പാരീസ്: ഇസ്രായേലുമായി നയതന്ത്രബന്ധമില്ലാത്ത രാജ്യങ്ങളില് നിന്നുള്ള വിമാന ജീവനക്കാര്ക്ക് നിയന്ത്രണങ്ങള് കര്ശനമാക്കിയതിനു പിന്നാലെ, പാകിസ്താന് പൗരത്വമുള്ള പൈലറ്റുമാര്ക്കും കാബിന് ജീവനക്കാര്ക്കും ഇസ്രായേലിലേക്കും അവിടെനിന്നുമുള്ള സര്വീസുകളില് വിലക്കേര്പ്പെടുത്തി എയര് ഫ്രാന്സ്. സെപ്റ്റംബര് 30-ന് ദുബായില്നിന്ന് ടെല് അവീവിലേക്ക് സര്വീസ് നടത്തിയ ഫ്ളൈ ദുബായ് വിമാനത്തിലെ ഒമാന് സ്വദേശിയായ കോ-പൈലറ്റ് നടത്തിയതായി ആരോപിക്കപ്പെടുന്ന ഭീകരാക്രമണശ്രമമാണ് നിയന്ത്രണങ്ങള് കര്ശനമാക്കുന്നതിന് കാരണമായത്.
പട്ടികയിലുള്ള രാജ്യങ്ങളില് പൗരത്വമുള്ള ജീവനക്കാരെയാണ് നിയന്ത്രണം ബാധിക്കുക. മറ്റൊരു രാജ്യത്തിന്റെ പൗരത്വം കൂടി കൈവശമുള്ളവര്ക്കും വിലക്ക് ബാധകമായേക്കും.
പാകിസ്താന് ഉള്പ്പെടെ 31 രാജ്യങ്ങളിലെ പൗരത്വമുള്ള വിമാന ജീവനക്കാര്ക്ക് എയര് ഫ്രാന്സ് നിയന്ത്രണം ഏര്പ്പെടുത്തിയതിനു പിന്നാലെ, ഇസ്രായേലിലേക്കും അവിടെനിന്നുമുള്ള സര്വീസുകളില് ദേശീയത അടിസ്ഥാനമാക്കിയുള്ള നിയന്ത്രണങ്ങള് സംബന്ധിച്ച് പൈലറ്റുമാര്ക്കും കാബിന് ജീവനക്കാര്ക്കും നിര്ദേശം നല്കിയിരിക്കുകയാണ് അമേരിക്കന് വിമാനക്കമ്പനിയായ യുണൈറ്റഡ് എയര്ലൈന്സ്. അന്താരാഷ്ട്ര വ്യോമയാന മേഖലയെ ഈ തീരുമാനം എങ്ങനെ ബാധിക്കുമെന്നതും കൂടുതല് വിമാനക്കമ്പനികള് സമാനമായ നിയന്ത്രണങ്ങള് നടപ്പാക്കുമോയെന്നതും സംബന്ധിച്ച് ചര്ച്ചകള് ഉയര്ന്നിട്ടുണ്ട്.
ഫ്രഞ്ച് അന്വേഷണാത്മക മാധ്യമമായ മീഡിയപാര്ട്ടും വ്യോമയാന മേഖലയിലെ വിവരവിശകലന സ്ഥാപനമായ സി എച്ച്- ഏവിയേഷനും പുറത്തുവിട്ട റിപ്പോര്ട്ടുകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഇസ്രായേല് അധികൃതര് ഏര്പ്പെടുത്തിയ നിയന്ത്രണങ്ങളെക്കുറിച്ച് വിമാനക്കമ്പനികള് പൈലറ്റുമാരെയും കാബിന് ജീവനക്കാരെയും അറിയിച്ചിട്ടുണ്ട്.
