വാഷിങ്ടണ്: നവംബര് മൂന്നിന് നടക്കുന്ന അമേരിക്കന് ഇടക്കാല തിരഞ്ഞെടുപ്പില് വോട്ടെടുപ്പും വോട്ടെണ്ണലും നിരീക്ഷിക്കാന് ഒന്പത് സംസ്ഥാനങ്ങളിലായി നൂറിലേറെ കോണ്ഗ്രസ് ജീവനക്കാരെ നിയോഗിക്കാന് ഡെമോക്രാറ്റിക് സെനറ്റര്മാര്. പ്രസിഡന്റ് ഡോണള്ഡ് ട്രംപിന്റെ ഭരണകൂടം തിരഞ്ഞെടുപ്പ് പ്രക്രിയയില് ഇടപെടാന് സാധ്യതയുണ്ടെന്ന ആശങ്കയെ തുടര്ന്നാണ് നടപടിയെന്ന് ഡെമോക്രാറ്റിക് സെനറ്റ് നേതാവ് ചക് ഷൂമറും സെനറ്റര് അലക്സ് പാഡില്ലയും അറിയിച്ചു. ഒഹായോ, ജോര്ജിയ, മിഷിഗണ് തുടങ്ങിയ സെനറ്റ് തിരഞ്ഞെടുപ്പുകള് കടുത്ത മത്സരത്തിലേക്ക് നീങ്ങുന്ന സംസ്ഥാനങ്ങളിലാണ് നിരീക്ഷകരെ വിന്യസിക്കുക.
വോട്ടര്മാരെ ഭീഷണിപ്പെടുത്തല്, തിരഞ്ഞെടുപ്പ് ഉേദ്യാഗസ്ഥര്ക്കെതിരായ സമ്മര്ദം, വോട്ടെടുപ്പിലും വോട്ടെണ്ണലിലും ഫലപ്രഖ്യാപന നടപടികളിലും ഉണ്ടാകാവുന്ന ക്രമക്കേടുകള് എന്നിവ രേഖപ്പെടുത്തി റിപ്പോര്ട്ട് ചെയ്യുകയാണ് നിരീക്ഷകരുടെ ചുമതല. വസ്തുതകള് നിരീക്ഷിക്കുകയും രേഖപ്പെടുത്തുകയും റിപ്പോര്ട്ട് ചെയ്യുകയും ചെയ്യുക എന്നതാണ് അവരുടെ ദൗത്യമെന്ന് ഷൂമര് വ്യക്തമാക്കി. തിരഞ്ഞെടുപ്പ് ഫലങ്ങളുടെ സാക്ഷ്യപ്പെടുത്തല് നടപടികള് പൂര്ത്തിയാകുന്നതുവരെ ആവശ്യമെങ്കില് ദിവസങ്ങളോ ആഴ്ചകളോ നിരീക്ഷകര്ക്ക് പ്രവര്ത്തിക്കാനാകുമെന്ന് പാഡില്ലയും പറഞ്ഞു.
തിരഞ്ഞെടുപ്പില് തട്ടിപ്പ് നടന്നെന്ന ട്രംപിന്റെ ആവര്ത്തിച്ചുള്ള ആരോപണങ്ങളും പോളിങ് കേന്ദ്രങ്ങളില് ഫെഡറല് ഭരണകൂടം അസാധാരണമായി ഇടപെടാനുള്ള സാധ്യത തള്ളിക്കളയാത്തതുമാണ് ആശങ്കയ്ക്ക് കാരണമെന്ന് ഡെമോക്രാറ്റുകളും പൗരാവകാശ സംഘടനകളും ചൂണ്ടിക്കാട്ടുന്നു. ആരാണ് വോട്ട് ചെയ്യേണ്ടതെന്നും ഏത് വോട്ടുകളാണ് എണ്ണേണ്ടതെന്നും തീരുമാനിക്കേണ്ടത് ട്രംപല്ലെന്ന് ഷൂമര് പ്രതികരിച്ചു.
