റ്റിസ് എ. ബദറുദ്ദീന്റെ ഉത്തരവ്.

ഇതിന്റെ അടിസ്ഥാനത്തില്‍ സിഎംആര്‍എല്‍ ഇടപാടുമായി ബന്ധപ്പെട്ട് വിജിലന്‍സ് രണ്ട് എഫ്.ഐ.ആറുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഒരു കേസില്‍ പിണറായി വിജയനാണ് ഒന്നാം പ്രതി. രണ്ടാമത്തെ കേസില്‍ പി.എ. മുഹമ്മദ് റിയാസാണ് ഒന്നാം പ്രതി. ടി. വീണ രണ്ട് കേസുകളിലും രണ്ടാം പ്രതിയാണ്. അഴിമതി നിരോധന നിയമപ്രകാരമാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ പുതിയ ഉത്തരവോടെ വിജിലന്‍സ് അന്വേഷണവുമായി മുന്നോട്ടുപോകാനുള്ള സാഹചര്യം തുടരുകയാണ്.