രണ്ടാമതൊരു രാജ്യത്തിന്റെ പൗരത്വം കൂടി കൈവശമുണ്ടെങ്കില് അത് വെളിപ്പെടുത്തണമെന്ന് എയര് ഫ്രാന്സ് ജീവനക്കാര്ക്ക് നിര്ദേശം നല്കിയതായാണ് മീഡിയപാര്ട്ടിന്റെ റിപ്പോര്ട്ട്. വിവരം മറച്ചുവെച്ചാല് അച്ചടക്കനടപടി നേരിടേണ്ടിവരുമെന്നും മുന്നറിയിപ്പുണ്ട്.
ഇസ്രായേല് അധികൃതരുടെ നിര്ദേശങ്ങള് പാലിക്കുന്നതായി എയര് ഫ്രാന്സ് സ്ഥിരീകരിച്ചു. യുണൈറ്റഡ് എയര്ലൈന്സ് പുതിയ നിയന്ത്രണങ്ങള് ജീവനക്കാരുടെ ഡ്യൂട്ടി ക്രമീകരണ നടപടികളില് ഉള്പ്പെടുത്തിയിട്ടുണ്ട്.
ഇസ്രായേല് സംപ്രേഷണ മാധ്യമമായ എന്12-ന്റെ റിപ്പോര്ട്ട് പ്രകാരം, ഇസ്രായേലുമായി നയതന്ത്രബന്ധമില്ലാത്ത രാജ്യങ്ങളുടെ പൗരത്വമോ ഇരട്ട പൗരത്വമോ ഉള്ള പൈലറ്റുമാരും കാബിന് ജീവനക്കാരും ഇസ്രായേല് വ്യോമാതിര്ത്തിയിലേക്കുള്ള വിമാനങ്ങളില് ജോലി ചെയ്യരുതെന്ന് ഗതാഗത- റോഡ് സുരക്ഷാ മന്ത്രാലയം ഒക്ടോബര് ഒന്നിന് വിദേശ വിമാനക്കമ്പനികളെ അറിയിച്ചു.
ഇസ്രായേലിലേക്കും അവിടെനിന്നും സര്വീസ് നടത്തുന്നവയും ഇസ്രായേല് വ്യോമാതിര്ത്തിയിലൂടെ കടന്നുപോകുന്നവയുമായ നിരവധി വിമാനക്കമ്പനികളെ പുതിയ നിയന്ത്രണം ബാധിച്ചേക്കും.
എന്നാല്, ഇസ്രായേലുമായി നയതന്ത്രബന്ധമില്ലാത്ത രാജ്യങ്ങളിലെ പൗരന്മാര്ക്ക് ഏര്പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള് ഫ്ളൈ ദുബായ് സംഭവത്തിന് മുമ്പും നിലവിലുണ്ടായിരുന്നുവെന്നാണ് റിപ്പോര്ട്ടുകള്. അവ കര്ശനമായി നടപ്പാക്കിയിരുന്നില്ലെന്നതാണ് പ്രധാന വ്യത്യാസം.
നയതന്ത്രബന്ധമില്ലാത്ത രാജ്യങ്ങളിലെ ജീവനക്കാര് ഇസ്രായേലിലേക്കുള്ള വിമാനങ്ങളില് ജോലി ചെയ്യുന്നില്ലെന്ന് ഉറപ്പാക്കാനുള്ള ഉത്തരവാദിത്വം പ്രധാനമായും വിദേശ വിമാനക്കമ്പനികള്ക്കാണ് ഇസ്രായേല് അധികൃതര് വിട്ടുനല്കിയിരുന്നത്. ജീവനക്കാരുടെ പൗരത്വം സ്വതന്ത്രമായി പരിശോധിക്കുന്ന സംവിധാനം കാര്യക്ഷമമായി നടപ്പാക്കിയിരുന്നില്ല.
