കൊച്ചി: അനധികൃത സ്വത്ത് സമ്പാദനക്കേസില് മുന് ഡിജിപി ടോമിന് ജെ. തച്ചങ്കരിക്ക് വിജിലന്സ് കോടതി വിധിച്ച തടവുശിക്ഷ കേരള ഹൈക്കോടതി മരവിപ്പിച്ചു. ശിക്ഷാവിധിക്കെതിരെ തച്ചങ്കരി സമര്പ്പിച്ച അപ്പീല് ഹര്ജി പരിഗണിച്ച ജസ്റ്റിസ് എ. ബദറുദ്ദീനാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.
കോട്ടയം വിജിലന്സ് പ്രത്യേക കോടതിയാണ് അഴിമതി നിരോധന നിയമത്തിലെ 13(2), 13(1)(ഇ) വകുപ്പുകള് പ്രകാരം തച്ചങ്കരിയെ കുറ്റക്കാരനായി കണ്ടെത്തി നാലുവര്ഷം തടവും 30.84 ലക്ഷം രൂപ പിഴയും വിധിച്ചത്. തെളിവുകളും അനുവദനീയമായ ആനുകൂല്യങ്ങളും പരിഗണിച്ച് ഇളവുകള് നല്കിയിട്ടും തച്ചങ്കരിയുടെ കൈവശമുണ്ടായിരുന്ന സ്വത്ത് വരുമാനത്തിന്റെ 52.33 ശതമാനത്തോളം അധികമാണെന്നായിരുന്നു വിജിലന്സ് കോടതിയുടെ കണ്ടെത്തല്.
വിജിലന്സ് കോടതി വിധി റദ്ദാക്കണമെന്നും ശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് തച്ചങ്കരി ഹൈക്കോടതിയെ സമീപിച്ചത്. തച്ചങ്കരിക്കുവേണ്ടി മുതിര്ന്ന അഭിഭാഷകന് രാമന് ബി. പിള്ളയും പ്രോസിക്യൂഷനും കഴിഞ്ഞ മാസം വിശദമായ വാദങ്ങള് അവതരിപ്പിച്ചിരുന്നു. വാദം പൂര്ത്തിയായതിനെത്തുടര്ന്ന് വിധി പറയാന് മാറ്റിവച്ച ഹര്ജിയിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.
അനധികൃത സ്വത്ത് സമ്പാദനക്കേസ്: ടോമിന് ജെ. തച്ചങ്കരിയുടെ തടവുശിക്ഷ മരവിപ്പിച്ച് ഹൈക്കോടതി