തപാല് വോട്ടിങ്ങിന് നിയന്ത്രണം ഏര്പ്പെടുത്തണമെന്നും വോട്ടര്മാര് അമേരിക്കന് പൗരന്മാരാണെന്ന് തെളിയിക്കുന്നതിനുള്ള വ്യവസ്ഥകള് കര്ശനമാക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാനങ്ങളിലെ വോട്ടര് പട്ടികകളിലേക്കുള്ള പ്രവേശനം നേടാനുള്ള ഭരണകൂടത്തിന്റെ നീക്കങ്ങളും വിമര്ശനത്തിന് ഇടയാക്കിയിട്ടുണ്ട്. എന്നാല്, തിരഞ്ഞെടുപ്പ് നിയമങ്ങള് പാലിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കാനും തിരഞ്ഞെടുപ്പിന്റെ വിശ്വാസ്യത സംരക്ഷിക്കാനുമാണ് നിരീക്ഷണ പ്രവര്ത്തനങ്ങളെന്നാണ് നീതിന്യായ വകുപ്പിന്റെ വിശദീകരണം.
തിരഞ്ഞെടുപ്പ് നടത്തിപ്പില് ഇടപെടുകയോ ബാലറ്റുകള് കൈകാര്യം ചെയ്യുകയോ ചെയ്യില്ലെന്ന് പാഡില്ല വ്യക്തമാക്കി. നിരീക്ഷകര് തിരഞ്ഞെടുപ്പ് പ്രക്രിയ തടസ്സപ്പെടുത്താനോ സംഘര്ഷമുണ്ടാക്കാനോ അല്ല എത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. ഈ വര്ഷം ആദ്യം പ്രഖ്യാപിച്ച പദ്ധതി രാഷ്ട്രീയ പ്രചാരണത്തിന്റെ ഭാഗമല്ലെന്നും കോണ്ഗ്രസിന്റെ ഔദ്യോഗിക പരിപാടിയാണെന്നും ഡെമോക്രാറ്റിക് നേതൃത്വം വിശദീകരിച്ചു. സാധ്യമാകുന്നിടത്ത് റിപ്പബ്ലിക്കന് സെനറ്റ് ജീവനക്കാരെയും നിരീക്ഷണ പ്രവര്ത്തനങ്ങളില് പങ്കെടുപ്പിക്കാനാണ് ശ്രമമെന്നും പാഡില്ല അറിയിച്ചു.
അതേസമയം, പൗരാവകാശ സംഘടനകളുടെ നേതൃത്വത്തില് പ്രത്യേക തിരഞ്ഞെടുപ്പ് സംരക്ഷണ പ്രവര്ത്തനങ്ങളും നടക്കുന്നുണ്ട്. 'വോട്ട് സേഫ്' എന്ന സംരംഭം മത്സരാധിഷ്ഠിത സംസ്ഥാനങ്ങളിലെ പോളിങ് കേന്ദ്രങ്ങളില് പരിശീലനം ലഭിച്ച സന്നദ്ധപ്രവര്ത്തകരെ നിയോഗിച്ചുതുടങ്ങി. വോട്ടര്മാരുടെ അവകാശങ്ങളെക്കുറിച്ച് ബോധവത്കരിക്കുക, ഭീഷണിപ്പെടുത്തല് ഉള്പ്പെടെയുള്ള സംഭവങ്ങള് രേഖപ്പെടുത്തുക, കുടിയേറ്റ നിയമനടപടികളെക്കുറിച്ചുള്ള ആശങ്കകള്ക്കിടയില് വോട്ടര്മാര്ക്ക് പിന്തുണ നല്കുക എന്നിവയാണ് ഇവരുടെ ലക്ഷ്യം.
അമേരിക്കന് തിരഞ്ഞെടുപ്പുകള് സുരക്ഷിതവും വിശ്വാസയോഗ്യവുമാണെന്നും ആ നില തുടര്ന്നുറപ്പാക്കാനാണ് മുന്കരുതലുകള് സ്വീകരിക്കുന്നതെന്നും ഷൂമര് പറഞ്ഞു. തിരഞ്ഞെടുപ്പിന്റെ സുതാര്യതയും വോട്ടര്മാരുടെ അവകാശങ്ങളും സംബന്ധിച്ച ചര്ച്ചകള് ശക്തമായിരിക്കെ, നിരീക്ഷണ നടപടികള് അമേരിക്കന് രാഷ്ട്രീയത്തില് കൂടുതല് ശ്രദ്ധ നേടുകയാണ്.
അമേരിക്കന് ഇടക്കാല തിരഞ്ഞെടുപ്പ്: വോട്ടെടുപ്പ് നിരീക്ഷിക്കാന് ഡെമോക്രാറ്റുകള്; ഒന്പത് സംസ്ഥാനങ്ങളിലായി 100ലേറെ നിരീക്ഷകര്