ഇസ്രായേലിന്റെ ആഭ്യന്തര സുരക്ഷാ ഏജന്സിയായ ഷിന് ബെറ്റ് ഇത്തരം പരിശോധനകള് പതിവായി നടത്തിയിരുന്നില്ല. വിമാനജീവനക്കാരുടെ പട്ടികകള് വ്യവസ്ഥാപിതമായി നിരീക്ഷിക്കുന്നതിനാവശ്യമായ രഹസ്യാന്വേഷണ സംവിധാനങ്ങള് തങ്ങളുടെ പക്കല് ഇല്ലെന്ന് ഗതാഗത മന്ത്രാലയവും അംഗീകരിച്ചതായാണ് റിപ്പോര്ട്ട്.
ഇതിന്റെ ഫലമായി ഒമാന്, ഇറാന്, ഇറാഖ്, പാകിസ്താന്, ലെബനന് തുടങ്ങിയ രാജ്യങ്ങളില് നിന്നുള്ള പൈലറ്റുമാര് വര്ഷങ്ങളായി ടെല് അവീവിലേക്ക് വിമാനങ്ങള് പറത്തിയിരുന്നുവെന്നാണ് റിപ്പോര്ട്ടുകള്.
ഇസ്രായേല് നിര്ദേശം ബാധകമാകുന്ന 31 രാജ്യങ്ങളുടെ പട്ടികയില് ഭൂരിഭാഗവും മുസ്ലിം ജനസംഖ്യ കൂടുതലുള്ള രാജ്യങ്ങളാണ്. അഫ്ഗാനിസ്ഥാന്, അല്ജീരിയ, ബംഗ്ലാദേശ്, ബ്രൂണൈ, കൊമോറോസ്, ക്യൂബ, ജിബൂട്ടി, ഇന്തോനേഷ്യ, ഇറാന്, ഇറാഖ്, കുവൈത്ത്, ലെബനന്, ലിബിയ, മലേഷ്യ, മാലിദ്വീപ്, മാലി, മൗറിത്താനിയ, നൈജര്, ഉത്തര കൊറിയ, ഒമാന്, പാകിസ്താന്, ഖത്തര്, സൗദി അറേബ്യ, സൊമാലിയ, സുഡാന്, സിറിയ, തുണീഷ്യ, വെനസ്വേല, യെമന് എന്നിവയാണ് റിപ്പോര്ട്ടില് പരാമര്ശിച്ച രാജ്യങ്ങള്.
പുതിയ നിയന്ത്രണങ്ങളുടെ ഭാഗമായി നടപടി നേരിട്ട ആദ്യ വിമാനമായി എത്യോപ്യന് എയര്ലൈന്സിന്റെ സര്വീസാണ് റിപ്പോര്ട്ട് ചെയ്യപ്പെട്ടത്. ചൊവ്വാഴ്ച യാത്ര തുടങ്ങിയ വിമാനം ഏകദേശം ഒരു മണിക്കൂര് പിന്നിട്ടിരുന്നു. എത്യോപ്യന് വ്യോമാതിര്ത്തിയില് തുടരുന്നതിനിടെയാണ് വിമാനത്തില് ഇന്തോനേഷ്യന് പൈലറ്റുണ്ടെന്ന് തിരിച്ചറിഞ്ഞതിനെത്തുടര്ന്ന് തിരിച്ചുപോകാന് ഇസ്രായേല് അധികൃതര് നിര്ദേശിച്ചതെന്ന് ദി ജെറുസലേം പോസ്റ്റ് റിപ്പോര്ട്ട് ചെയ്തു.
തുടര്ന്ന് വിമാനം എത്യോപ്യന് തലസ്ഥാനമായ അഡിസ് അബാബയിലേക്ക് മടങ്ങി. അവിടെ പൈലറ്റിനെ മാറ്റിയശേഷം വീണ്ടും പുറപ്പെട്ട വിമാനം ടെല് അവീവില് ഇറങ്ങിയതായാണ് റിപ്പോര്ട്ട്.
